2025 ജൂലൈയിൽ ടാറ്റ മോട്ടോഴ്‌സ് 69,131 യൂണിറ്റുകൾ വിറ്റു. മൊത്ത വിൽപ്പനയിൽ നേരിയ കുറവുണ്ടായെങ്കിലും, ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ കാർ വിൽപ്പനയുള്ള കമ്പനികളിൽ ഒന്നാണ് ടാറ്റ. 2025 ജൂലൈയിലെ വിൽപ്പന കണക്കുകൾ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു. 2025 ജൂലൈയിൽ ആഭ്യന്തര, അന്തർദേശീയ വിപണികളിലായി ടാറ്റ മോട്ടോഴ്‌സ് മൊത്തം 69,131 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. 2024 ജൂലൈയിൽ ഇത് 71,996 യൂണിറ്റുകളായിരുന്നു. മൊത്തത്തിലുള്ള വിൽപ്പനയിൽ നേരിയ കുറവുണ്ടായി. എങ്കിലും എക്കാലത്തെയും ഉയർന്ന പ്രതിമാസ ഇലക്ട്രിക് വാഹന (ഇവി) വിൽപ്പനയിലൂടെ കമ്പനി ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചു.
ടാറ്റയുടെ വാണിജ്യ വാഹന (സിവി) ബിസിനസ് വാർഷികാടിസ്ഥാനത്തിൽ ഏഴ് ശതമാനം വളർച്ച രേഖപ്പെടുത്തി. 2024 ജൂലൈയിലെ 27,042 യൂണിറ്റുകളെ അപേക്ഷിച്ച് 2025 ജൂലൈയിൽ 28,956 യൂണിറ്റുകൾ വിറ്റു. ആഭ്യന്തര വാണിജ്യ വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധനവോടെ 26,432 യൂണിറ്റായി ഉയർന്നു. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള മീഡിയം ആൻഡ് ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിന്റെ ആഭ്യന്തര, അന്തർദേശീയ വിൽപ്പന 13,669 യൂണിറ്റുകളായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 11,886 യൂണിറ്റായിരുന്നു.
ടാറ്റയുടെ പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിൽ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ, മൊത്തം വിൽപ്പന 40,175 യൂണിറ്റുകളായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം ഇടിവ്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 12 ശതമാനം കുറഞ്ഞ് 39,521 യൂണിറ്റായി. അന്താരാഷ്ട്ര പാസഞ്ചർ വാഹന കയറ്റുമതി 186 ശതമാനം ഉയർന്ന് 654 യൂണിറ്റായി.
മൊത്തത്തിലുള്ള മാന്ദ്യം ഉണ്ടായിരുന്നിട്ടും ഇലക്ട്രിക് വാഹന വിൽപ്പന പ്രതിവർഷം 42 ശതമനം വർദ്ധിച്ച് 7,124 യൂണിറ്റിലെത്തി. ഇത് ടാറ്റയുടെ എക്കാലത്തെയും മികച്ച പ്രതിമാസ ഇലക്ട്രിക് വാഹന വിൽപ്പന പ്രകടനമാണ്. ഇന്ത്യൻ വാങ്ങുന്നവർക്കിടയിൽ ഇലക്ട്രിക് മൊബിലിറ്റിയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയും ഇലക്ട്രിക് വാഹന മേഖലയിൽ ടാറ്റയുടെ ശക്തമായ ഉൽപ്പന്ന നിരയും ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നു.
