Asianet News MalayalamAsianet News Malayalam

ഈ കുഞ്ഞന്‍ വമ്പനാകുമോ; സിട്രോണ്‍ അമി നിരത്തിലേക്ക്

ചെറിയ സിറ്റി കാറിന് ഫ്രാൻസിൽ ഇതുവരെ ആയിരത്തോളം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു

Citroen electric Car Ami comimg soon
Author
Paris, First Published Sep 13, 2020, 8:54 PM IST

പാരിസ്: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്‍റെ പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ അമി നിരത്തിലേക്ക്. ഈ മാര്‍ച്ചില്‍ ആഗോളം വിപണിയില്‍ അരങ്ങേറ്റം നടത്തിയ ഈ ചെറിയ സിറ്റി കാറിന് ഫ്രാൻസിൽ ഇതുവരെ ആയിരത്തോളം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഇവിയുടെഎൻട്രി ലെവൽ പതിപ്പിന് 6,000 യൂറോ അതായത് ഏകദേശം 5.22 ലക്ഷം രൂപയാണ് വില.

2019ലെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ‘അമി വണ്‍ കണ്‍സെപ്റ്റ്’ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് അമി. ഈ വര്‍ഷം ഫ്രാന്‍സില്‍ വില്‍പ്പന ആരംഭിക്കും. ലൈറ്റ് ക്വാഡ്രിസൈക്കിള്‍ എന്ന് കമ്പനി വിളിക്കുന്ന വാഹനത്തെ യൂറോപ്യന്‍ വിപണിക്കായാണ് വികസിപ്പിച്ചത്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന മനോഹര വാഹനമാണ് അമി. ഗതാഗതത്തിരക്കേറിയ നഗരങ്ങള്‍ക്ക് അനുയോജ്യമായ വലുപ്പമുള്ള വാഹനം. സിട്രണിന്റെ ഐതിഹാസിക കാറായിരുന്ന ഡ്യൂക്സ് ഷെവാക്സ് അഥവാ 2CV മോഡലിനോട് വളരെ സാമ്യമുള്ളതാണ് പുതിയ അമി ഇലക്ട്രിക്കിന്റെ രൂപകൽപ്പന.

5.5 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും 6 കിലോവാട്ട് മോട്ടോറുമാണ് സിട്രോയെന്‍ അമി ഉപയോഗിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ബാറ്ററി പാക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മതി.

പ്ലാസ്റ്റിക്കിലാണ് അമി ഇലക്ട്രിക്കിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. സിട്രോയെന്‍ അമിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2,410 എംഎം, 1,390 എംഎം, 1,520 എംഎം എന്നിങ്ങനെയാണ്. താരതമ്യേന വലിയ 14 ഇഞ്ച് ചക്രങ്ങളാണ് ടോള്‍ സ്റ്റാന്‍സ് ലഭിച്ച ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നത്. ബോഡി പാനലുകളുടെ രൂപകല്‍പ്പന ലളിതമാണ്. അതേസമയം സ്റ്റാന്‍ഡേഡായി പനോരമിക് സണ്‍റൂഫ് ലഭിച്ചു. വിന്‍ഡോകള്‍ മാന്വലായി തുറക്കണം. കാബിനില്‍, ബ്ലൂടൂത്ത് സ്പീക്കറുമായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം. ബാറ്ററിയുടെ ചാര്‍ജ് നില, റേഞ്ച്, മെയിന്റനന്‍സ് അലര്‍ട്ടുകള്‍ എന്നിവ അറിയുന്നതിന് മൊബീല്‍ ആപ്പ് ലഭിക്കും. ഏറ്റവുമടുത്ത ചാര്‍ജിംഗ് സ്റ്റേഷന്‍ എവിടെയെന്നും ആപ്പ് പറഞ്ഞുതരും. ഫുള്‍ സൈസ് കാറിന്റെ അതേ ബോഡി ഉയരവും ഡ്രൈവിംഗ് പൊസിഷനുമുള്ളതാണ് അമി എന്ന് സിട്രോയെന്‍ അവകാശപ്പെടുന്നു.

ഈ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. ഫ്രാന്‍സില്‍ പതിനാല് വയസ് തികഞ്ഞവര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിനാറ് പൂര്‍ത്തിയായവര്‍ക്കും സിട്രോയെന്‍ അമി ഓടിക്കാം.

സിട്രോണ്‍ അമി ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണമില്ല. അതേസമയം ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യന്‍ വിപണയിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 

മടങ്ങിവരവില്‍ ചേതക്കില്‍ കയറാന്‍ വൈകും? ബുക്കിംഗ് ബജാജ് വീണ്ടും നിര്‍ത്തി

Follow Us:
Download App:
  • android
  • ios