ടാറ്റയുടെ പുതുതലമുറ സിയറ എസ്‌യുവി പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകളിൽ ലഭ്യമാകും. താഴ്ന്ന വകഭേദങ്ങളിൽ പുതിയ 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പ്രതീക്ഷിക്കുന്നു. 

ടാറ്റ സിയറ എസ്‌യുവിയെക്കുറിച്ചുള്ള പുതിയ ചില വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിനുകൾക്കൊപ്പം പുതുതലമുറ സിയറ പുറത്തിറക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോ‍ട്ടുകൾ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളിൽ ടാറ്റയുടെ പരീക്ഷിച്ചുനോക്കിയ 1.2L NA മോട്ടോറിന് പകരം പുതിയ 1.5L നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സിയറയ്ക്ക് കുറഞ്ഞ പ്രാരംഭ വില കൈവരിക്കാൻ ഈ പവർട്രെയിൻ തന്ത്രം കമ്പനിയെ സഹായിക്കും.

സിയറയുടെ മുഖ്യ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും 115 bhp, 1.5L പെട്രോൾ, 103 bhp, 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ ക്രെറ്റ പെട്രോളിന് 12.32 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭിക്കുമ്പോൾ, ഗ്രാൻഡ് വിറ്റാര പെട്രോളിന്റെ പ്രാരംഭ വില 11.42 ലക്ഷം രൂപ ആയിരിക്കും. അതിനാൽ, സിയറയുടെ അടിസ്ഥാന വേരിയന്‍റിന് 11.50 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ടാറ്റ സിയറയുടെ ഉയർന്ന പെട്രോൾ വകഭേദങ്ങളിൽ 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ എഞ്ചിൻ ഉണ്ടായിരിക്കും. ഇത് ഹാരിയർ, സഫാരി എസ്‌യുവികൾക്കും കരുത്ത് പകരും. എന്നാൽ ടർബോചാർജ്ഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ അരങ്ങേറ്റം വൈകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ നാല് സിലിണ്ടർ എഞ്ചിൻ 5,000 ആ‍പിഎമ്മിൽ പരമാവധി 170 bhp പവറും 2,000 rpm - 3,500 rpm-ൽ 280 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എൻഎ, ടർബോ പെട്രോൾ എഞ്ചിനുകൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം വാഗ്‍ദാനം ചെയ്യും.

ടാറ്റ സിയറയിൽ ഇലക്ട്രിക് പവർട്രെയിനും ലഭിക്കും. കൂടാതെ അതിന്റെ ഇലക്ട്രിക് പതിപ്പ് ഹാരിയർ ഇവിയുമായി 65kWh LFP, 75kWh LFP ബാറ്ററികൾ പങ്കിടാൻ സാധ്യതയുണ്ട്. പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഇവി 65kWh പതിപ്പ് സിംഗിൾ മോട്ടോർ, RWD സജ്ജീകരണത്തോടെയാണ് വരുന്നത്. അതേസമയം 75kWh വേരിയന്റ് ഡ്യുവൽ മോട്ടോറുകളും എഡബ്ല്യുഡി കോൺഫിഗറേഷൻ ഓപ്ഷനുകളും ഉപയോഗിച്ച് ലഭ്യമാണ്. 75kWh ബാറ്ററി പായ്ക്ക് ചെയ്ത മോഡലിന്റെ അവകാശപ്പെടുന്ന എംഐഡിസി ശ്രേണി യഥാക്രമം 627km (RWD) ഉം 622km (AWD) ഉം ആണ്.

ഇലക്ട്രിക് സിയറയുടെ ഔദ്യോഗിക ശ്രേണി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഹാരിയർ ഇവിയെപ്പോലെ, ഉയർന്ന ട്രിമ്മുകളിൽ ഒരു ഓപ്ഷനായി സിയറ ഇവിയിൽ എഡബ്ല്യുഡി ഡ്രൈവ്ട്രെയിൻ സിസ്റ്റം ഉൾപ്പെടുത്തും.