Asianet News MalayalamAsianet News Malayalam

ബെന്‍റ്‍ലി ബെന്റെയ്‍ഗ പുത്തന്‍ പതിപ്പ് അവതരിപ്പിച്ചു

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്നറിയപ്പെടുന്ന ഈ വാഹനം 2016-ല്‍ ആണ് ആദ്യമായി പുറത്തിറങ്ങിയത്

Bentley Bentayga New Look Released
Author
London, First Published Jul 5, 2020, 6:59 PM IST

ലണ്ടന്‍: ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ബെന്റ്‌ലിയുടെ എസ്‌യുവി മോഡലായ ബെന്റെയ്ഗയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്നറിയപ്പെടുന്ന ഈ വാഹനം 2016-ല്‍ ആണ് ആദ്യമായി പുറത്തിറങ്ങിയത്. ഈ എസ്‌യുവിയുടെ ആദ്യത്തെ മുഖം മിനുക്കലാണിത്. പുതിയ മോഡല്‍ 2021 -ഓടെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ മോഡലില്‍ ആറ് ലിറ്റര്‍ W12 എന്‍ജിനാണ് കരുത്തേകിയിരുന്നത്. എന്നാല്‍ 4.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

നിരവധി മാറ്റങ്ങളോടെയാണ് ബെന്റെയ്ഗയുടെ രണ്ടാം വരവ്. പുതിയ ബെന്റെയ്ഗയ്ക്ക് ബെന്റ്‌ലി അടുത്തിടെ പുറത്തിറക്കിയ കോണ്ടിനെന്റല്‍ ജിടി, ഫ്‌ളൈങ്ങ് സ്പര്‍ തുടങ്ങിയവയോട് സമ്യമുള്ള ഡിസൈനാണ് ലഭിക്കുന്നത്. അഗ്രസീവ് ഭാവമൊരുക്കുന്ന ബംമ്പര്‍, വലിയ മാട്രിക്‌സ് ക്രോമിയം ഗ്രില്ല്, ബെന്റ്‌ലിയുടെ സിഗ്നേച്ചര്‍ ഇന്റലിജെന്റ് എല്‍ഇടി ഹെഡ്‌ലാമ്പ് എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് പുതിയ മോഡലിന് ലഭിക്കുന്നത്.

ബെന്റ്‌ലി ലോഗോയുടെ ഡിസൈനിലുള്ള എസി വെന്റ്, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോണ്‍, വുഡന്‍ പാനലിങ്‌ നല്‍കിയിട്ടുള്ളതുമായി ഡാഷ്‌ബോര്‍ഡ്, പുതുതായി ഒരുങ്ങിയ സീറ്റ്, ഡോര്‍ പാനല്‍, സ്റ്റിയറിങ്ങ് വീല്‍ എന്നിവ മുന്‍നിരയേയും, വെന്റിലേറ്റഡ് സീറ്റും 100 എംഎം വരെ ലെഗ്‌റൂം പിന്‍നിരയുമാണ് ഇന്റീരിയർ കൂടുതൽ ആകർഷകമാക്കുന്നത്. സ്റ്റിയറിംഗ് വീൽ, സ്പീക്കർ, അലോയ് വീലുകൾ, പുതിയ ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, അനലോഗ് ക്ലോക്ക്, സ്പീഡോമീറ്റർ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ തുടങ്ങിയന നിരവധി സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്.

2016ല്‍ നിരത്തിലെത്തിയതു മുതല്‍ ഇതുവരെ ആദ്യതലമുറ എസ്‌യുവിയുടെ 20,000 യൂണിറ്റുകൾ കമ്പനി ഉത്പാദിപ്പിച്ചിട്ടുണ്ടെന്ന് ബെന്റ്‌ലി അറിയിച്ചു. ആഡംബര എസ്‌യുവി ശ്രേണിയിൽ ലംബോര്‍ഗിനി ഉറൂസും റോള്‍സ് റോയിസ് കള്ളിനനും ആയിരിക്കും ബെന്റ്‌ലി ബെന്റേഗയുടെ എതിരാളികൾ.

2020 ബീജിംഗ് മോട്ടോർ ഷോയിൽ ഫെയ്‌സ്‌ലിഫ്റ്റ് ബെന്റേഗ എസ്‌യുവിയുടെ ആഗോള അവതരണം നടത്താമെന്നായിരുന്നു ബെന്റ്‌ലി തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. ബെന്റ്‌ലിയുടെ പുതിയ ബിയോണ്ട് 100 ബിസിനസ് തന്ത്രത്തിന് കീഴിൽ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യ മോഡലാണ് 2021 ബെന്റേഗ.

Follow Us:
Download App:
  • android
  • ios