പോർഷെ കയെൻ ബ്ലാക്ക് എഡിഷനും കയെൻ കൂപ്പെ ബ്ലാക്ക് എഡിഷനും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 

ർമ്മൻ ആഡംബര വാഹന ബ്രാൻഡായ പോർഷെ കയെൻ ബ്ലാക്ക് എഡിഷനും കയെൻ കൂപ്പെ ബ്ലാക്ക് എഡിഷനും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കയെൻ ബ്ലാക്ക് എഡിഷന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.8 കോടി രൂപ ആണ്. അതേസമയം കയെൻ കൂപ്പെ ബ്ലാക്ക് എഡിഷന്റെ എക്സ്-ഷോറൂം വില 1.87 കോടി രൂപ ആണ്. ഈ പതിപ്പിൽ, രണ്ട് മോഡലുകൾക്കും പൂർണ്ണമായും കറുത്ത ഘടകങ്ങൾ ഉപയോഗിച്ച് കാറുകൾക്ക് ഒരു നിഗൂഢമായ രൂപം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള സൗന്ദര്യാത്മക മാറ്റങ്ങൾ ലഭിക്കുന്നു.

പോർഷെ കയെൻ, കയെൻ കൂപ്പെ ബ്ലാക്ക് എഡിഷനുകളിൽ ഹെഡ്‌ലാമ്പുകൾക്ക് ചുറ്റും ബ്ലാക്ക്-ഔട്ട് ആക്‌സന്റുകൾ, പുറത്തെ മിററുകൾ, വിൻഡോ ട്രിമ്മുകൾ, ബാഡ്ജുകൾ എന്നിവ ഉൾപ്പെടുന്നു. ബ്ലാക്ക് എഡിഷനിൽ 21 ഇഞ്ച് ആർ‌എസ് സ്‌പൈഡർ അലോയ് വീലുകൾ ഉണ്ട്. എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ഇരുണ്ട വെങ്കല നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. ഈ മോഡലുകൾക്ക് എൽഇഡി പഡിൽ ലാമ്പുകളും ഉണ്ട്.

പോർഷെ കയെൻ, കയെൻ കൂപ്പെ ബ്ലാക്ക് എഡിഷൻ എന്നിവ കറുത്ത പെയിന്റ് സ്കീമിൽ (ക്രോമൈറ്റ് ബ്ലാക്ക് മെറ്റാലിക്) മാത്രമല്ല, വെള്ള, കരാര വൈറ്റ് മെറ്റാലിക്, ഡോളമൈറ്റ് സിൽവർ മെറ്റാലിക്, ക്വാർട്‌സൈറ്റ് ഗ്രേ മെറ്റാലിക്, കാർമൈൻ റെഡ്, കാഷ്മീർ ബീജ് മെറ്റാലിക് നിറങ്ങളിലും ലഭ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും പ്രത്യേകത. 7.30 ലക്ഷം രൂപ അധിക വിലയിൽ മറ്റ് നിറങ്ങളിലും ഈ മോഡൽ തിരഞ്ഞെടുക്കാം. അതേസമയം പോർഷെയുടെ എക്‌സ്‌ക്ലൂസീവ് നിർമ്മാണ വിഭാഗത്തിൽ നിന്ന് നിറം തിരഞ്ഞെടുക്കുന്നതിന് ഏകദേശം 20.13 ലക്ഷം രൂപ ചിലവാകും.

ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, കയെൻ, കയെൻ കൂപ്പെ ബ്ലാക്ക് എഡിഷനുകളിൽ കറുത്ത ലെതർ അപ്ഹോൾസ്റ്ററി, ബ്രഷ്ഡ് അലുമിനിയം ഇൻലേകൾ, ഇലുമിനേറ്റഡ് ഡോർ സിൽസ് എന്നിവയുണ്ട്. 14-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 710-വാട്ട് 14-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയും ഈ മോഡലിൽ ഉണ്ട്. ഡിജിറ്റൽ കൺസോളിലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലും മാറ്റങ്ങളൊന്നുമില്ല.

348 bhp കരുത്തും 500 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് V6 എഞ്ചിനാണ് കയെൻ, കയെൻ കൂപ്പെ ബ്ലാക്ക് എഡിഷനുകൾക്ക് കരുത്ത് പകരുന്നത്. നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പുതിയ ബ്ലാക്ക് എഡിഷനുകൾ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്, ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.