സ്ത്രീകളെടെയും കുട്ടികളുടെയും സുരക്ഷക്കായി യാത്രാവാഹനങ്ങളില്‍ ജിപിഎസ് സംവിധാനത്തോടെയുള്ള എമര്‍ജന്‍സി ബട്ടണ്‍ വരുന്നതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയാല്‍ വാഹനത്തിലെ ഈ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വിവരം പോലീസ് കണ്‍ട്രോള്‍റൂമിലറിയിക്കാവുന്ന സംവിധാനമാണിത്. ഇതില്‍ വിരലമര്‍ത്തിയാല്‍ അടിയന്തിര സന്ദേശം ഉടന്‍ കണ്‍ട്രോള്‍റൂമിലെത്തും. ഇതോടെ പോലീസിന് വാഹനം പിന്തുടര്‍ന്ന് പിടികൂടുക എളുപ്പമാകുമെന്നാണ് പ്രതീക്ഷ.
വാഹനത്തിന്റെ വലിപ്പം അനുസരിച്ച് ഒന്നോ അതിലധികമോ എമര്‍ജന്‍സി ബട്ടണുകള്‍ യാത്രക്കാരുടെ കൈയെത്തും ദൂരത്ത് സ്ഥാപിക്കണമെന്ന് ഗതാഗതവകുപ്പിന്‍റെ ഉത്തരവിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കുമെന്നാണ് ഗതാഗതവകുപ്പിന്റെ ഉത്തരവ്. ഓട്ടോറിക്ഷ, ടാക്സി, ബസ്, വാന്‍ തുടങ്ങി ആളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലും ഇത് സ്ഥാപിക്കണം. ഇരുചക്രവാഹനങ്ങള്‍, ഇ-റിക്ഷ, സാധനങ്ങള്‍ കയറ്റുന്ന മുച്ചക്രവാഹനങ്ങള്‍ എന്നിവയെ ഈ സംവിധാനത്തില്‍ നിന്നും ഒഴിവാക്കി.
വാഹനവും ലോഡും ഉള്‍പ്പെടെ മൂവായിരം കിലോയ്ക്ക് മുകളില്‍ ഭാരം വരുന്ന എല്ലാ ഭാരവാഹനങ്ങളിലും എമര്‍ജന്‍സി സംവിധാനം നിര്‍ബന്ധമാണ്. വാഹന നിര്‍മാതാവോ ഡീലറോ ഈ സംവിധാനം ഒരുക്കണമെന്നും ഇതുള്ള വാഹനങ്ങളേ ഇനിമുതല്‍ വില്‍ക്കാന്‍പാടുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഴയ വാഹനങ്ങളാണെങ്കില്‍ വാഹന ഉടമതന്നെയാണ് ഇത് ഘടിപ്പിക്കേണ്ടത്. ഏപ്രില്‍ ഒന്നുമുതല്‍ ഈ സംവിധാനം ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല.
