ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ ആദ്യത്തെ പൂർണ ഇലക്ട്രിക് എസ്‌യുവിയായ റേഞ്ച് റോവർ സ്‌പോർട്ട് ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 609 കിലോമീറ്റർ റേഞ്ചും 4.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയും നൽകുന്ന വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. മികച്ച ഓഫ് റോഡ് ശേഷിയും അതിവേഗ ചാർജിംഗ് സംവിധാനവും ഈ പുതിയ മോഡലിന്റെ പ്രധാന സവിശേഷതകളാണ്.
പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പുതിയ റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജാഗ്വാർ ലാൻഡ് റോവർ. റേഞ്ച് റോവർ നിരയിലെ ആദ്യത്തെ പൂർണ ഇലക്ട്രിക് സ്‌പോർട്‌സ് എസ്‌യുവിയാണിത്. വാഹനത്തിന്റെ ഇന്ത്യയിലെ ബുക്കിംഗും കമ്പനി ആരംഭിച്ചു. രണ്ട് ശക്തമായ ഇലക്ട്രിക് മോട്ടോറുകൾ, ഓൾ വീൽ ഡ്രൈവ് സംവിധാനം, 118.5 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി പാക്ക് എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. 550 ബി എച്ച് പി പരമാവധി കരുത്തും 850 എൻ എം ടോർക്കും നൽകുന്ന എസ്‌യുവിക്ക് ഒറ്റ ചാർജിൽ 609 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
4.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത
പെർഫോമൻസിന്‍റെ കാര്യത്തിലും റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് ശ്രദ്ധേയമാണ്. ‘ഡൈനാമിക് ലോഞ്ച്’ മോഡിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.5 സെക്കൻഡ് മതിയാകും. റേഞ്ച് റോവർ സ്‌പോർട്ട് ശ്രേണിയിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന 850 എൻ എം ടോർക്കാണ് പുതിയ ഇലക്ട്രിക് പതിപ്പിനുള്ളതെന്ന് കമ്പനി പറയുന്നു. വലിയ മോഡലിനെ അപേക്ഷിച്ച് 50 ശതമാനം വേഗത്തിൽ പവർ വിതരണം ചെയ്യാനും വാഹനത്തിന് കഴിയുമെന്ന് ജാഗ്വാർ ലാൻഡ് റോവർ അവകാശപ്പെടുന്നു. വാഹനത്തിന്റെ ഡ്രൈവിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി അഡ്വാൻസ്ഡ് എയർ സസ്‌പെൻഷനും ഓൾ വീൽ സ്റ്റിയറിംഗ് സംവിധാനവും നൽകിയിട്ടുണ്ട്.
22 മിനിറ്റിൽ 80 ശതമാനം ചാർജ്
ചാർജിംഗ് സംവിധാനത്തിലും റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് ശ്രദ്ധേയമാണ്. 350 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 800 വോൾട്ട് ഇലക്ട്രിക്കൽ സംവിധാനമാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഇതുവഴി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ 22 മിനിറ്റ് മാത്രം മതിയാകുമെന്ന് കമ്പനി പറയുന്നു. 10 മിനിറ്റ് ചാർജ് ചെയ്താൽ 220 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും അവകാശപ്പെടുന്നു. വീട്ടിൽ 22 കിലോവാട്ട് എ സി ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 7 മണിക്കൂർ വേണ്ടിവരും.
ഓഫ് റോഡിലും കരുത്ത്
പൂർണ ഇലക്ട്രിക് വാഹനമാണെങ്കിലും ഓഫ് റോഡ് ശേഷിയിലും റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് പിന്നിൽ അല്ല. 900 മില്ലീമീറ്റർ വരെ ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാൻ വാഹനത്തിന് കഴിയും. 45 ഡിഗ്രി വരെ കുത്തനെയുള്ള ചരിവുകൾ കയറാനും എസ്‌യുവിക്ക് സാധിക്കും. ഇറ്റലിയിലെ പാറക്കെട്ടുകളുള്ള ക്വാറികളിലും ദുഷ്കരമായ റോഡുകളിലും വാഹനം പരീക്ഷിച്ചതായി കമ്പനി പറയുന്നു. മൈനസ് 40 ഡിഗ്രി സെൽഷ്യസ് മുതൽ 90 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലും ബാറ്ററി പരീക്ഷിച്ചിട്ടുണ്ടെന്നും ജാഗ്വാർ ലാൻഡ് റോവർ വ്യക്തമാക്കി.
പുതിയ ഡിസൈനും സാങ്കേതികവിദ്യകളും
എയറോഡൈനാമിക് ഡിസൈനും ആധുനിക രൂപകൽപ്പനയുമാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക്കിന്റെ മറ്റൊരു പ്രത്യേകത. പുതിയ ഗ്രിൽ, പുതിയ അലോയ് വീലുകൾ, വാഹനത്തിനായി പ്രത്യേകം വികസിപ്പിച്ച ശബ്ദ സംവിധാനം എന്നിവയും ലഭിക്കും. ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറന്റിയാണ് കമ്പനി നൽകുന്നത്. ഫോണിലൂടെ വാഹനത്തിന്റെ ബാറ്ററിയുടെ ആരോഗ്യനില പരിശോധിക്കാൻ കഴിയുന്ന റിമോട്ട് ബാറ്ററി ഹെൽത്ത് മോണിറ്ററിംഗ് സംവിധാനവും വാഹനത്തിലുണ്ട്. 4 വ്യത്യസ്ത ട്രിമ്മുകളിലാണ് റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകുക.


