നിസാൻ തങ്ങളുടെ പുതിയ മിഡ്-സൈസ് എസ്‌യുവിയായ ടെക്ടൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 10.49 ലക്ഷം മുതൽ ആരംഭിക്കുന്ന വിലയുമായി എത്തുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയവയോട് മത്സരിക്കും. രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ADAS ഉൾപ്പെടെയുള്ള നിരവധി പ്രീമിയം ഫീച്ചറുകളുമായാണ് ടെക്ടൺ എത്തുന്നത്.

ന്ത്യൻ മിഡ്-സൈസ് എസ്‌യുവി വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കി നിസാൻ ടെക്ടൺ ഔദ്യോഗികമായി പുറത്തിറങ്ങി. 10.49 ലക്ഷം മുതൽ 18.59 ലക്ഷം വരെയാണ് പുതിയ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില. ബുക്കിംഗ് ആരംഭിച്ച വാഹനത്തിന്റെ ഡെലിവറി ജൂലൈ 20 മുതൽ തുടങ്ങുമെന്ന് നിസ്സാൻ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാഗ്നൈറ്റിന് മുകളിലുള്ള മോഡലായാണ് ടെക്ടണിനെ നിസാൻ അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ, ഹോണ്ട എലിവേറ്റ് തുടങ്ങിയ ജനപ്രിയ എസ്‌യുവികളോടാണ് ടെക്ടൺ വിപണിയിൽ ഏറ്റുമുട്ടുന്നത്.

റെനോ ഡസ്റ്ററിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ടെക്ടണിന് നിസ്സാന്റെ പട്രോൾ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഡിസൈൻ ഭാഷയാണ് നൽകിയിരിക്കുന്നത്. വലിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, മസ്കുലർ ബോണറ്റ്, ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ എന്നിവ എസ്‌യുവിയുടെ പ്രീമിയം ലുക്ക് കൂടുതൽ ഉയർത്തുന്നു. മോണോടോൺ, ഡ്യുവൽ-ടോൺ നിറങ്ങളിലായി നിരവധി കളർ ഓപ്ഷനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും ടെക്ടൺ ശ്രദ്ധേയമാണ്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഗൂഗിൾ ഇന്റഗ്രേഷൻ എന്നിവയ്‌ക്കൊപ്പം പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, കണക്റ്റഡ് കാർ ടെക്നോളജി എന്നിവയും ലഭ്യമാണ്.

സുരക്ഷാ സവിശേഷതകളിലും ടെക്ടൺ മുൻപന്തിയിലാണ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ് വിത്ത് ഇബിഡി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ വാഹനത്തിൽ സ്റ്റാൻഡേർഡായോ ഉയർന്ന വേരിയന്റുകളിലോ ലഭ്യമാകുന്നു.

എഞ്ചിൻ ഓപ്ഷനുകളിൽ 100 bhp കരുത്ത് ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 163 bhp കരുത്തുള്ള 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും 6-സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കും. 1.3 ലിറ്റർ എഞ്ചിനിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയർബോക്സ് ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

'വൺ കാർ, വൺ വേൾഡ്' തന്ത്രത്തിന്റെ ഭാഗമായാണ് ടെക്ടണിനെ നിസ്സാൻ അവതരിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ റെനോ-നിസാൻ അലയൻസ് പ്ലാന്റിൽ നിർമ്മിക്കുന്ന ഈ എസ്‌യുവി ആഭ്യന്തര വിപണിക്കൊപ്പം വിവിധ അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു.