ഉത്സവ സീസണിന് മുന്നോടിയായി മാരുതി സുസുക്കി എർട്ടിഗയെ പുതിയ ഫീച്ചറുകളോടെ പരിഷ്കരിച്ചു. പുതിയ റൂഫ് സ്പോയിലർ, മാറ്റങ്ങൾ വരുത്തിയ എസി വെന്റുകൾ, യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ
ഉത്സവ സീസണിന് മുന്നോടിയായി, മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ എംപിവിയായ എർട്ടിഗയെ നിരവധി പുതിയ സവിശേഷതകളോടെ പരിഷ്‍കരിച്ചു. ഇത് മാരുതി സുസുക്കി എർട്ടിഗയെ കൂടുതൽ ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്നു. സ്റ്റൈലിലും സുഖസൗകര്യങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. പുതിയ റൂഫ് സ്‌പോയിലർ അതിന്റെ ലുക്ക് സ്‌പോർട്ടിയർ ആക്കിയിരിക്കുന്നു. എസി വെന്റുകളിലും ചാർജിംഗ് പോർട്ടുകളിലും വരുത്തിയ മാറ്റങ്ങൾ അതിനെ കൂടുതൽ പ്രായോഗികമാക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 പരിഷ്‍കാരങ്ങൾക്ക് ശേഷം എർട്ടിഗയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.80 ലക്ഷമായി കുറഞ്ഞു.
എർട്ടിഗയിൽ ഇപ്പോൾ കറുത്ത നിറങ്ങളിലുള്ള പുതിയ റൂഫ് സ്‌പോയിലർ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വേരിയന്റുകളിലും ഇത് സ്റ്റാൻഡേർഡാണ്. എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടാം നിരയിലെ എസി വെന്റുകൾ മേൽക്കൂരയിൽ നിന്ന് സെന്റർ കൺസോളിന്റെ പിൻഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചു. മൂന്നാം നിരയിൽ ഇപ്പോൾ വലതുവശത്ത് സ്വതന്ത്ര വെന്റുകൾ സജ്ജീകരിച്ചിരിക്കുന്നു. ക്രമീകരിക്കാവുന്ന ബ്ലോവർ നിയന്ത്രണങ്ങളോടെ, എല്ലാ യാത്രക്കാർക്കും മികച്ച തണുപ്പിക്കൽ അനുഭവം നൽകുന്നു.
സാങ്കേതികവിദ്യയുടെ കാര്യത്തിൽ എർട്ടിഗയ്ക്ക് കൂടുതൽ നവീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ, ആധുനിക ചാർജിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾക്കായി രണ്ട് യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ നൽകിയിട്ടുണ്ട്. അതേസമയം എർട്ടിഗയുടെ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നു. 102 ബിഎച്ച്പിയും 136.8 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എംപിവിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. എങ്കിലും, സിഎൻജി പതിപ്പ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ. 2025 ഓഗസ്റ്റിൽ, എർട്ടിഗ എസ്‌യുവി ട്രെൻഡിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി മാറി. ഈ കാലയളവിൽ 18,445 യൂണിറ്റ് എർട്ടിഗകൾ വിറ്റഴിച്ചു എന്നാണ് റിപ്പോർട്ടുകൾ.


