ജെഎഎസ് മോട്ടോർസ്‌പോർട്ട്, ഐക്കണിക് ഒന്നാം തലമുറ ഹോണ്ട NSX-നെ 'ടെൻസി' എന്ന പേരിൽ ഒരു റെസ്റ്റോമോഡായി പുനർനിർമ്മിക്കുന്നു. കാർബൺ ഫൈബർ ബോഡി, ആധുനിക എയറോഡൈനാമിക്സ്, നാച്ചുറലി ആസ്പിറേറ്റഡ് വി6 എഞ്ചിൻ എന്നിവയോ ഈ ലിമിറ്റഡ് എഡിഷൻ കാർ എത്തും
ലോകത്തിലെ ഏറ്റവും മനോഹരവും ഐക്കണിക് സ്പോർട്സ് കാറുകളിൽ ഒന്നാണ് ഒന്നാം തലമുറ ഹോണ്ട NSX. 1990 നും 2006 നും ഇടയിൽ F1 ഇതിഹാസം അയർട്ടൺ സെന്നയുടെ തന്നെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ് ഇത്. ഇപ്പോഴിതാ ഹോണ്ടയുടെ ആഗോള ടൂറിംഗ് കാർ പ്രോഗ്രാമുകളിലെ പ്രവർത്തനത്തിന് പേരുകേട്ട ജെഎഎസ് മോട്ടോർസ്‌പോർട്ട് 1990-കളിലെ എൻഎസ്എക്‌സിന്റെ 2025 പതിപ്പിനെ വീണ്ടും സൃഷ്‍ടിച്ചിരിക്കുകയാണ്. ഡിസൈനിനായി ജെഎഎസ് മോട്ടോർസ്പോർട്സ് 1984-ൽ യഥാർത്ഥ ആശയം രൂപകൽപ്പന ചെയ്ത അതേ ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫറീനയുമായി സഹകരിക്കുന്നു.
ഒരു അൾട്രാ-ലിമിറ്റഡ് സീരീസ് പ്രൊഡക്ഷൻ കാറായി നിർമ്മിക്കുന്ന എൻഎസ്എക്സ് റെസ്റ്റോമോഡ്, 1990 തലമുറയിലെ യഥാർത്ഥ മോഡലിന് അടിസ്ഥാനമായ അതേ മൂല്യങ്ങളോടെയാണ് വികസിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു 'പുനർജന്മം' എന്നതിന്റെ ജാപ്പനീസ് പദത്തിന്‍റെ അർത്ഥം വരുന്ന ടെൻസി എന്ന പേരാണ് ഈ കാറിന് ഇട്ടിരിക്കുന്നത്. ജെഎഎസിൽ നിന്നുള്ള ആദ്യത്തെ ഉയർന്ന പെർഫോമൻസുള്ള റോഡ് കാറായിരിക്കും ഇത്. കൂടാതെ ആദ്യ തലമുറ എൻഎസ്എക്സ് ഡോണർ കാറുകളുടെ ചേസിസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
പോപ്പ്-അപ്പ് ഹെഡ്‌ലൈറ്റുകളും ഇന്റഗ്രേറ്റഡ് റിയർ സ്‌പോയിലറും, എ-പില്ലർ മൗണ്ടഡ് ഡോർ ഹാൻഡിലുകളും ഉൾപ്പെടുന്ന ടെൻസിയിൽ ഒന്നാം തലമുറ NSX-ന്റെ സ്വാധീനം കാണാൻ കഴിയും. റേസിംഗ്-പ്രചോദിതമായ എയറോഡൈനാമിക്, കൂളിംഗ് കിറ്റ്, ആധുനിക ബ്രേക്കുകൾ സ്ഥാപിക്കാൻ വലിയ വീലുകൾ, മുന്നിലും പിന്നിലും സ്ലീക്ക് ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് പിനിൻഫറീന സ്പോർട്സ് കാറിൽ അതിന്റേതായ സ്പർശങ്ങൾ നൽകിയിട്ടുണ്ട്. ബോഡി വർക്ക് കാർബൺ ഫൈബറിൽ പുനർനിർമ്മിച്ചു, ഈ ട്രീറ്റ്മെന്റ് ക്യാബിനിലേക്ക് നീളുന്നു, ജെഎഎസ് ഇതുവരെ സാങ്കേതിക വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ടെൻസിയിൽ നാച്ചുറലി ആസ്പിറേറ്റഡ് വി6 ആയിരിക്കും കരുത്ത് പകരുക എന്ന് നേരത്തെ പറഞ്ഞിരുന്നു.


