2025 സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഇവി വിൽപ്പനയിൽ 10.7% ഇടിവ്. മത്സരം, സബ്‌സിഡി നിർത്തലാക്കൽ, ഫ്ലീറ്റ് പ്രവർത്തനങ്ങളിലെ വെല്ലുവിളികൾ എന്നിവയാണ് ഇടിവിന് കാരണം. ഹാരിയർ ഇവി, സിയറ ഇവി എന്നിവ ഉൾപ്പെടെ പുതിയ മോഡലുകൾ പുറത്തിറക്കി വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്താൻ ടാറ്റ ഒരുങ്ങുന്നു.

2025 സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന (ഇവി) വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 10.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 64,530 യൂണിറ്റായിരുന്നു. ഇവി മേഖലയിൽ ടാറ്റ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും, മുമ്പത്തെ 80 ശതമാനം വിഹിതത്തിൽ നിന്ന് ഇത് വലിയ തോതിൽ കുറഞ്ഞു.

ജെ‌എസ്‌ഡബ്ല്യു എം‌ജി മോട്ടോറിൽ നിന്നുള്ള വിൻഡ്‌സർ ഇവി പോലുള്ള ഓഫറുകൾ മൂലമുള്ള കടുത്ത മത്സരം, ഫെയിം-II സബ്‌സിഡി നിർത്തലാക്കൽ, ഫ്ലീറ്റ് പ്രവർത്തനങ്ങളിലെ വെല്ലുവിളികൾ തുടങ്ങിയവ ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ വിൽപ്പന ഇടിവിന് കാരണമായി. നിലവിൽ, ടാറ്റയുടെ ഇവി ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ്വ് ഇവി എന്നിങ്ങനെ അഞ്ച് മോഡലുകൾ ഉൾപ്പെടുന്നു. 

ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോഴ്‌സ് രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഹാരിയർ ഇവിയും സിയറ ഇവിയും. കൂടാതെ, മിഡ്‌ലൈഫ് അപ്‌ഡേറ്റുകൾ, ജനറേഷൻ മാറ്റങ്ങൾ, പ്രത്യേക പതിപ്പുകൾ എന്നിവയിലൂടെ നിലവിലുള്ള മോഡലുകൾ നവീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. ടാറ്റ ഹാരിയർ ഇവി 2025 ജൂണിൽ ഷോറൂമുകളിൽ എത്തും. അതേസമയം ടാറ്റ സിയറ ഇവി ഈ വർഷത്തെ ഉത്സവ സീസണിൽ എത്തും.

ടാറ്റയുടെ രണ്ടാം തലമുറ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഹാരിയർ ഇവി ഓൾവീൽ ഡ്രൈവ് സിസ്റ്റവുമായി വരും. ഇത് പരമാവധി 500Nm ടോർക്ക് വാഗ്ദാനം ചെയ്യും. ബാറ്ററി, പവർ, റേഞ്ച് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹാരിയ‍ർ ഇവി 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ ഹാരിയർ ഇവിയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയും ഇന്റീരിയറും അതിന്‍റെ ഐസിഇ എതിരാളിയുടേതിന് സമാനമായിരിക്കും. എന്നാൽ ചില ഇവി അനുസൃത മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് ടാറ്റ സിയറ അവതരിപ്പിക്കുന്നത്. ഒന്നിലധികം ബാറ്ററി പായ്ക്കുകളും ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണവും ഇലക്ട്രിക് പതിപ്പിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പിൻ സീറ്റുകൾക്കായി ഒരു ഓട്ടോമൻ ഫംഗ്ഷൻ ഉൾക്കൊള്ളുന്ന 4-സീറ്റ് ലോഞ്ച് കോൺഫിഗറേഷനോടുകൂടിയാണ് ഇവി വാഗ്ദാനം ചെയ്യുന്നത്. പ്രൊഡക്ഷൻ-റെഡി സിയറ അതിന്റെ കൺസെപ്റ്റ് പതിപ്പിൽ നിന്ന് നിരവധി ഡിസൈൻ സൂചനകൾ നിലനിർത്തിയിട്ടുണ്ട്.

YouTube video player