ആധുനിക ഡിസൈൻ, പുത്തൻ സാങ്കേതികവിദ്യ, ഒന്നിലധികം പവർട്രെയിനുകൾ എന്നിവയുമായി ടാറ്റ സിയറ 2025-ൽ തിരിച്ചെത്തുന്നു. ട്രിപ്പിൾ-സ്ക്രീൻ സജ്ജീകരണം, നാല് സീറ്റർ ലോഞ്ച് വേരിയന്റ്, പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ, ഓൾവീൽ ഡ്രൈവ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

2025 ലെ ദീപാവലി സീസണിൽ ടാറ്റ സിയറ നെയിംപ്ലേറ്റ് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആധുനിക ഡിസൈൻ ഭാഷ, പുതിയ കാലത്തെ സാങ്കേതികവിദ്യ, ഒന്നിലധികം പവർട്രെയിനുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പുതിയ അവതാരത്തിലാണ് ഈ എസ്‌യുവി തിരിച്ചെത്തുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയെ വെല്ലുവിളിച്ച് 2025 ഒക്ടോബറിൽ ഇത് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരും മാസങ്ങളിൽ സിയറയുടെ വില ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും, ഇതിന് 14 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ഇതാ ഈ വാഹനത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം.

ട്രിപ്പിൾ-സ്ക്രീൻ സജ്ജീകരണം

ടച്ച്‌സ്‌ക്രീൻ, എംഐഡി, പാസഞ്ചർ സ്‌ക്രീൻ എന്നിവ ഉൾപ്പെടെ ഫ്ലോട്ടിംഗ് ട്രിപ്പിൾ സ്‌ക്രീനുകൾ ഉൾക്കൊള്ളുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും ടാറ്റ സിയറ എന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. ഓരോ ഡിസ്‌പ്ലേയും ഏകദേശം 12.3 ഇഞ്ച് വലുപ്പമുള്ളതായിരിക്കും.

നാല് സീറ്റർ ലോഞ്ച് വേരിയന്റ്

ടാറ്റ സിയറ ഇവി കൺസെപ്റ്റ് 5-സീറ്റർ, 4-സീറ്റർ കോൺഫിഗറേഷനുകളോടെയാണ് പ്രദർശിപ്പിച്ചത്. ഈ ലേഔട്ടുകൾ ഉൽപ്പാദനത്തിലേക്ക് വരാൻ സാധ്യതയുണ്ട്. 4-സീറ്റർ ലോഞ്ച് പതിപ്പിൽ വിശാലമായ രണ്ട് പിൻ സീറ്റുകൾ ഉണ്ടായിരിക്കും. വിശാലമായ ലെഗ്‌റൂം വാഗ്ദാനം ചെയ്യുന്നു. കൺസെപ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന സീറ്റുകൾ ആഴത്തിൽ കോണ്ടൂർ ചെയ്തതും ഓട്ടോമൻ ഫംഗ്ഷനോടുകൂടിയതുമായിരിക്കും. മടക്കാവുന്ന ട്രേ ടേബിളുകൾ, ആം റെസ്റ്റുകൾ, പിൻ സീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, ഫോൺ ചാർജറുകൾ, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ തുടങ്ങിയവയും എസ്‌യുവി വാഗ്ദാനം ചെയ്യും.

ടാറ്റ സിയറ ലോഞ്ച് തീയതി

ഒരു പ്രീമിയം ഉൽപ്പന്നമായതിനാൽ പനോരമിക് സൺറൂഫ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ഹാർമൻ സൗണ്ട് സിസ്റ്റം, പ്രകാശിതമായ ടാറ്റ ലോഗോയുള്ള ഹാരിയറിൽ നിന്നുള്ള ഫോർ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്‍റ് ലൈറ്റുകൾ, 360-ഡിഗ്രി ക്യാമറകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS സ്യൂട്ട്, 6 എയർബാഗുകൾ തുടങ്ങി നിരവധി നൂതന ഫീച്ചറുകൾ സിയറയിൽ ഉണ്ടാകും.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ ഓൾവീൽ ഡ്രൈവ്

സിയറ ഇവിയിൽ ഹാരിയർ ഇവിയിൽ നിന്ന് പവർട്രെയിനുകളും ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു . പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഈ എസ്‌യുവിയിൽ ലഭ്യമാകും, മിക്കവാറും 1.5 ലിറ്റർ ടർബോചാർജ്ഡ് മോട്ടോറുകൾ ഇതിൽ ഉൾപ്പെടും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നിവ ഇതിൽ ലഭ്യമാകും.

ആക്ടി ഡോട്ട് ഇവി ആൻഡ് അറ്റ്‍ലസ് പ്ലാറ്റ്‌ഫോമുകൾ

പഞ്ച് ഇവിയും കർവ്വ് ഇവിയും നിർമ്മിച്ച ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ടാറ്റ സിയറ ഇവിയുടെ നിർമ്മാണം. എങ്കിലും, എസ്‌യുവിയുടെ ഐസിഇയിൽ പ്രവർത്തിക്കുന്ന പതിപ്പ് അറ്റ്‍ലസ് ആർക്കിടെക്ചറിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.