വിഷൻ 3.0 തന്ത്രത്തിന്റെ ഭാഗമായി മാരുതി സുസുക്കി YMC എന്ന കോഡ് നാമത്തിൽ ഒരു പുതിയ 7 സീറ്റർ ഇലക്ട്രിക് എംപിവി പുറത്തിറക്കാൻ ഒരുങ്ങുന്നു. ജാപ്പനീസ് വിപണിയിലെ സുസുക്കി സ്പേഷ്യയെ അടിസ്ഥാനമാക്കിയുള്ള ഈ മോഡൽ, പുതിയ സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുകയും ഏകദേശം 543 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വിഷൻ 3.0 തന്ത്രത്തിലൂടെ, മാരുതി സുസുക്കി തങ്ങളുടെ പോർട്ട്‌ഫോളിയോ 18 ൽ നിന്ന് 28 മോഡലുകളായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. എസ്‌യുവികൾ, എംപിവികൾ, പ്രീമിയം നെക്‌സ ഓഫറുകൾ എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2030 ഓടെ ആഭ്യന്തര വിപണിയിൽ 50 ശതമാനം വിഹിതം വീണ്ടെടുക്കുന്നതിന് കമ്പനി ഒന്നിലധികം പവർട്രെയിൻ സമീപനങ്ങളും സ്വീകരിക്കും. മാരുതി ഇ വിറ്റാര ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറാണെങ്കിലും, അടുത്ത 4-5 വർഷത്തിനുള്ളിൽ ഏകദേശം 5 പുതിയ ഇവി മോഡലുകൾ ഇത് പിന്തുടരും. അവയിലൊന്ന് മാരുതി വൈഎംസി എന്ന രഹസ്യനാമമുള്ള 27PL സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഒരു എംപിവി ആണെന്നാണ് റിപ്പോർട്ടുകൾ. മാരുതി പുറത്തിറക്കുന്ന 7 സീറ്റർ ഇലക്ട്രിക് എംപിവിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. ഈ വർഷം അവസാനത്തോടെ വൈഎംസി ഉൽപ്പാദനം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജാപ്പനീസ് വിപണിയിൽ വിൽക്കുന്ന സുസുക്കി സ്പേഷ്യ ഹൈബ്രിഡ് എംപിവിയെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിർമ്മിക്കുക.
മാരുതി 7 സീറ്റർ ഇലക്ട്രിക് എംപിവി
ജാപ്പനീസ് പതിപ്പായ സുസുക്കി സ്‌പെയ്‌സിയ 3.395 എംഎം നീളവും മൂന്ന് നിര സീറ്റുകളുടെ ലേഔട്ടും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യയിലേയ്‌ക്കുള്ള പതിപ്പ് നീളമുള്ളതായിരിക്കും. മൂന്ന് നിര സീറ്റിംഗ് കോൺഫിഗറേഷനും ഉണ്ടായിരിക്കും. സ്‌പെയ്‌സിയയിൽ നിന്ന് വ്യത്യസ്തമായി, വരാനിരിക്കുന്ന മാരുതി ഇലക്ട്രിക് എംപിവിയിൽ സ്ലൈഡിംഗ് റിയർ ഡോർ പോലുള്ള പ്രീമിയം സവിശേഷതകൾ നഷ്ടമായേക്കാം. എങ്കിലും ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ക്രോം അലങ്കാരങ്ങളുള്ള കറുത്ത ഗ്രിൽ, വീതിയേറിയ എയർ ഡാമോടുകൂടിയ ഒരു വലിയ ഫ്രണ്ട് ബമ്പർ എന്നിവയ്‌ക്കൊപ്പം നിവർന്നുനിൽക്കുന്നതും ബോക്‌സി ആയതുമായ നിലപാട് ഇത് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെയും ബലേനോ ഹാച്ച്ബാക്കിന്റെയും സവിശേഷതകൾ ഇവി പങ്കിടാൻ സാധ്യതയുണ്ട്.
പ്രതീക്ഷിക്കുന്ന പവർട്രെയിൻ
ഇതിന്റെ എഞ്ചിൻ സ്പെസിഫിക്കേഷനുകളെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 49kWh, 61kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമായ ഇ-വിറ്റാരയിൽ നിന്ന് പവർട്രെയിൻ കടമെടുത്തേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്രണ്ട്-ആക്സിൽ മൗണ്ടഡ് മോട്ടോറുമായി ജോടിയാക്കിയ രണ്ട് ബാറ്ററികളും യഥാക്രമം 440 കിലോമീറ്ററും 543 കിലോമീറ്ററും സഞ്ചരിക്കുമെന്ന് അവകാശപ്പെടുന്നു.
റീ ബാഡ്‍ജ് പതിപ്പുമായി ടൊയോട്ടയും
പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈഎംസി ഇലക്ട്രിക് എംപിവിയുടെ റീ ബാഡ്‍ജ് പതിപ്പ് പുറത്തിറക്കും. എങ്കിലും പ്ലാറ്റ്‌ഫോം, പവർട്രെയിൻ, സവിശേഷതകൾ എന്നിവ പങ്കിടുന്നതിനൊപ്പം ടൊയോട്ടയുടെ പരിചിതമായ ഡിസൈൻ ഭാഷയും ഇതിൽ ഉൾപ്പെടുത്തും.
