പുത്തന്‍ മാരുതി സ്വിഫ്റ്റിനായ വാഹനവിപണി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞ് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. ജനപ്രിയവാഹനമായ ഫിഗോയുടെ പരിഷ്‍കരിച്ച മോഡലുമായിട്ടാണ് ഫോര്‍ഡ് എത്തുന്നത്. ഇന്റീരിയറിനും എക്സ്റ്റീരിയറിനും ലഭിച്ച കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് പുതിയ ഫിഗോയുടെ വലിയ പ്രത്യേകളിലൊന്ന്.

69 bhp, 84 bhp എന്നീ ട്യൂണിംഗുകളിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെയാണ് പുതിയ ഫിഗൊയില്‍ ഫോര്‍ഡ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ 95 bhp ട്യൂണിംഗിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പിനെയും അവതരിപ്പിച്ചേക്കും.

വലിയ ഹെഡ്‌ലൈറ്റുകളും ക്രോം വലയത്തിലുള്ള പരിഷ്‌കരിച്ച ഫ്രണ്ട് ഗ്രില്ലും ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെ വേറിട്ടതാക്കുന്നു. പരിഷ്‍കരിച്ച ഡാഷ്ബോര്‍ഡ്, 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയൊക്കെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ പ്രത്യേകതകളാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ക്ക് ഒപ്പമുള്ള ഫോര്‍ഡ് Sync3 ടെക്‌നോളജിയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ പ്രത്യേകത.

2018 രണ്ടാം പാദത്തോടെ തന്നെ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ തീരമണയുമെന്നാണ് പ്രതീക്ഷ. വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി അഞ്ചു ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെ യാകും വില.