മഹീന്ദ്രയുടെ പുതിയ ഓഫ്-റോഡ് ഇലക്ട്രിക് എസ്‌യുവിയായ ബിഇ റാൾ-ഇയുടെ ആദ്യ ടീസർ പുറത്തിറങ്ങി. 2025 നവംബറിൽ അരങ്ങേറ്റം കുറിക്കുന്ന ഈ മോഡൽ, ആകർഷകമായ ഡിസൈനും 550 കിലോമീറ്ററിൽ കൂടുതൽ റേഞ്ചും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

2025 നവംബർ 26 ന് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രൊഡക്ഷൻ-റെഡി ബിഇ റാൾ-ഇ ഓഫ്-റോഡ് എസ്‌യുവിയുടെ ആദ്യ ടീസർ പുറത്തിറക്കി. മഹീന്ദ്ര XEV 9S 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിയ്‌ക്കൊപ്പം ഈ മോഡൽ ആദ്യമായി അവതരിപ്പിക്കപ്പെടും . എസ്‌യുവിയുടെ സിലൗറ്റ്, വൃത്താകൃതിയിലുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, കൺസെപ്റ്റിന് സമാനമായി കാണപ്പെടുന്ന ഒരു ചരിഞ്ഞ മേൽക്കൂര എന്നിവ ടീസർ എടുത്തുകാണിക്കുന്നു. എങ്കിലും പുരികത്തിന്റെ ആകൃതിയിലുള്ള LED ഡിആ‍ർഎല്ലുകളും ഉയർത്തിയ ബോണറ്റും BE 6 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

കൺസെപ്റ്റിൽ നിന്ന് വ്യത്യസ്തമായി, പ്രൊഡക്ഷൻ-റെഡി മഹീന്ദ്ര ബിഇ ബിഇ റാൾ-ഇയിൽ സ്റ്റാർ-പാറ്റേൺ ഉള്ള എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകൾ ഉണ്ട്. കൂടാതെ റൂഫ്-മൗണ്ടഡ് കാരിയർ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ചെറിയ റൂഫ്-മൗണ്ടഡ് സ്‌പോയിലർ, എൽഇഡി ലൈറ്റ് ബാറുകൾ, ടെയിൽഗേറ്റിൽ മഹീന്ദ്രയുടെ സിഗ്നേച്ചർ ഇലക്ട്രിക് ലോഗോ എന്നിവയാൽ പിൻഭാഗം സ്‌പോർട്ടി ആയി കാണപ്പെടുന്നു. അളവുകളിൽ, മഹീന്ദ്ര ബിഇ റാൾ-ഇ അതിന്റെ കൺസെപ്റ്റിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കും.

പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഡാഷ്‌ബോർഡ് ഡിസൈൻ, പ്രകാശിതമായ 'BE' ലോഗോയുള്ള രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്രൈവർക്കും മുൻ യാത്രക്കാരനും ഇടയിൽ ഒരു എയർക്രാഫ്റ്റ്-സ്റ്റൈൽ ട്രിം, ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേ സജ്ജീകരണം തുടങ്ങിയ ഘടകങ്ങൾ BE 6 മായി പ്രൊഡക്ഷൻ-റെഡി പതിപ്പ് പങ്കിടാൻ സാധ്യതയുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ, മഹീന്ദ്ര ബിഇ റാൾ-ഇയിൽ ഓഗ്മെന്റഡ് റിയാലിറ്റി എച്ച്‍യുഡി, ഒന്നിലധികം നിറങ്ങളിലുള്ള ആംബിയന്‍റ് ലൈറ്റിംഗ്, ഓട്ടോ ലെയ്ൻ ചേഞ്ച്, ഫ്രണ്ട് ആൻഡ് റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, സീറ്റ് അപ്ഹോൾസ്റ്ററി, റിയർ എസി വെന്റുകൾ, ലെവൽ 2 എഡിഎഎസ്, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

വരാനിരിക്കുന്ന മഹീന്ദ്ര ബിഇ റാൾ-ഇ, BE 6 മോഡലുമായി 59kWh, 79kWh ബാറ്ററി പായ്ക്കുകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ ബാറ്ററി പതിപ്പ് പരമാവധി 231bhp പവറും 380Nm ടോർക്കും നൽകുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് 286bhp ഉം 380Nm ഉം ഉത്പാദിപ്പിക്കുന്നു. 59kWh, 79kWh ബാറ്ററി പായ്ക്കുകളുള്ള BE 6 യഥാക്രമം 556 കിലോമീറ്ററും 682 കിലോമീറ്ററും സഞ്ചരിക്കുമെന്ന് അവകാശപ്പെടുന്നു. ബിഇ റാൾ-ഇയുടെ ഡ്രൈവിംഗ് റേഞ്ച് ഒരു ചാർജിൽ 550 കിലോമീറ്ററിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.