സ്കോഡ കുഷാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പരീക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞു. പുതിയ ഡിസൈൻ മാറ്റങ്ങൾ, ADAS സാങ്കേതികവിദ്യ, മറ്റ് ഹൈടെക് സവിശേഷതകൾ എന്നിവയെക്കുറിച്ച് അറിയാം.

2.0 തന്ത്രത്തിന് കീഴിൽ ഇന്ത്യൻ വിപണിയിൽ അതിവേഗം സ്ഥാനം ഉറപ്പിക്കുകയാണ് ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഇന്ത്യ. കമ്പനിയുടെ സി-സെഗ്മെന്റ് എസ്‌യുവി പോർട്ട്‌ഫോളിയോയിൽ സ്കോഡ കുഷാക്ക് ഇതിനകം തന്നെ ഉപഭോക്താക്കളുടെ ഇടയിൽ സാന്നിധ്യമുണ്ട്. ഇപ്പോൾ സ്കോഡ കുഷാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൊണ്ടുവരാൻ കമ്പനി തയ്യാറെടുക്കുകയാണ്. വാഹനം അടുത്തിടെ പരീക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞു. ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ, അതിന്റെ ടോപ്പ്-സ്പെക്ക് മോണ്ടെ കാർലോ പതിപ്പ് അതിശയിപ്പിക്കുന്ന ചുവന്ന നിറത്തിൽ കാണപ്പെടുന്നു. വരാനിരിക്കുന്ന ഈ കോംപാക്റ്റ് എസ്‌യുവിയിൽ എന്തൊക്കെ പുതിയ കാര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് നമുക്ക് നോക്കാം.

ഈ ടെസ്റ്റ് മോഡൽ മറച്ചനിലയിൽ ആയിരുന്നു. സ്കോഡ കുഷാക് ഫെയ്‌സ്‌ലിഫ്റ്റിലെ ഡിസൈൻ മാറ്റങ്ങളിൽ ഭൂരിഭാഗവും മുന്നിലും പിന്നിലുമാണെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. സൈഡ് പ്രൊഫൈൽ ഏതാണ്ട് അതേപടി തുടരും. പുതിയ ഗൺമെറ്റൽ ഗ്രേ കളർ അലോയ് വീലുകൾ ലഭിക്കും. ഇത്തവണ മുന്നിൽ ചുവന്ന ബ്രേക്ക് കാലിപ്പറുകൾ മാത്രമേ ലഭ്യമാകൂ, പിന്നിൽ ഇപ്പോഴും ഡ്രം ബ്രേക്കുകൾ ഉണ്ടാകും. പിൻഭാഗത്തിന്റെ പുതുക്കിയ ഡിസൈൻ സ്പൈ ഷോട്ടുകളിൽ ദൃശ്യമാണ്, അതിൽ പുതിയ ടെയിൽലാമ്പുകൾ നൽകിയിട്ടുണ്ട്, അത് ഇപ്പോൾ കണക്റ്റഡ് ഡിസൈനിലായിരിക്കും. വലിയ ഗ്രിൽ, പുതിയ ബമ്പറുകൾ, അതേ ഹെഡ്‌ലൈറ്റ് സജ്ജീകരണം എന്നിവ മുൻവശത്ത് പ്രതീക്ഷിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ എസ്‍യുവിക്ക് വലിയൊരു അപ്‌ഗ്രേഡ് ലഭിക്കാൻ പോകുന്നു. സ്കോഡ കുഷാക് ഫെയ്‌സ്‌ലിഫ്റ്റിൽ ADAS സാങ്കേതികവിദ്യയുള്ള ഓട്ടോണമസ് സവിശേഷതകൾ, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് തുടങ്ങിയ ഹൈടെക് സവിശേഷതകൾ ഉൾപ്പെടാം. നിലവിലുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 എയർബാഗുകൾ, 5-സ്റ്റാർ ജിഎൻസിഎപി സുരക്ഷാ റേറ്റിംഗ് തുടങ്ങിയ സവിശേഷതകൾ എസ്‌യുവിയിൽ തുടരും.

അതസമയം വാഹനത്തിന്‍റെ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കിൽ, മുമ്പത്തെപ്പോലെ, 1.0 ലിറ്റർ ടർബോ പെട്രോൾ (117bhp, 178Nm) ഉം 1.5 ലിറ്റർ ടർബോ പെട്രോൾ (148bhp, 250Nm) ഉം എഞ്ചിനുകൾ ഉപയോഗിക്കും, ഇവ 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായി വരും. ഉത്സവ സീസണിൽ സ്കോഡ കുഷാക് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.