യുഎഇയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് റോഡ് വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. ദുബായില്‍ 28വാഹാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയിലും ദുബായിലും രാവിലെ അനുഭവപ്പെട്ട മൂടല്‍മഞ്ഞ് റോഡ് വ്യോമ ഗതാഗതം താറുമാറാക്കി. അബുദാബി ദുബായി വിമാനതാവളങ്ങളിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങള്‍ സമയം തെറ്റി സര്‍വീസ് നടത്തിയത് യാത്രക്കാരെ ബുധിമുട്ടിലാക്കി. രാവിലെ ഒമ്പതുമണിക്കുശേഷമാണ് മിക്കറോഡുകളിലും ഗതാഗതം സാധാരണനിലയിലായത്.

പോലീസ് പട്രോളിംഗും ഗതാഗത നിയന്ത്രണവും ജാഗ്രതയോടെ നിര്‍വഹിച്ചെങ്കിലും ദുബായില്‍ 28വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. എമിറേറ്റ്സ് റോഡിലാണ് അപകടം നടന്നതെന്ന് ദുബായി പോലീസ് ട്രാഫിക് ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടര്‍ അറിയിച്ചു. അബുദാബി എമിറേറ്റ്സിലെ ഉള്‍പ്രദേശങ്ങളിലും മഞ്ഞു വീഴ്ച ശക്തമായിരുന്നു, ബനിയാസ്, ഷഹാമ, അലൈന്‍ ഭാഗത്തേക്കുള്ള റോഡുകളിലെല്ലാം മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ വേഗത കുറച്ചായിരുന്നു സഞ്ചരിച്ചത്. നാളെയും മൂടല്‍മഞ്ഞിന് വാസാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവജാഗ്രതപാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി. പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളില്‍ റോഡരുകില്‍ വാഹനം നിര്‍ത്തിയിടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.