ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇലക്ട്രിക് ഓട്ടോ വഴിപാടായി സമർപ്പിച്ചു മഹീന്ദ്ര. പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ ആണ് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഓട്ടോ ഏറ്റുവാങ്ങി. മുമ്പും മഹീന്ദ്ര ക്ഷേത്രത്തിലേക്ക് വാഹനങ്ങൾ വഴിപാടായി സമർപ്പിച്ചിട്ടുണ്ട്.
ഗുരുവായൂർ: ഗുരുവായൂരപ്പന് പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ വഴിപാടായി സമർപ്പിച്ചു മഹീന്ദ്ര. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഓട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ആറു വർഷം വാറണ്ടിയുള്ള ഓട്ടോയ്ക്ക് ഒറ്റച്ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോർ എം ഡി അശോക് കുമാർ, ദേവസ്വം പർച്ചേസ് ഡിഎ കെ എസ് മായാദേവി, മാനേജർമാരായ കെ എം വിനോദൻ, കെ ജി സുരേഷ് കുമാർ, ക്ഷേത്രം അസി. മാനേജർമാരായ എ വി പ്രശാന്ത്, സി ആർ ലെജുമോൾ, വെഹിക്കിൾ സൂപ്പർവൈസർ സതീശൻ എന്നിവർ സന്നിഹിതരായി.
ഇതാദ്യമായല്ല, മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വാഹനങ്ങൾ വഴിപാടായി സമർപ്പിക്കുന്നത്. നേരത്തെ, മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ എക്സ്‍യുവി 700 ഉം ലിമിറ്റഡ് എഡിഷൻ ഥാറും ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു. കൂടാതെ, മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയും ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
വാഹനങ്ങളും ആഭരണങ്ങളുമടക്കം വിവിധ വസ്തുക്കളാണ് ഗുരുവായൂരപ്പന് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്. കഴിഞ്ഞ മാസം തിരുവനന്തപുരത്തു നിന്നുള്ള ഭക്തർ ക്ഷേത്രത്തിലേക്ക് ചന്ദനം അരക്കുന്ന ഉപകരണം സമർപ്പിച്ചിരുന്നു. ജൂൺ മാസം തിരുപ്പൂരിൽ നിന്നുള്ള വ്യവസായി 37 പവനോളം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണക്കിരീടവും നന്തിലത്ത് ഗ്രൂപ്പ് ഉടമ 25 പവനോളം തൂക്കം വരുന്ന സ്വർണക്കിരീടവും വഴിപാടായി സമർപ്പിച്ചിരുന്നു. അതേ മാസം കോയമ്പത്തൂർ സ്വദേശിയായ ഭക്തൻ വാട്ടർ കൂളറും ഫ്രീസറും വഴിപാടായി നൽകിയിട്ടുണ്ട്.


