കോംപാക്റ്റ് എസ്‌യുവി നെക്സോൺ, ഹാച്ച്ബാക്കായ ടിയാഗോ, ചെറു സെഡാൻ ടിഗോർ എന്നിവയുടെ  പുതുക്കിയ പതിപ്പുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‍സ്. വാഹനത്തിന്‍റെ ഔദ്യോഗിക ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. 

ബിഎസ് 6 പാലിക്കുന്നവയാണ് പുതിയ മൂന്ന് കാറുകളും. ടാറ്റയുടെ ബിഎസ് 6 പാലിക്കുന്ന ആദ്യ കാറുകളാണ് പരിഷ്‌കരിച്ച നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ എന്നിവ. മൂന്ന് മോഡലുകളും ഈ മാസം വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഡിസൈന്‍, പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത കാറുകള്‍ വരുന്നത്. മൂന്ന് കാറുകളിലും കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. 

ഹാരിയറിലൂടെ അരങ്ങേറിയ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഇംപാക്റ്റ് ഡിസൈന്‍ 2.0 ഡിസൈന്‍ ഭാഷയിലാണ് മൂന്ന് മോഡലുകളും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. നെക്‌സോണ്‍ ഫേസ്‌ലിഫ്റ്റ്, നെക്‌സോണ്‍ ഇവി മോഡലുകളുടെ രൂപകല്‍പ്പന ഏറെക്കുറേ സമാനമാണ്. നെക്സോൺ ഇലക്ട്രിക്കിനോടാണ് പുതിയ നെക്സോണിന് സാമ്യം.

പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിനോടാണ് ടിഗോറിനും ടിയാഗോയ്ക്കും സാമ്യം. ആള്‍ട്രോസ് ഹാച്ച്ബാക്കില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ടിയാഗോ, ടിഗോര്‍ മോഡലുകളുടെ മുഖം. പുതുക്കിപ്പണിത ഹെഡ്‌ലൈറ്റുകള്‍, പുതിയ ഗ്രില്‍ എന്നിവ പുതിയ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ നല്‍കിയിരിക്കുന്നു. പുതിയ ടിഗോറിന്റെ മുന്നിലെ ബംപറില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. മൂന്ന് കാറുകളുടെയും കാബിനിലും മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഇന്റീരിയറിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെക്സോണില്‍ ബിഎസ് ആറ് നിലവാരത്തിലുള്ള 1.2 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാണ്. എന്നാല്‍ന ടിഗോറിലും ടിയാഗോയിലും പെട്രോൾ എൻജിനുകള്‍ മാത്രമേ ഉണ്ടാകൂ. കൂടുതൽ വിവരങ്ങൾ ടാറ്റ പുറത്തിവിട്ടിട്ടില്ല. എങ്കിലും മൂന്ന് മോഡലുകളുടെയും എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 

നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ 26 മോഡലുകളെ ടാറ്റ മോട്ടോഴ്‌സ് അണിനിരത്തുന്നുണ്ട്. അപ്പോള്‍ ഈ മൂന്ന് മോഡലുകളും ഉണ്ടായിരിക്കും. ബിഎസ് 6 പാലിക്കുന്ന പുതിയ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ കാറുകള്‍ക്ക് നിലവിലെ ബിഎസ് 4 മോഡലുകളേക്കാള്‍ വില വര്‍ധിക്കുമെന്നും സൂചനയുണ്ട്.

ഈ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. 11,000 രൂപയാണ് ബുക്കിംഗ് തുക. ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകളിലോ അതാത് മോഡലുകളുടെ വെബ്‌സൈറ്റിലോ ബുക്കിംഗ് നടത്താം.