ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ പുതിയ തലമുറ ഓഡി ക്യു3 അവതരിപ്പിച്ചു. ദീപാവലിക്ക് വിപണിയിലെത്തുന്ന ഈ മോഡൽ, അടിമുടി മാറ്റങ്ങളോടെയാണ് വരുന്നത്; പുതിയ ഗ്രില്ലും, മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളും, പരിഷ്കരിച്ച അകത്തളവും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ പുതിയ തലമുറ ഓഡി ക്യു3 അവതരിപ്പിച്ചു. മൂന്നാം തലമുറ ക്യു3യുടെ ഇന്ത്യയിലെ അരങ്ങേറ്റമാണ് മുംബൈയിൽ നടന്നത്. ഈ വർഷത്തെ ദീപാവലി ഉത്സവകാലത്ത് വാഹനം ഔദ്യോഗികമായി വിപണിയിലെത്തും. മെഴ്‌സിഡസ് ബെൻസ് ജി.എൽ.എ, ബി.എം.ഡബ്ല്യു എക്സ്1 തുടങ്ങിയ മോഡലുകളുമായാണ് പുതിയ ഓഡി ക്യു3 മത്സരിക്കുക. വാഹനത്തിന്റെ ഔദ്യോഗിക വില വിൽപ്പന ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരിക്കും പ്രഖ്യാപിക്കുക. ഏകദേശം 60 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.
രൂപത്തിൽ അടിമുടി മാറ്റം
മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ആധുനികവും ശ്രദ്ധേയവുമായ രൂപകൽപ്പനയാണ് പുതിയ ക്യു3യ്ക്ക് ലഭിച്ചിരിക്കുന്നത്. മുൻഭാഗത്ത് വലുപ്പമേറിയ സിംഗിൾ ഫ്രെയിം ഗ്രില്ലും വിശാലമായ ഹണികോമ്പ് മാതൃകയിലുള്ള എയർ ഡാമും നൽകിയിട്ടുണ്ട്. കൂടുതൽ ഷാർപ്പായിട്ടുള്ള ഹെഡ്‌ലൈറ്റുകൾക്കും രൂപകൽപ്പനയിൽ മാറ്റം വരുത്തിയ ബോണറ്റിനും പുറമെ വാഹനത്തിന്റെ മുൻഭാഗത്തിന് കൂടുതൽ സ്പോർട്ടി ഭാവവും നൽകിയിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ മൈക്രോ-എൽ.ഇ.ഡി ഘടകങ്ങളുള്ള മാട്രിക്സ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളാണ് ലഭിക്കുക. 23 പ്രത്യേക സെഗ്മെന്റുകളുള്ള ഡേടൈം റണ്ണിങ് ലൈറ്റുകളും ഉയർന്ന വേരിയന്റുകളുടെ സവിശേഷതയാണ്.
ഒ.എൽ.ഇ.ഡി പിൻ ലൈറ്റുകളും പുതിയ അലോയ് വീലുകളും
പുതിയ ക്യു3യുടെ പിൻഭാഗത്തും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ഡിജിറ്റൽ ഒ.എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, വാഹനത്തിന്റെ മുഴുവൻ വീതിയിലും നീളുന്ന ലൈറ്റിങ് ഘടകം, പുതിയ രൂപത്തിലുള്ള അലോയ് വീലുകൾ എന്നിവ ലഭിക്കും. ബോഡി നിറത്തിലുള്ള സൈഡ് ക്ലാഡിങ്, റൂഫ് റെയിലുകൾ, പ്രകാശിക്കുന്ന ഓഡി ലോഗോ, ബോഡി നിറത്തിലുള്ള പിൻ ബമ്പർ എന്നിവയും ഡിസൈൻ സവിശേഷതകളാണ്. സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റും വ്യാജ എയർ വെന്റുകളും പിൻഭാഗത്തെ കൂടുതൽ കരുത്തുറ്റ രൂപം നൽകുന്നു. പുതിയ ക്യു3യ്ക്ക് 4,531 മില്ലിമീറ്റർ നീളവും 1,859 മില്ലിമീറ്റർ വീതിയും 1,623 മില്ലിമീറ്റർ ഉയരവും ലഭിക്കും. വീൽബേസ് 2,581 മില്ലിമീറ്ററാണ്.
അകത്തളത്തിലും പുതിയ മാറ്റങ്ങൾ
ക്യാബിനിൽ പൂർണമായും പരിഷ്‍കരിച്ച ഡാഷ്ബോർഡാണ് പ്രധാന മാറ്റം. ഗിയർ സെലക്ടറിന്റെ സ്ഥാനം മാറ്റിയിട്ടുണ്ട്. പുതുക്കിയ ഡിജിറ്റൽ ഇന്റർഫേസിനൊപ്പം മുൻവശത്ത് ശബ്ദം കുറയ്ക്കുന്ന ഗ്ലാസും ലഭിക്കും. ലെൻ അസിസ്റ്റൻസ് സംവിധാനങ്ങളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഉൾപ്പെടെയുള്ള ഡ്രൈവിങ് സഹായ സാങ്കേതികവിദ്യകളും പരിഷ്‍കരിച്ചിട്ടുണ്ട്.
എൻജിനിൽ മാറ്റമില്ല
പുതിയ തലമുറ ക്യു3യുടെ മെക്കാനിക്കൽ സംവിധാനത്തിൽ കാര്യമായ മാറ്റങ്ങളില്ല. രണ്ട് ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിൽ തുടരുന്നത്. ഏഴ് സ്‍പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന എൻജിൻ 204 കുതിരശക്തിയും 320 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും. ഓഡിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.1 സെക്കൻഡ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം. പരമാവധി വേഗത മണിക്കൂറിൽ 229 കിലോമീറ്ററാണ്. ദീപാവലി കാലത്ത് വിപണിയിലെത്തുന്നതോടെ പുതിയ ക്യു3 ഇന്ത്യയിലെ ആഡംബര കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കൂടുതൽ ശക്തമായ മത്സരം സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


