ദില്ലി: ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് ദേശീയ റോഡ് സുരക്ഷാ സമിതി. സുപ്രീംകോടതിയിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജലൈസന്‍സുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ജസ്റ്റിസ് മദന്‍ ബി ലോക്കൂറും ദീപക് മിശ്രയും അധ്യക്ഷരായ ബെഞ്ചിനെയാണ് സമിതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണനാണ് സമിതിയുടെ അധ്യക്ഷന്‍. ഡ്രൈവിംഗ് ലൈസന്‍സുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ നവംബറില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സാരഥി-4 എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും സുരക്ഷാ സമിതി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ ആര്‍ടിഒ ഓഫീസുകളേയും സംസ്ഥാനങ്ങളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ വ്യാജലൈസന്‍സുകള്‍ എടുക്കുന്നത് അസാധ്യമായി മാറുമെന്നാണ് സമിതിയുടെ കണക്കുകൂട്ടല്‍.