എംജി മോട്ടോർ ഇന്ത്യ സൈബർസ്റ്റർ സ്പോർട്സ് കാറും എം9ഉം മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. ഈ വർഷം ആദ്യ പകുതിയിൽ വിപണിയിൽ എത്താൻ സാധ്യതയുള്ള ഈ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു.
ചൈനീസ് വാഹന ബ്രാൻഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ നിരവധി പുതിയ മോഡലുകൾ പ്രദർശിപ്പിച്ചു. ഇവയിൽ ഏറ്റവും പ്രത്യേകതയുള്ളത് സൈബർസ്റ്റർ സ്പോർട്സ് കാറും ഒരു ഇലക്ട്രിക് കൺവെർട്ടിബിൾ സ്‌പോർട്‌സ് കാറുമായിരുന്നു. ഈ രണ്ട് കാറുകളും ഈ വർഷം ആദ്യ പകുതിയിൽ വിപണിയിൽ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോർട്ടുകൾ. സൈബർസ്റ്ററും M9 ഉം ബ്രാൻഡിന്റെ പുതിയ പ്രീമിയം റീട്ടെയിൽ ശൃംഖലയായ MG സെലക്ട് വഴിയായിരിക്കും വിൽക്കുക. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, എംജി ഇന്ത്യയിലുടനീളം 12 ഡീലർ പങ്കാളികളുമായി കരാർ ഒപ്പിട്ടു.
ഇപ്പോൾ എംജി സൈബർസ്റ്ററും എം9 ഉം മുൻകൂട്ടി ബുക്ക് ചെയ്യാം. എംജി M9-ൽ 90kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. പരമാവധി 245 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എംപിവിക്ക് കഴിയും. ഒറ്റ ചാർജിൽ ഏകദേശം 430 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് വാഹനത്തിന് കഴിയും. ഈ ഇലക്ട്രിക് വാഹനത്തിന്റെ എക്സ്-ഷോറൂം വില 65 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡ്യുവൽ സൺറൂഫ് സജ്ജീകരണം, വെന്റിലേറ്റഡ് സീറ്റുകൾ, പവർഡ് സ്ലൈഡിംഗ് റിയർ ഡോർ, റിയർ എന്റർടൈൻമെന്റ് പാക്കേജ് എന്നിവ എംജി എം9 ലെ സവിശേഷതകളായി നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ട്രിപ്പിൾ-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ADAS, 360-ഡിഗ്രി ക്യാമറ, ഇഎസ്‍പി, ഓട്ടോ ഹോൾഡ്, ടിപിഎംഎസ് എന്നിവയും ഇവിയുടെ സവിശേഷതകളാണ്.
അതേസമയം എംജി സൈബർസ്റ്റർ ജിടിയിൽ 510 ബിഎച്ച്പി പരമാവധി പവറും 725 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ശക്തമായ ഡ്യുവൽ-മോട്ടോർ കോൺഫിഗറേഷൻ ഉണ്ട്. ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. പൂർണ്ണമായി ചാർജ് ചെയ്താൽ 443 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് കാറിന് സാധിക്കും.

