2026 ന്റെ രണ്ടാം പകുതിയിൽ ഹോണ്ട എലിവേറ്റ് ഹൈബ്രിഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹോണ്ട പദ്ധതിയിടുന്നു. 

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ 2023 ന്റെ രണ്ടാം പകുതിയിൽ എലിവേറ്റുമായി ഇടത്തരം എസ്‌യുവി വിപണിയിൽ പ്രവേശിച്ചു. തുടക്കത്തിൽ ഈ മോഡൽ കാർ നിർമ്മാതാവിന് ശക്തമായ വോള്യങ്ങൾ സൃഷ്‍ടിച്ചെങ്കിലും വിൽപ്പനയുടെ ആക്കം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. നിലവിൽ, എസ്‌യുവി നിരയിൽ 121bhp/145Nm, 1.5L, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ, രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകൾ - 6-സ്പീഡ് മാനുവൽ, 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് എന്നിവ ലഭ്യമാണ്.

എലിവേറ്റിനൊപ്പം ഒരു ഹൈബ്രിഡ് പവർട്രെയിൻ ചേർക്കാത്തതിന് ഹോണ്ടയെ പ്രേമികൾ നേരത്തെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ 2026 കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയിൽ (ജൂലൈ മുതൽ ഡിസംബർ വരെ) ഹോണ്ട എലിവേറ്റ് ഹൈബ്രിഡ് എസ്‌യുവി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. രാജസ്ഥാനിലെ അൽവാറിലുള്ള കമ്പനിയുടെ തപുകര നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഹോണ്ട ഹൈബ്രിഡ് എസ്‌യുവി ഉടൻ തന്നെ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കും. ഉൽപ്പാദനത്തിനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2026 ലെ ഉത്സവ സീസണിൽ വിപണിയിലെത്താൻ കമ്പനി ലക്ഷ്യമിടുന്നു.

ഹോണ്ട എലിവേറ്റ് ഹൈബ്രിഡിന്റെ പവർട്രെയിൻ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഹോണ്ട സിറ്റി ഇ:എച്ച്ഇവി ഒരു അറ്റ്കിൻസൻ 1.5L, 4-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുന്നു, രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്നു. ഒന്ന് ഇലക്ട്രിക് ജനറേറ്ററായും മറ്റൊന്ന് പ്രൊപ്പൽഷനായും പ്രവർത്തിക്കുന്നു). ഒരു ഇസിവിടി ട്രാൻസ്മിഷൻ ഉപയോഗിച്ച്, ഈ കോൺഫിഗറേഷൻ 26.5kmpl എന്ന അവകാശവാദ ഇന്ധനക്ഷമതയും ഏകദേശം 1,000km ഡ്രൈവിംഗ് റേഞ്ചും നൽകുന്നു. പുതിയ ഹോണ്ട ഹൈബ്രിഡ് എസ്‌യുവിക്ക് ഇതേ പവർട്രെയിൻ ഉപയോഗിക്കാൻ സാധ്യതയുണ്ട്. എങ്കിലും അതിന്റെ പ്രകടന കണക്കുകൾ വ്യത്യസ്തമായിരിക്കാം.

ഹോണ്ട എലിവേറ്റ് ഹൈബ്രിഡിന് സ്റ്റാൻഡേർഡ് പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം രണ്ടുലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെ വിലക്കൂടുതൽ പ്രതീക്ഷിക്കാം. നിലവിൽ, എസ്‌യുവി നിര അപെക്സ് എഡിഷൻ, ബ്ലാക്ക് എഡിഷൻ എന്നിവയുൾപ്പെടെ 21 വേരിയന്റുകളിൽ ലഭ്യമാണ്. 11.91 ലക്ഷം മുതൽ 16.73 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്സ്-ഷോറൂം വില.