ഫോക്‌സ്‌വാഗൺ തങ്ങളുടെ ജനപ്രിയ എസ്‌യുവി ടൈഗണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. പുതിയ ടൈഗണിൽ സൗന്ദര്യവർദ്ധക മാറ്റങ്ങൾ, പുതിയ സവിശേഷതകൾ, ADAS സുരക്ഷാ പാക്കേജ് എന്നിവ പ്രതീക്ഷിക്കാം.
ഫോക്‌സ്‌വാഗൺ തങ്ങളുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവി ടൈഗണിനെ പുതിയ രൂപത്തിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പുതിയ ടൈഗൺ ഹ്യുണ്ടായി ക്രെറ്റയുമായി മത്സരിക്കും. അടുത്ത കാലത്തായി, ഫോക്‌സ്‌വാഗൺ ടൈഗണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പരീക്ഷണ വേളയിൽ ഇന്ത്യൻ റോഡുകളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത്തവണ കമ്പനി പ്രധാനമായും സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തുമെന്നും ചില പുതിയ സവിശേഷതകൾ ചേർക്കുമെന്നും പ്രതീക്ഷിക്കുന്നു. ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ് 2026 ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോട്ടുകൾ. പരീക്ഷണത്തിനിടെ പുറത്തുവന്ന ചിത്രങ്ങളിൽ, ടൈഗണിന്‍റെ മുൻ പിൻ വശങ്ങൾ മറച്ചനിലയിൽ ആയിരുന്നു.
ഡിസൈനിലെ പ്രധാന മാറ്റങ്ങൾ മുന്നിലെയും പിന്നിലെയും ബമ്പറുകളിലും ഹെഡ്‌ലാമ്പ് ടെയിൽ ലാമ്പുകളിലുമായിരിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത് . ഇതോടൊപ്പം, കാറിന്റെ ബോഡി ഷീറ്റ് മെറ്റലിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകണമെന്നില്ല. കാറിന്റെ ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോൾ, പുതിയ കളർ ഓപ്ഷനുകൾ, അപ്ഹോൾസ്റ്ററി, അപ്‌ഡേറ്റ് ചെയ്ത സവിശേഷതകൾ എന്നിവയും ഇതിൽ കാണാം.
ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ സവിശേഷതകൾ തുടങ്ങിയ എഡിഎഎസ് ലെവൽ 2 സവിശേഷതകൾ നൽകാം. ഇതോടൊപ്പം, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ ഡിഫ്ലേഷൻ വാണിംഗ് സിസ്റ്റം, മൾട്ടി-കൊളിഷൻ ബ്രേക്കുകൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹൈഡ്രോളിക് ബ്രേക്ക് ബൂസ്റ്റർ എന്നിവയും ഉണ്ട്. റിയർ പാർക്കിംഗ് സെൻസറും ക്യാമറയും, ഡേ-നൈറ്റ് ഐആവിഎം, റെയിൻ സെൻസർ, ബ്രേക്ക് ഡിസ്‍ക് വൈപ്പിംഗ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും പുതിയ ടൈഗണിൽ നൽകാം. 360 ഡിഗ്രി വ്യൂ ക്യാമറ സജ്ജീകരണം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയുൾപ്പെടെ കൂടുതൽ അപ്‌ഡേറ്റുകൾ ഇതിൽ നൽകാം. അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇന്റീരിയർ തീം എന്നിവയ്‌ക്കായി ഇതിന് പുതിയ ഓപ്ഷനുകൾ ലഭിക്കും.
പുതിയ ടൈഗണിന്‍റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിൽ നിലവിൽ 1.0 ലിറ്റർ ടർബോ പെട്രോൾ (115hp, 178Nm) ഉം 1.5 ലിറ്റർ ടർബോ പെട്രോൾ (150hp, 250Nm) ഉം എഞ്ചിനുകൾ ലഭ്യമാണ്. കമ്പനി ഇത് നിലനിർത്തും. നിലവിലെ മോഡലിന് 10.99 ലക്ഷം മുതൽ 19.83 ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയുണ്ട്.
ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്കോഡ കുഷാക്, എംജി ആസ്റ്റർ, വരാനിരിക്കുന്ന റെനോ ഡസ്റ്റർ, നിസാന്റെ പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവയുമായി ഫോക്‌സ്‌വാഗൺ ടിഗൺ മത്സരിക്കും.
