മാരുതി സുസുക്കി വിക്ടോറിസിന്റെ പരീക്ഷണ വാഹനം നിരത്തുകളിൽ കണ്ടെത്തിയത് ഇതിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങുമെന്ന സൂചന നൽകുന്നു. ഇ വിറ്റാരയുടെ ബാറ്ററി പാക്ക് ഉപയോഗിച്ചേക്കാവുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഉൾപ്പെടെയുള്ളവയ്ക്ക് കടുത്ത വെല്ലുവിളിയാകും. നിലവിൽ പെട്രോൾ, ഹൈബ്രിഡ്, സി.എൻ.ജി പതിപ്പുകളിൽ വിക്ടോറിസ് ലഭ്യമാണ്.
ഇന്ത്യൻ വാഹന വിപണിയിൽ ശ്രദ്ധേയമായ നേട്ടവുമായി മാരുതി സുസുക്കി വിക്ടോറിസ്. വിപണിയിലെത്തി ആദ്യ വർഷം പൂർത്തിയാകുമ്പോൾ ഏകദേശം 1.5 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് ഈ എസ്യുവി സ്വന്തമാക്കിയത്. ഇതിനിടെ, കനത്ത മറയിൽ പൊതിഞ്ഞ വിക്ടോറിസിന്റെ പരീക്ഷണ വാഹനം നിരത്തുകളിൽ കണ്ടെത്തിയത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിക്ടോറിസിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുമോ എന്നതാണ് വാഹനലോകം ഉറ്റുനോക്കുന്നത്.
പുതിയ പവർട്രെയിൻ; ഇലക്ട്രിക് പതിപ്പിനും സാധ്യത
വിക്ടോറിസിൽ പുതിയ ടർബോ പെട്രോൾ എൻജിനോ ഫ്ലെക്സ് ഫ്യുവൽ പവർട്രെയിനോ അവതരിപ്പിച്ചേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ. അതേസമയം, പൂർണ ഇലക്ട്രിക് പതിപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ ഇലക്ട്രിക് വിക്ടോറിസിനെക്കുറിച്ച് മാരുതി സുസുക്കിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
ഇ വിറ്റാരയുടെ ബാറ്ററി ലഭിക്കുമോ?
വിക്ടോറിസ് ഇ.വി. യാഥാർഥ്യമായാൽ മാരുതി സുസുക്കിയുടെ ഇ വിറ്റാരയിൽ ഉപയോഗിക്കുന്ന പവർട്രെയിൻ പങ്കുവെച്ചേക്കും. നിലവിൽ 49 കിലോവാട്ട് അവർ, 61 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ വിറ്റാര ലഭിക്കുന്നത്. ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് എ.ആർ.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ച്. രണ്ട് പതിപ്പുകളിലും ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണുള്ളത്. വിക്ടോറിസ് ഇ.വി. അവതരിപ്പിക്കുകയാണെങ്കിൽ 61 കിലോവാട്ട് അവർ ബാറ്ററി പാക്കുള്ള പതിപ്പിന് മുൻഗണന നൽകിയേക്കുമെന്നാണ് സൂചന. ഇ വിറ്റാരയ്ക്ക് സമാനമായി സബ്സ്ക്രിപ്ഷൻ, ബാറ്ററി ആസ് എ സർവീസ് പദ്ധതികളും പരിഗണിച്ചേക്കാം.
ഇലക്ട്രിക് എസ്യുവി വിപണിയിൽ മത്സരം കടുക്കും
വിപണിയിലെത്തിയാൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര ബി.ഇ. 6, എം.ജി. ഇസഡ്.എസ്. ഇ.വി., ടാറ്റ കർവ് ഇ.വി., വിൻഫാസ്റ്റ് വി.എഫ്. 6 തുടങ്ങിയ മോഡലുകളുമായിരിക്കും വിക്ടോറിസ് ഇ.വി.യുടെ പ്രധാന മത്സരം. വില, ബാറ്ററി ശേഷി, റേഞ്ച് എന്നിവയായിരിക്കും ഈ വിഭാഗത്തിൽ വാഹനത്തിന്റെ മുന്നേറ്റം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.
നിലവിൽ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ
പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ്, സി.എൻ.ജി. എന്നീ മൂന്ന് പതിപ്പുകളിലാണ് നിലവിൽ മാരുതി വിക്ടോറിസ് ലഭിക്കുന്നത്. പെട്രോൾ, സി.എൻ.ജി. പതിപ്പുകളിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാണ്. പെട്രോൾ പതിപ്പ് 103 ബി.എച്ച്.പി. കരുത്തും 139 എൻ.എം. ടോർക്കും നൽകുമ്പോൾ സി.എൻ.ജി. പതിപ്പിൽ 88 ബി.എച്ച്.പി. കരുത്തും 122 എൻ.എം. ടോർക്കുമാണുള്ളത്. പെട്രോൾ മോഡലുകൾക്ക് 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുണ്ട്. ഓട്ടോമാറ്റിക് പതിപ്പിൽ ഓൾ വീൽ ഡ്രൈവ് സംവിധാനവും ലഭ്യമാണ്. സി.എൻ.ജി. പതിപ്പിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണുള്ളത്.
ഹൈബ്രിഡിന് 28.65 കിലോമീറ്റർ മൈലേജ്
1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിൻ, ഇലക്ട്രിക് മോട്ടോർ, 0.76 കിലോവാട്ട് അവർ ബാറ്ററി എന്നിവയാണ് സ്ട്രോങ് ഹൈബ്രിഡ് പതിപ്പിലുള്ളത്. സംയുക്തമായി 116 ബി.എച്ച്.പി. കരുത്ത് നൽകുന്ന ഈ മോഡലിൽ ഇ-സി.വി.ടി. ഗിയർബോക്സാണുള്ളത്. പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക്, ഓൾ വീൽ ഡ്രൈവ് പതിപ്പുകൾ യഥാക്രമം 21.18, 21.06, 19.07 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് മാരുതിയുടെ അവകാശവാദം. ഹൈബ്രിഡ് പതിപ്പിന് 28.65 കിലോമീറ്ററും സി.എൻ.ജി. പതിപ്പിന് 27.02 കിലോമീറ്റർ/കിലോഗ്രാമുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
വിക്ടോറിസ് ഇ.വി. സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. പരീക്ഷണ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ മാരുതിയുടെ പുതിയ ഇലക്ട്രിക് എസ്യുവിയെക്കുറിച്ചുള്ള ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില: നിലവിലെ മാരുതി വിക്ടോറിസിന്റെ എക്സ്ഷോറൂം വില 10.5 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെ.







