സ്കോഡയുടെ വിൽപ്പനയിൽ കൈലാഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 65 ശതമാനവും കൈലാഖിന്റേതാണ്. കൈലാക്കിന്റെ സഹായത്താൽ സ്കോഡയുടെ വിൽപ്പന ഇരട്ടിയായി.

ചെക്ക് വാഹന ബ്രൻഡായ സ്‍കോഡ ഇന്ത്യയെ സംബന്ധിച്ച് ഒരു 'പൊൻമുട്ടയിടുന്ന താറാവാണെന്ന് തെളിയിച്ചരിക്കുകയാണ് കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ സബ്-കോംപാക്റ്റ് എസ്‌യുവിയായ കൈലാഖ്. ഈ കാർ സ്കോഡ ഇന്ത്യയുടെ തലേവര മാറ്റി എഴുതുകയാണെന്നാണ് വിൽപ്പന കണക്കുകൾ നൽകുന്ന സൂചനകൾ. കൈലാഖ് സ്കോഡയ്ക്ക് ഭാഗ്യം തെളിയിച്ചതിനാൽ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ബ്രാൻഡിന്റെ വിൽപ്പന ഇരട്ടിയിൽ അധികമായി. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ടാറ്റ നെക്‌സോൺ തുടങ്ങിയ വാഹനങ്ങളുമായി വിപണിയിൽ കൈലാഖ് മത്സരിക്കുന്നു.

2025 ജനുവരിയിലാണ് സ്കോഡ കൈലാക്കിന്റെ ഡെലിവറി ആരംഭിച്ചത്. ഇതുവരെ സ്കോഡ 27,091 യൂണിറ്റുകൾ വിറ്റഴിച്ചു. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പനയായ 41,748 യൂണിറ്റുകളിൽ 65 ശതമാനവും കൈലാക്കിന്‍റെ ഈ വിൽപ്പനയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൈലാക്കിന്റെ സഹായത്താൽ, സ്കോഡ 2025 മാർച്ചിൽ റെക്കോർഡ് 7,422 വാഹനങ്ങൾ വിറ്റു, ഇത് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയായിരുന്നു. സ്കോഡയുടെ വിൽപ്പന 17,565 യൂണിറ്റുകളിൽ നിന്ന് 41,748 യൂണിറ്റായി കൈലാക്ക് ഇരട്ടിയാക്കി ഉയർത്തി.

സ്കോഡ കൈലാക്കിന്‍റെ മാനുവൽ വേരിയന്റിന് 8.25 ലക്ഷം മുതൽ 12.89 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് വേരിയന്‍റിന് 10.95 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയും ആണ് എക്സ്-ഷോറൂം വില. സ്കോഡ കൈലാക്കിന് ഒരു എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ 1.0 ടിഎസ്ഐ എഞ്ചിൻ ഇതിൽ ലഭ്യമാണ്. ഈ എഞ്ചിൻ 114 bhp പവറും 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനിൽ ലഭ്യമാണ്. സ്കോഡ കൈലാക്കിന്റെ ഓട്ടോമാറ്റിക് മോഡലിന് ലിറ്ററിന് 19.05 കിലോമീറ്ററും മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും മൈലേജ് നൽകാൻ കഴിയും.

കൈലാക്കിന്റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് സജ്ജീകരണം, പൂർണ്ണമായും കറുത്ത ഗ്രിൽ, പിന്നിൽ വീതിയേറിയ കറുത്ത സ്ട്രിപ്പുള്ള ടി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയുള്ള ഒരു ആധുനിക ഡിസൈൻ ഇതിന് ലഭിക്കുന്നു. അതിനുള്ളിൽ, ഡ്യുവൽ-സ്‌ക്രീൻ സജ്ജീകരണം, മെറ്റൽ ആക്‌സന്റുകൾ, ടിക്കറ്റ് ഹോൾഡർ, വയർലെസ് ചാർജിംഗ് തുടങ്ങിയ നിരവധി മികച്ച സവിശേഷതകൾ ലഭ്യമാണ്. അഞ്ച് പേർക്ക് ഈ കാറിൽ സഞ്ചരിക്കാം. ഇതോടൊപ്പം, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഒരു സ്‌പോർട്ടി സ്‌പോയിലർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ സവിശേഷതകളും സ്‍കോഡ കൈലാക്കിന് ഉണ്ട്.