മന്ത്രി ഷാജിയുടെ റേഞ്ച് റോവർ യാത്രയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുൽ ഹമീദ് മാസ്റ്റർ രംഗത്തെത്തി. മന്ത്രിമാർ കൂടുതൽ സൂക്ഷ്മത പാലിക്കണമെന്നും മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: ഷാജിയുടെ റേഞ്ച് റോവർ യാത്രയിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ. മന്ത്രിയെന്നുള്ള നിലയ്ക്ക് സൂക്ഷ്മത വേണമെന്നും സൂക്ഷ്മത പാലിക്കുന്നയാളാണ് ഷാജിയെന്നും അദ്ദേഹം പറഞ്ഞു. എന്നാലും ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ഉണ്ടാവും. ചട്ടമൊക്കെ അറിയാവുന്ന മന്ത്രിമാർ തന്നെയാണ്. ഷാജി ഉപയോഗിച്ചത് സുഹൃത്തിന്റെ വാഹനമാണെന്നും ഇത്തരം വിവാദമൊക്കെ വരാതിരിക്കാനുള്ള സൂക്ഷ്മത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഷാജി വലിയ അപകടത്തിൽ ചാടിയെന്ന് അഭിപ്രായമില്ല.

നാലുമാസമേ ആയിട്ടുള്ളൂ, ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ഉണ്ടാവുന്നത് മീഡിയ ഇങ്ങനെ കൊണ്ടുവരുന്നത് ശരിയല്ല. ഷാജിയെ അപകടത്തിൽപ്പെടുത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്തവർ നരകിക്കുമെന്ന കെ.ടി ജലീലിന്റെ പ്രസംഗത്തിനെതിരെയും അദ്ദേഹം രം​ഗത്തെത്തി. നരകിക്കുന്നത് ജലീലും ജലീലിന്റെ പാർട്ടിയുമെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. പത്തുകൊല്ലം അധികാരത്തിന്റെ സോപാനത്തിൽ ആയിരുന്നു. ജലീൽ പറഞ്ഞ അഭിപ്രായം സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക് ഇല്ല. വിശാല സമിതിയിൽ പറയാത്ത കാര്യങ്ങളാണ് ജലീൽ പറയുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാലേ ജലീലിന് പാർട്ടിയിൽ നിൽക്കാൻ കഴിയൂവെന്നും ജനങ്ങളുടെ ശരിയായ ധാരണയാണ് ഈ തിരഞ്ഞെടുപ്പിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.