ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹൃദ സ്വഭാവവും കാരണം ഹൈബ്രിഡ് എസ്‌യുവികൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.
ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹൃദ സ്വഭാവവും കാരണം ഹൈബ്രിഡ് എസ്‌യുവികൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കി, മഹീന്ദ്ര, കിയ, റെനോ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കൾ ബഹുജന വിപണിക്കായി രൂപകൽപ്പന ചെയ്‌ത പുതുതലമുറ ഹൈബ്രിഡ് എസ്‌യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2026 ഓടെ റോഡുകളിൽ എത്താൻ പോകുന്ന മികച്ച 4 ഹൈബ്രിഡ് എസ്‌യുവികളെക്കുറിച്ച് അറിയാം.
മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്
2026-ൽ ഫ്രോങ്ക്‌സ് കോംപാക്റ്റ് ക്രോസ്ഓവറുമായി സ്വന്തം ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്നതിലൂടെ മാരുതി സുസുക്കി വലിയൊരു സാങ്കേതിക കുതിച്ചുചാട്ടം നടത്തും. പാരലൽ അല്ലെങ്കിൽ സീരീസ്-പാരലൽ സാങ്കേതികവിദ്യകൾക്ക് പകരം ലളിതവും കൂടുതൽ ചെലവ് കുറഞ്ഞതുമായ സീരീസ് ഹൈബ്രിഡ് സിസ്റ്റം ആയിരിക്കും കമ്പനി ഉപയോഗിക്കുക. മാരുതി ഫ്രോങ്ക്‌സ് ഹൈബ്രിഡിൽ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ Z12E പെട്രോൾ എഞ്ചിൻ, കോംപാക്റ്റ് ബാറ്ററി, ഇലക്ട്രിക് മോട്ടോർ എന്നിവ ഉണ്ടാകും. ഫ്രോങ്ക്‌സ് ഹൈബ്രിഡിന് 35 കിലോമീറ്ററിനുമേൽ ഇന്ധനക്ഷമത നൽകാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ.
മഹീന്ദ്ര XUV3XO ഹൈബ്രിഡ്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്ത വർഷം ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഫീച്ചർ ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായ മഹീന്ദ്ര XUV3XO അവതരിപ്പിക്കും. പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഈ എസ്‌യുവിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മഹീന്ദ്ര XUV3XO ഹൈബ്രിഡിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയും ഇന്റീരിയറും അതിന്‍റെ ഐസിഇ പതിപ്പിന് സമാനമായിരിക്കും. 'ഹൈബ്രിഡ്' ബാഡ്‍ജിംഗും കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളും പ്രതീക്ഷിക്കാം.
പുതുതലമുറ റെനോ ഡസ്റ്റർ
ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൈബ്രിഡ് എസ്‌യുവികളിൽ ഒന്നാണ് പുതുതലമുറ റെനോ ഡസ്റ്റർ . രണ്ട് ഇലക്ട്രിക് മോട്ടോറുകളും 1.2kWh ബാറ്ററി പായ്ക്കും ഉള്ള 94bhp, 1.6L പെട്രോൾ എഞ്ചിൻ ഉപയോഗിക്കാനാണ് സാധ്യത. താഴ്ന്ന വേരിയന്റുകളിൽ കിഗറിന്‍റെ 1.0L HR10 ടർബോ പെട്രോൾ ലഭിച്ചേക്കാം. കൂടാതെ 1.3L ടർബോ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്തേക്കാം. ഡസ്റ്ററിനായി ഒരു സിഎൻജി ഇന്ധന ഓപ്ഷനും റെനോ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
പുതുതലമുറ കിയ സെൽറ്റോസ്
രണ്ടാം തലമുറ കിയ സെൽറ്റോസ് മെച്ചപ്പെട്ട രൂപകൽപ്പനയും നവീകരിച്ച ഇന്റീരിയറും ഒരു ഹൈബ്രിഡ് പവർട്രെയിനുമായി വരും. എസ്‌യുവിയുടെ ഔദ്യോഗിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോള വിപണികളിൽ, കിയ 1.6 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനാണ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം നിരവധി ഓഫറുകളും ഉണ്ട്. ഇന്ത്യയിൽ നിലവിലുള്ള 1.5 ലിറ്റർ എംപിഐ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും പുതിയ സെൽറ്റോസിൽ ലഭ്യമാകും.
