2020-ൽ ഇന്ത്യയിൽ ഉൽപ്പാദനം അവസാനിപ്പിച്ച പ്രീമിയം എസ്‌യുവിയായ സിആർ-വി ഹോണ്ട വീണ്ടും വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. 2028-ഓടെ പുതിയ ഹൈബ്രിഡ് എൻജിനും ആധുനിക ഫീച്ചറുകളുമായി വാഹനം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനാണ് സാധ്യത. ഇതോടെ ഇന്ത്യൻ പ്രീമിയം എസ്‌യുവി വിപണിയിൽ ഹോണ്ട തങ്ങളുടെ സാന്നിധ്യം ശക്തമാക്കും.

ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി ഹോണ്ട. 2020ൽ ഉൽപ്പാദനം അവസാനിപ്പിച്ച പ്രീമിയം എസ്‌യുവിയായ സിആർ-വി വീണ്ടും ഇന്ത്യൻ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2028ഓടെ പുതിയ തലമുറ സിആർ-വി അവതരിപ്പിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നതെന്നാണ് സൂചന. ഇത്തവണ ശക്തമായ ഹൈബ്രിഡ് എൻജിനോടെയാകും എസ്‌യുവി എത്തുകയെന്നും പ്രതീക്ഷിക്കുന്നു. കാർടോക്ക് റിപ്പോർട്ട് പ്രകാരം, വാഹനം പൂർണമായി വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതിയിലായിരിക്കും വിൽപ്പനയ്ക്കെത്തിക്കുക. ഇതോടെ വിലയും ഉയർന്നേക്കും.

ഹോണ്ടയുടെ മുൻനിര എസ്‌യുവിയായി സിആർ-വി

നിലവിൽ ഹോണ്ടയുടെ ഇന്ത്യൻ എസ്‌യുവി നിരയിൽ ഇലിവേറ്റ്, ഇസഡ്‌ആർ-വി എന്നീ മോഡലുകളാണുള്ളത്. സിആർ-വിയുടെ തിരിച്ചുവരവ് കമ്പനിയുടെ മുൻനിര എസ്‌യുവി എന്ന സ്ഥാനം ഈ മോഡലിന് നൽകാൻ സാധ്യതയുണ്ട്. ആർ-വിയുടെ ആറാം തലമുറ മോഡൽ ആഗോള വിപണിയിൽ നിലവിൽ വിൽപ്പനയിലുണ്ട്. 2026 മോഡൽ വർഷത്തിനായി പുതുക്കിയ പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഈ പുതുക്കിയ മോഡൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ അവതരണത്തെക്കുറിച്ച് ഹോണ്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

കരുത്തേകാൻ 2.0 ലിറ്റർ ഹൈബ്രിഡ് എൻജിൻ

പുതിയ സിആർ-വിയിൽ 2.0 ലിറ്റർ, നാല് സിലിണ്ടർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളടങ്ങിയ ഇ-ഹൈബ്രിഡ് സംവിധാനവും ലഭിച്ചേക്കും. ആറ്റ്കിൻസൺ സൈക്കിളിൽ പ്രവർത്തിക്കുന്ന പെട്രോൾ എൻജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോർ വാഹനത്തിന് കരുത്ത് നൽകുകയും മറ്റൊന്ന് ജനറേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.

ഈ പവർട്രെയിനിന്റെ സംയോജിത കരുത്ത് ഏകദേശം 204 ബി.എച്ച്.പി ആയിരിക്കുമെന്നും ടോർക്ക് 334 എൻ.എം ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനത്തിനൊപ്പം ഇന്ധനക്ഷമത വർധിപ്പിക്കാനും ഹൈബ്രിഡ് സംവിധാനം സഹായിക്കും. ലക്ട്രിക് ഓൾ വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ടായേക്കും. പിൻചക്രങ്ങൾക്ക് പ്രത്യേക ഇലക്ട്രിക് മോട്ടോർ കരുത്ത് നൽകുന്ന രീതിയാണിത്. ഇതുവഴി മോശം റോഡുകളിൽ മികച്ച ഗ്രിപ്പ് ലഭിക്കാനും സഹായിക്കും.

വമ്പൻ ടച്ച്‌സ്‌ക്രീനും ആധുനിക സുരക്ഷാ സംവിധാനങ്ങളും

പുതിയ സിആർ-വിയുടെ അകത്തളത്തിൽ നിരവധി ആധുനിക ഫീച്ചറുകൾ പ്രതീക്ഷിക്കുന്നുണ്ട്. 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെട്ടേക്കും. രക്ഷയ്ക്കായി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും ലഭിക്കാനിടയുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിങ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ടാകാം. ആഗോള മോഡലിൽ 10 എയർബാഗുകൾ വരെ ലഭ്യമാണെങ്കിലും ഇന്ത്യൻ പതിപ്പിലെ ഫീച്ചറുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

2003ൽ ഇന്ത്യയിലെത്തി; 2020ൽ പിൻവാങ്ങി

2003ലാണ് ഹോണ്ട ആദ്യമായി സിആർ-വിയെ ഇന്ത്യൻ വിപണിയിലെത്തിച്ചത്. തുടർന്ന് 2006, 2013, 2018 വർഷങ്ങളിൽ പുതിയ തലമുറ മോഡലുകളും അവതരിപ്പിച്ചു. ദ്യകാലത്ത് പൂർണമായി വിദേശത്ത് നിർമിച്ചാണ് വാഹനം ഇന്ത്യയിലെത്തിച്ചിരുന്നത്. 2013ൽ ഗ്രേറ്റർ നോയിഡയിലെ പ്ലാന്റിൽ ഇറക്കുമതി ചെയ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് നിർമിക്കുന്ന രീതിയിലേക്ക് കമ്പനി മാറി. എന്നാൽ പ്ലാന്റ് അടച്ചുപൂട്ടിയതിനെത്തുടർന്ന് 2020ൽ സിആർ-വിയുടെ ഉൽപ്പാദനം അവസാനിപ്പിക്കുകയായിരുന്നു. തിയ ഹൈബ്രിഡ് പതിപ്പിലൂടെ ഇന്ത്യൻ പ്രീമിയം എസ്‌യുവി വിപണിയിൽ വീണ്ടും സാന്നിധ്യം ശക്തമാക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നതെന്നാണ് സൂചന. അവതരണ തീയതി, വില, ഇന്ത്യൻ പതിപ്പിന്റെ സവിശേഷതകൾ എന്നിവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കണം.