ഇന്റർനെറ്റ് വഴി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്ന സ്മാർട്ട് കാറുകൾ സൗകര്യപ്രദമാണെങ്കിലും വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നു. വാഹനങ്ങൾ ഹാക്കർമാരുടെ ലക്ഷ്യമാകാനും, വ്യക്തിഗത വിവരങ്ങൾ മോഷ്‌ടിക്കപ്പെടാനും, വാഹനത്തിന്റെ നിയന്ത്രണം വരെ നഷ്‌ടപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സ്‍മാർട്ട് കാറുകളുടെ കാലമാണ്. ഇപ്പോൾ ഇന്‍റെർനെറ്റ് അധിഷ്‍ഠിത സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ കൂടുതൽ പ്രചാരത്തിലാകുകയാണ്. എന്നാൽ ഇതോടൊപ്പം വാഹനങ്ങൾ ഹാക്കർമാരുടെ ലക്ഷ്യമാകാനുള്ള സാധ്യതയും വർധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്‍മാർട്ട്‌ഫോണുകൾ പോലെ തന്നെ ആധുനിക കാറുകളും ഇപ്പോൾ നിരന്തരം സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ സ്വീകരിക്കുന്നുണ്ട്. മുമ്പ് വാഹനങ്ങളിൽ പുതിയ ഫീച്ചറുകൾ ലഭിക്കാനോ സോഫ്റ്റ്‌വെയർ തകരാറുകൾ പരിഹരിക്കാനോ സർവീസ് സെന്ററുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന് നിരവധി വാഹന നിർമാതാക്കൾ ഓവർ ദി എയർ (ഒടിഎ) അപ്ഡേറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഇന്റർനെറ്റ് വഴി വീട്ടിലിരുന്നുകൊണ്ട് തന്നെ വാഹനത്തിന്റെ സോഫ്റ്റ്‌വെയർ പുതുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഒടിഎ അപ്ഡേറ്റ്. ഗൂഗിൾ, ആപ്പിൾ, സാംസങ് തുടങ്ങിയ സാങ്കേതിക കമ്പനികൾ വർഷങ്ങളായി സ്‍മാർട്ട്‌ഫോണുകളിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. വാഹന മേഖലയിൽ ടെസ്‌ലയാണ് 2012ൽ മോഡൽ എസ് കാറുകളിൽ ഒടിഎ അപ്ഡേറ്റ് സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് നിരവധി പ്രമുഖ വാഹന നിർമാതാക്കളും ഈ സാങ്കേതികവിദ്യ സ്വീകരിച്ചു.

സർവീസ് സെന്‍ററിലേക്കുള്ള യാത്ര ഒഴിവാക്കാം

ഒടിഎ അപ്ഡേറ്റുകളുടെ പ്രധാന നേട്ടം ചെറിയ സോഫ്റ്റ്‌വെയർ പ്രശ്‍നങ്ങൾ പരിഹരിക്കാനോ പുതിയ സവിശേഷതകൾ കൂട്ടിച്ചേർക്കാനോ വാഹന ഉടമകൾക്ക് നേരിട്ട് സർവീസ് സെന്ററിലെത്തേണ്ടതില്ല എന്നതാണ്. നിർമാതാക്കൾ ഇന്റർനെറ്റ് വഴി നേരിട്ട് വാഹനത്തിലേക്ക് പുതിയ സോഫ്റ്റ്‌വെയർ എത്തിക്കുന്നു. ഇത് സമയം ലാഭിക്കുകയും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഈ സൗകര്യത്തോടൊപ്പം ചില ഗുരുതരമായ സുരക്ഷാ വെല്ലുവിളികളും ഉണ്ടെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഹാക്കർമാരുടെ ലക്ഷ്യമാകുമോ സ്‍മാർട്ട് കാറുകൾ?

ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ സോഫ്റ്റ്‌വെയർ സൈബർ കുറ്റവാളികളുടെ ലക്ഷ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വാഹന ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്‍ടിക്കൽ, വാഹന സംവിധാനങ്ങളിൽ അനധികൃത പ്രവേശനം, ഡിജിറ്റൽ നിയന്ത്രണങ്ങളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ അപകടസാധ്യതകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സിഎൻബിസി റിപ്പോർട്ട് പ്രകാരം, ഇത് വെറും വിവരസുരക്ഷാ പ്രശ്‍നം മാത്രമല്ല. ഒരു ഹാക്കർ വാഹനത്തിന്റെ നിർണായക നിയന്ത്രണ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടിയാൽ അത് സുരക്ഷാ പ്രശ്‍നങ്ങൾക്കും ദേശീയ സുരക്ഷാ ആശങ്കകൾക്കും കാരണമാകാം.

വിവിധ രാജ്യങ്ങളിൽ സുരക്ഷാ പരിശോധനകൾ

നോർവേയിൽ നടത്തിയ ഒരു അന്വേഷണത്തിൽ ഒരു ബസിന്റെ ബാറ്ററി, പവർ സിസ്റ്റം തുടങ്ങിയ ഘടകങ്ങൾ മൊബൈൽ നെറ്റ്‌വർക്ക് വഴി ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സാങ്കേതികമായി, വാഹനത്തിന്റെ ചില പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകാമെന്നായിരുന്നു വിലയിരുത്തൽ. ഈ കണ്ടെത്തലിന് പിന്നാലെ ബ്രിട്ടൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും ഒടിഎ സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ച് പരിശോധനകൾ ആരംഭിച്ചു.

ഭാവിയിൽ കണക്റ്റഡ് കാറുകളുടെയും സോഫ്റ്റ്‌വെയർ അധിഷ്‍ഠിത വാഹനങ്ങളുടെയും വളർച്ചയ്ക്കൊപ്പം ഒടിഎ അപ്ഡേറ്റുകൾ കൂടുതൽ പ്രധാനപ്പെട്ട സാങ്കേതികവിദ്യയായി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ സുരക്ഷിതമായ സോഫ്റ്റ്‌വെയർ വികസനം, ശക്തമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ, കൃത്യമായ നിരീക്ഷണം എന്നിവ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.