വലിയ സാമ്പത്തിക നഷ്ടത്തിന് ശേഷം, നിസാൻ ഇന്ത്യയെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനും പുതിയ മോഡലുകൾ പുറത്തിറക്കാനും പദ്ധതിയിടുന്നു. പുതുതലമുറ ഡസ്റ്റർ, ട്രൈബർ അധിഷ്ഠിത എംപിവി, മൂന്ന്-വരി എസ്‌യുവി എന്നിവ ഇതിൽ ഉൾപ്പെടും.

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡിന് 3.4 ബില്യൺ പൗണ്ട് (ഏകദേശം 35,700 കോടി രൂപ) നഷ്‍ടം രേഖപ്പെടുത്തി. അമേരിക്കയിലെയും ചൈനയിലെയും മോശം വിൽപ്പന, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്‍റെ ഫലങ്ങൾ, ഹോണ്ടയുമായുള്ള ലയന ചർച്ചകൾ പരാജയപ്പെട്ടത് തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങൾ. ഈ ഏറ്റവും മോശം സാമ്പത്തിക പ്രകടനം കണക്കിലെടുത്ത്, കമ്പനി 2027 ഓടെ അവരുടെ ഏഴ് ഫാക്ടറികൾ അടച്ചുപൂട്ടുകയും ലോകമെമ്പാടുമുള്ള 20,000 ജോലികൾ വെട്ടിക്കുറയ്ക്കുകയും ചെയ്യും. എങ്കിലും, 2026 സാമ്പത്തിക വർഷത്തോടെ ലാഭം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വീണ്ടെടുക്കൽ പദ്ധതിയും കമ്പനിക്കുണ്ട്.

റെനോയുമായുള്ള പങ്കാളിത്തത്തിന് കീഴിൽ ഇന്ത്യയെ തങ്ങളുടെ പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ പദ്ധതി. 2025 ന്റെ രണ്ടാം പകുതി മുതൽ നിരവധി പുതിയ മോഡലുകൾ പുറത്തിറക്കും. പുതുതലമുറ റെനോ ഡസ്റ്റർ ഇടത്തരം എസ്‌യുവിയുടെ റീ-ബാഡ്‍ജ് ചെയ്‌ത പതിപ്പുകൾ, റെനോ ബോറിയൽ മൂന്ന്-വരി എസ്‌യുവി, റെനോ ട്രൈബർ സബ്‌കോംപാക്റ്റ് എംപിവി എന്നിവ നിസാൻ അവതരിപ്പിക്കും. എ-സെഗ്‌മെന്റ് ഇലക്ട്രിക് കാറും ഈ ശ്രേണിയിൽ ഉൾപ്പെടും.

ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ എംപിവി 2025 ന്റെ രണ്ടാം പകുതിയിൽ ഷോറൂമുകളിൽ എത്തുമെന്ന് നിസാൻ സ്ഥിരീകരിച്ചു. പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകളും ഫങ്ഷണൽ റൂഫ് റെയിലുകളും ഈ മോഡലിൽ ഉണ്ടാകുമെന്ന് ഔദ്യോഗിക ടീസർ വെളിപ്പെടുത്തുന്നു. ഇത് നിസാന്റെ ഡിസൈൻ ഭാഷ വഹിക്കാനും ട്രൈബറിൽ നിന്ന് വ്യത്യസ്‍തമായി കാണപ്പെടാനും സാധ്യതയുണ്ട്.

അതുപോലെ, വരാനിരിക്കുന്ന നിസാൻ മിഡ്‌സൈസ് എസ്‌യുവിയും 7 സീറ്റർ എസ്‌യുവിയും അവയുടെ റെനോ പതിപ്പുകളിൽ നിന്ന് വ്യത്യസ്‍തമായി കാണപ്പെടും. ഡസ്റ്റർ അധിഷ്ഠിത നിസാൻ എസ്‌യുവിയിൽ ബ്രാൻഡിന്റെ സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലും നീളത്തിൽ രണ്ട് നേർത്ത ക്രോം സ്ട്രിപ്പുകളും ഒരു ക്രോം സ്ട്രിപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്ന എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഉണ്ടായിരിക്കും. റെനോ ഡസ്റ്ററിനേക്കാൾ കൂടുതൽ ഫീച്ചറുകൾ പുതിയ നിസാൻ എസ്‌യുവിയിലുണ്ടാകുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന നിസാൻ മിഡ്‌സൈസ് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയുമായി നേരിട്ട് മത്സരിക്കും. അതേസമയം 7 സീറ്റർ എസ്‌യുവി ഹ്യുണ്ടായി അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയുമായി മത്സരിക്കും.

YouTube video player