നിസാൻ തങ്ങളുടെ ജനപ്രിയ മോഡലായ മൈക്രയുടെ ഇലക്ട്രിക് പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ചു. പുതിയ മൈക്ര രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാകും, കൂടാതെ ആധുനിക സവിശേഷതകളും ഉൾപ്പെടുന്നു. 2025 അവസാനത്തോടെ യൂറോപ്പിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ യൂറോപ്യൻ വിപണികളിൽ തങ്ങളുടെ മൈക്രയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചു. ഐക്കണിക് നിസാൻ മൈക്ര ഇപ്പോൾ ആറാം തലമുറയിലേക്ക് കടക്കുകയാണ്. റെനോ 5 ഇ-ടെക്കിന്റെ അതേ പ്ലാറ്റ്‍ഫോമിനെ അടിസ്ഥാനമാക്കി, പുതിയ മൈക്ര പുതിയ ഡിസൈൻ വൈഭവവും ഇവി സാങ്കേതികവിദ്യയും പരിചിതമായ നെയിംപ്ലേറ്റിലേക്ക് കൊണ്ടുവരുന്നു. നിസ്സാൻ മൈക്രയുടെ ഇലക്ട്രിക് പതിപ്പ് ലണ്ടനിലെ നിസ്സാൻ ഡിസൈൻ യൂറോപ്പിൽ (NDE) രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് ആദ്യം യൂറോപ്പിലും പിന്നീട് മറ്റ് രാജ്യങ്ങളിലും വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

ബ്രാൻഡിന്റെ ആംപ്രി സ്‌മോൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് നിസാൻ മൈക്ര ഇവി. ഇതിന് - 40 kWh അല്ലെങ്കിൽ 52 kWh ബാറ്ററി എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭിക്കുന്നു. 40 kWh ബാറ്ററി 120 bhp ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വലിയ ബാറ്ററി പായ്ക്ക് 147 bhp ഉത്പാദിപ്പിക്കാൻ കഴിയും. നഗര ഉപഭോക്താക്കളെ മനസിൽവച്ചുകൊണ്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോഡലാണ് പുതിയ മൈക്ര. ബോൾഡ് , വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ബോഡി-കളർ ഇൻസേർട്ടുകളുള്ള ടെയിൽലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. 

മൈക്ര ഒരു ഹാച്ച്ബാക്കായി തുടരുന്നു. എന്നാൽ ബമ്പറുകളിലെ കറുത്ത ബോഡി ക്ലാഡിംഗ്, സൈഡ് പ്രൊഫൈൽ, വീൽ ആർച്ചുകൾ തുടങ്ങിയ എസ്‌യുവി പോലുള്ള സ്റ്റൈലിംഗ് ഘടകങ്ങൾ ഇതിൽ നൽകിയിട്ടുണ്ട്. ഇത് ഇതിന് അൽപ്പം പരുക്കൻ ആകർഷണം നൽകുന്നു. എല്ലാ വകഭേദങ്ങളിലും 18 ഇഞ്ച് വീലുകൾ ഉണ്ട്. കറുപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ള മേൽക്കൂരകളുള്ള രണ്ട്-ടോൺ ഓപ്ഷനുകൾ ഉൾപ്പെടെ ആകെ 14 കളർ കോമ്പിനേഷനുകൾ ലഭിക്കുന്നു.

എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ സൂചനകൾ ഉണ്ടായിരുന്നിട്ടും, പുതിയ മൈക്ര അതിന്റെ നഗര സൗഹൃദ ചേരുവകളിൽ ഉറച്ചുനിൽക്കുന്നു. ഇതിന് 4 മീറ്ററിൽ താഴെ നീളവും 2.54 മീറ്റർ വീൽബേസും ഉണ്ട്. ക്യാബിൻ അഞ്ച് സീറ്റർ ആയി ക്രമീകരിച്ചിരിക്കുന്നു. കൂടാതെ 326 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു. നഗര യാത്രകൾക്കും ദൈനംദിന കാര്യങ്ങൾക്കും ഇത് പര്യാപ്‍തമാണ്.

ഉൾവശത്ത്, ഡാഷ്‌ബോർഡ് റെനോ 5 ഇ-ടെക്കിനോട് ഏതാണ്ട് സമാനമാണ്. ഇരട്ട 10.1 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകൾ പ്രധാന സ്ഥാനം വഹിക്കുന്നു. നിസാൻ അതിന്റേതായ ബ്രാൻഡ് ഐഡന്റിറ്റിയും മുൻ സീറ്റുകൾക്കിടയിൽ മോൾഡഡ് മൗണ്ട് ഫുജി ഔട്ട്‌ലൈൻ പോലുള്ള അതുല്യമായ സ്പർശനങ്ങളും ചേർക്കുന്നു. ഇത് വേർതിരിച്ചറിയാൻ സഹായിക്കുന്നു. സിഎംഎഫ് ബിഇവി അടിസ്ഥാനമാക്കിയുള്ള എഎംപിആർ സ്മോൾ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച മൈക്ര രണ്ട് കോൺഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന വേരിയന്റിൽ 121 bhp ഇലക്ട്രിക് മോട്ടോർ, 40 kWh ബാറ്ററി എന്നിവയുണ്ട്. ഇത് WLTP- സാക്ഷ്യപ്പെടുത്തിയ 308 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഉയർന്ന സ്പെക്ക് പതിപ്പിന് 148 bhp മോട്ടോറും 52 kWh ബാറ്ററിയും ലഭിക്കുന്നു. ഇതിൽ 408 കിലോമീറ്ററാണ് അവകാശപ്പെടുന്ന റേഞ്ച്.

വലിയ ബാറ്ററി 100 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. വെറും 30 മിനിറ്റിനുള്ളിൽ 15 മുതൽ 80 ശതമാനം വരെ ഈ ബാറ്ററി ചാർജ് ചെയ്യാം. രണ്ട് വേരിയന്റുകളിലും ഹീറ്റ് പമ്പ്, ബാറ്ററി ഹീറ്റിംഗ്, കൂളിംഗ് ഫംഗ്ഷനുകൾ, മൈക്രയ്ക്ക് ബാഹ്യ ഉപകരണങ്ങൾക്ക് പവർ നൽകാൻ അനുവദിക്കുന്ന വെഹിക്കിൾ-ടു-ലോഡ് (V2L) ശേഷി എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 2025 അവസാനത്തോടെ പുതിയ മൈക്ര യൂറോപ്യൻ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന്‍റെ വിലകൾ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.