Asianet News MalayalamAsianet News Malayalam

ഡ്രൈവറുടെ ഉറക്കവും വിശപ്പും അറിയാനുള്ള യന്ത്രം കൂടി പൊലീസിന്‍റെ കൈയ്യിൽ വേണം സാറേ..!

വാഹന പരിശോധനകളിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഉപകരണം മാത്രം പോര, മറിച്ച് ഡ്രൈവറുടെ ഉറക്കവും വിശപ്പും അളക്കുന്ന ഉപകരണം കൂടി  പൊലീസിന്റെ കൈയ്യിൽ വേണം എന്നാണ് രഘുനാഥ് പലേരിയുടെ കുറിപ്പ്.  ഒരു യാത്രക്കിടെ ഡ്രൈവറുമായുള്ള സംഭാഷണമാണ് യാത്രികരുടെയും ഡ്രൈവര്‍മാരുടെയും അധികൃതരുടെയുമെല്ലാം ഹൃദയത്തില്‍ തട്ടുന്ന ഒരു കുറപ്പായി അദ്ദേഹം പോസ്റ്റ് ചെയ്‍തിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.

Face Book Post By Raghunath Paleri About Night Driving And Vehicle Checking Of Police
Author
Trivandrum, First Published Nov 8, 2018, 7:38 PM IST

Face Book Post By Raghunath Paleri About Night Driving And Vehicle Checking Of Police

പൊന്മുട്ടയിടുന്ന താറാവ്, മേലേപ്പറമ്പില്‍ ആണ്‍വീട്, ദേവദൂദന്‍, ഒന്നുമുതല്‍ പൂജ്യം വരെ തുടങ്ങി നിരവധി സിനിമകളിലൂടെ തിരക്കഥാകാരനായും സംവിധായകനായും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‍ത കലാകാരനാണ് രഘുനാഥ് പലേരി. റോഡുകളില്‍ രാത്രികാലങ്ങളിലെ പൊലീസ് പരിശോധനകളെക്കുറിച്ചുള്ള രഘുനാഥ് പലേരിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. നമ്മുടെ സുരക്ഷയ്ക്കാണ് പൊലീസ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നത്. എന്നാല്‍ ഇത്തരം വാഹന പരിശോധനകളിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഉപകരണം മാത്രം പോര, മറിച്ച് ഡ്രൈവറുടെ ഉറക്കവും വിശപ്പും അളക്കുന്ന ഉപകരണം കൂടി  പൊലീസിന്റെ കൈയ്യിൽ വേണം എന്നാണ് രഘുനാഥ് പലേരിയുടെ കുറിപ്പ്.  ഒരു യാത്രക്കിടെ ഡ്രൈവറുമായുള്ള സംഭാഷണമാണ് യാത്രികരുടെയും ഡ്രൈവര്‍മാരുടെയും അധികൃതരുടെയുമെല്ലാം ഹൃദയത്തില്‍ തട്ടുന്ന ഒരു കുറപ്പായി അദ്ദേഹം പോസ്റ്റ് ചെയ്‍തിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.

കഴിഞ്ഞ ദിവസം ഒരു സിനിമാ ചിത്രീകരണം നടക്കുന്നിടത്തു നിന്നും വരുകയായിരുന്നു. രാത്രിക്ക് കുറച്ചു പ്രായമായ നേരം. ചിന്നം പിന്നം മഴ. സോഡിയം വിളക്കിൽ നേരിയ മഴ നൂലുകൾക്ക് കാഞ്ചീപുരം പട്ടിന്റെ പ്രഭ. നാലും കൂടിയ വഴിയിൽ ചുകന്ന വെളിച്ചിത്തിൽ എത്തുമ്പോഴേക്കും മഴ നേർത്തു. പട്ട് മാഞ്ഞു. യാത്രാനുവാദം കിട്ടാതെ ഏതാനും വാഹനങ്ങൾ കൂടി നിൽക്കുന്നു. സാവകാശമാണ് ശ്രദ്ധിച്ചത്. മുന്നിൽ ഒരുപിടി പോലീസുകാർ. കയ്യിൽ മദ്യപന് ഊതാനുള്ള കുഞ്ഞു യന്ത്രം. ഞാൻ വണ്ടി ഓടിക്കുന്ന ക്ഷീണിതനോട് ചോദിച്ചു. 

''ഊതീട്ട് പോവാം അല്ലേ.'' 
അവൻ ചിരിച്ചു.
മുന്നിലേക്ക് വന്ന യന്ത്രത്തിൽ ആത്മവിശ്വാസത്തോടെ ഊതി.
യന്ത്രം ശാന്തം.
പോലീസ് അടുത്ത മുഖത്തിന് നേരെ നീങ്ങി.

വാഹനം മുന്നോട്ടെടുക്കേ ക്ഷീണിതൻ പറഞ്ഞു.
''വളരെ നല്ല കാര്യമാണ്. മദ്യപിച്ച് വാഹനം ഓടിച്ച് എത്രയാ അപകടങ്ങൾ. ഞാനും ഒരിക്കൽ പെട്ടിട്ടുണ്ട്.''
''നീ കുടിച്ച് ഓടിച്ചോ..?''
''ഞാനല്ല കുടിച്ചത്. ഓടിച്ച ആൾ.''

അവന്റെ വാക്കുകളിൽ നിന്നും ഞാനാ അപകടം മനസ്സിൽ കണ്ടു. ഇന്നോവ വാഹനം. അഞ്ചുപേരിൽ അവനും. ഓടിക്കാമെന്ന് പറഞ്ഞിട്ടും അവനെ സമ്മതിച്ചില്ല. ഓടിക്കുന്നവൻ കരാട്ടെ ബ്ലൂ ബെൽറ്റ് ആയിരുന്നു, തലയിലേക്ക് കയറിയ ലഹരി കാരണം എവിടെയോ നീല ബെൽറ്റ്കാരൻ ലൂസായതും കരാട്ടെ അറിയാത്ത ഇന്നോവ മുന്ന് മലക്കം മറിഞ്ഞ് നിരത്തിൽ നിന്നും തെന്നി ഇനി വയ്യെന്ന് പറഞ്ഞ് വയലിലേക്ക് ഒതുങ്ങി കിടന്നു.

ഇന്നോവ വേഗം റിപ്പയർ ചെയ്തു കിട്ടി. കുലുങ്ങി ത്തരിച്ച് ബോധം പോയി ഒതുങ്ങിയവർ റിപ്പയർ കഴിഞ്ഞിറങ്ങാൻ രണ്ടു വർഷത്തോളം എടുത്തു.
എന്നാലും അത്രക്കങ്ങട്ട് വൃത്തിയായില്ല.

വിശപ്പ് കാരണം തട്ടു കടക്ക് മുന്നിൽ നിർത്തി ദോശ പറഞ്ഞ് അവൻ ഇടം കൈ കാണിച്ചു തന്നു. ഒരു ചെറിയ വളവ്. വളവിൽ പതിയെ തടവി നോക്കിയപ്പോൾ കൈ മുട്ടിന്നരികിലായി ഒരു ഹമ്പും. 
ആശ്വാസത്തിനായി ഒന്നു കെട്ടിപ്പിടിച്ചു.
ഓർമ്മകൾ വേദനിപ്പിക്കുമ്പോൾ അതല്ലാതെ വേറെ ഫസ്റ്റ് എയ്ഡ് ഒന്നും ഇല്ലല്ലൊ.

വീണ്ടും ദോശക്ക് പാത്രം നീട്ടുമ്പോൾ അവൻ ഒന്നു കൂടി പറഞ്ഞു.
''മദ്യം മാത്രം അല്ല സാറേ. ഉറക്കവും വിശപ്പും പ്രശ്‌നമാണ്. ഡ്രൈവർക്ക് ഉറക്കം ഉണ്ടോന്നും വിശക്കുന്നുണ്ടോന്നും കൂടി അറിയാനുള്ള യന്ത്രം പൊലീസിന്റെ കയ്യിൽ വേണം. ഊതിയാൽ അതും കൂടി യന്ത്രം വിളിച്ചു പറയണം. ഉറക്കം ഉണ്ടെങ്കിൽ അന്നേരം തന്നെ പിടിച്ചിറക്കി ഉറങ്ങാൻ പറയണം. വിശപ്പുണ്ടെന്ന് യന്ത്രം പറഞ്ഞാൽ, പൈസ ഇല്ലെങ്കിൽ, രണ്ട് പൊറയോട്ടയെങ്കിലും ജീപ്പീന്ന് എടുത്തു കൊടുക്കണം.'' അത് തികച്ചും സത്യസന്ധമായൊരു അപേക്ഷയാണെന്ന് എനിക്കും തോന്നി. വഴിയുണ്ടാകും.

Follow Us:
Download App:
  • android
  • ios