ഡൽഹി എൻസിആർ മേഖലയിലെ പഴയ ഐഷർ ട്രക്കുകളും ബസുകളും ശാസ്ത്രീയമായി പൊളിക്കുന്നതിനായി ഐഷർ ട്രക്ക്സും റോസ്മെർട്ട ഓട്ടോ റീസൈക്ലിങ്ങും തമ്മിൽ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സംവിധാനത്തിലൂടെ വാഹന ഉടമകൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും പുതിയ വാഹനം വാങ്ങുമ്പോൾ നികുതി ഇളവുകളും വായ്പാ സബ്സിഡിയും ലഭിക്കും.

ഡൽഹി എൻസിആർ മേഖലയിലെ പഴയ ഐഷർ ട്രക്കുകളും ബസുകളും ഔദ്യോഗികമായി പൊളിച്ച് പുനഃസംസ്‌കരിക്കാൻ പുതിയ സംവിധാനം. ഐഷർ ട്രക്ക്സ് ആൻഡ് ബസസും റോസ്മെർട്ട ഓട്ടോ റീസൈക്ലിങ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഇതിനായി പങ്കാളിത്തം പ്രഖ്യാപിച്ചു. പഴയ വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ, രേഖകൾ, ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ്, വാഹന പൊളിക്കൽ, പുനഃസംസ്‌കരണം തുടങ്ങിയ കാര്യങ്ങൾ പുതിയ സംവിധാനത്തിലൂടെ ഏകോപിപ്പിക്കും. ഇതോടെ അസംഘടിത മേഖലയിൽ നടക്കുന്ന വാഹന സ്ക്രാപ്പിങ്ങിന് പകരം വാഹന ഉടമകൾക്ക് ഔദ്യോഗിക മാർഗം ലഭിക്കും.

രേഖകളും ഡിജിറ്റൽ സർട്ടിഫിക്കറ്റും

റോസ്മെർട്ടയുടെ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി ശൃംഖലയിലൂടെയായിരിക്കും പ്രധാന നടപടികൾ നടക്കുക. ഐഷർ ഡീലർമാർക്കും ഉപഭോക്താക്കൾക്കും പരിവർത്തൻ പദ്ധതിയുടെ ഭാഗമായി രജിസ്ട്രേഷനും രേഖകൾ തയ്യാറാക്കുന്നതിനും സഹായം ലഭിക്കും. വാഹനം സ്ക്രാപ്പിങ് കേന്ദ്രത്തിൽ കൈമാറിയ ശേഷം ഡിജിറ്റൽ രീതിയിൽ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് നൽകും. തുടർന്ന് വാഹനത്തിലെ മലിനീകരണ ഘടകങ്ങൾ നീക്കംചെയ്ത് ശാസ്ത്രീയമായ രീതിയിൽ പൊളിക്കും. സ്റ്റീൽ, അലുമിനിയം തുടങ്ങിയ ലോഹങ്ങളും പുനഃസംസ്‌കരിക്കാവുന്ന മറ്റ് വാഹന ഘടകങ്ങളും വേർതിരിച്ചെടുക്കും.

പുതിയ വാഹനത്തിന് നികുതി ഇളവും വായ്പാ ആനുകൂല്യവും

പഴയ വാഹനം സ്ക്രാപ്പ് ചെയ്ത് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ ഗതാഗത വാഹനം വാങ്ങുന്ന യോഗ്യരായ ഉടമകൾക്ക് എൻസിടി മേഖലയിലെ പരിഷ്‍കരിച്ച വ്യവസ്ഥകൾ പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കും. 10 വർഷത്തേക്ക് റോഡ് നികുതി അല്ലെങ്കിൽ മോട്ടോർ വാഹന നികുതിയിൽ 100 ശതമാനം ഇളവ് ലഭിക്കുന്ന വ്യവസ്ഥയുണ്ട്. കൂടാതെ പുതിയ വാഹനം വാങ്ങുന്നതിനായി എടുക്കുന്ന വായ്പയുടെ പലിശയിൽ അഞ്ച് ശതമാനം വരെ സബ്‍സിഡി ലഭിക്കാനുള്ള വ്യവസ്ഥയും നിലവിലുണ്ട്.

പുനഃസംസ്‌കരണത്തിന് കൂടുതൽ പ്രാധാന്യം

വാഹനം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെയും പരിസ്ഥിതി ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ള രേഖകളും നിയന്ത്രണ നടപടികളും പങ്കാളിത്തത്തിന്റെ ഭാഗമായി കൈകാര്യം ചെയ്യും. നിയമാനുസൃതമായി പഴയ വാഹനങ്ങൾ പുനഃസംസ്‌കരിക്കുന്നതിലൂടെ ലഭിക്കുന്ന വിപുലീകരിച്ച ഉൽപാദക ഉത്തരവാദിത്ത ക്രെഡിറ്റുകൾ ബാധകമായിടത്ത് സൃഷ്ടിച്ച് കൈമാറാനും സംവിധാനമുണ്ടാകും. ഇന്ത്യയിൽ പഴയ വാഹനങ്ങളെ അസംഘടിതമായി ഉപേക്ഷിക്കുന്നതിന് പകരം രജിസ്റ്റേർഡ് വാഹന സ്ക്രാപ്പിങ് കേന്ദ്രങ്ങളിലൂടെ ശാസ്ത്രീയമായി പൊളിച്ച് പുനഃസംസ്‌കരിക്കുന്ന സംവിധാനത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.

പഴയ ട്രക്കുകളിൽ നിന്ന് സ്റ്റീലും അലുമിനിയവും വീണ്ടെടുക്കാം

പ്രത്യേകിച്ച് വർഷങ്ങളോളം ഉപയോഗിക്കുന്ന ട്രക്കുകളും ബസുകളും ഉൾപ്പെടുന്ന വാണിജ്യ വാഹന മേഖലയിൽ ഔദ്യോഗിക സ്ക്രാപ്പിങ് സംവിധാനത്തിന് പ്രാധാന്യമേറെയാണ്. പഴയ വാഹനങ്ങളിൽനിന്ന് സ്റ്റീൽ, അലുമിനിയം തുടങ്ങിയ വിലപ്പെട്ട വസ്തുക്കൾ വേർതിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കാനാകും. ഇതിലൂടെ പഴയ വാഹനങ്ങളുടെ ശാസ്ത്രീയമായ സംസ്‍കരണത്തോടൊപ്പം ഉപയോഗപ്രദമായ വസ്‍തുക്കൾ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കാനും സാധിക്കും. വാഹന ഉടമകൾക്ക് ലളിതമായ സ്ക്രാപ്പിങ് നടപടിക്രമവും കൂടുതൽ സുതാര്യമായ പുനഃസംസ്‌കരണ സംവിധാനവും ഒരുക്കുകയാണ് പുതിയ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.