ഉത്സവ സീസണോടനുബന്ധിച്ച് ടാറ്റ മോട്ടോഴ്‌സ് കർവ് ഇവിക്ക് 3.35 ലക്ഷം രൂപ വരെ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. 502 കിലോമീറ്റർ വരെ റേഞ്ച്, സ്പോർട്ടി ഡിസൈൻ, എഡിഎഎസ് ഉൾപ്പെടെയുള്ള ആധുനിക ഫീച്ചറുകൾ എന്നിവയാണ് കർവ് ഇവിയുടെ പ്രധാന ആകർഷണങ്ങൾ.

ത്സവ സീസൺ ആരംഭിച്ചതോടെ വാഹന വിപണിയിൽ വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്. ഈ മാസം കമ്പനി ഏറ്റവും കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത് കർവ് ഇവിക്കാണ്. കർവ് ഇവിയുടെ എക്‌സ് വേരിയന്റിന് പരമാവധി 3.35 ലക്ഷം വരെയാണ് ആനുകൂല്യം ലഭിക്കുക. ഇതിൽ മൂന്ന് ലക്ഷം ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പ് ബോണസും ഉൾപ്പെടുന്നു. അടിസ്ഥാന ക്രിയേറ്റീവ് വേരിയന്റിന് 2.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് ലഭിക്കുക. എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പ് ബോണസ് കൂടി പരിഗണിക്കുമ്പോൾ ഈ വേരിയന്റിലെ മൊത്തം ആനുകൂല്യം 2.85 ലക്ഷം വരെയാകും.

ലോയൽറ്റി ബോണസും ലഭിക്കും

കർവ് ഇവിയുടെ എക്‌സ് വേരിയന്റിന് 35,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പ് ആനുകൂല്യത്തിന് പുറമെ 30,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും. ഇതോടെ ഈ ആനുകൂല്യങ്ങളുടെ മൊത്തം മൂല്യം 65,000 രൂപ വരെയാകും. അതേസമയം പെട്രോൾ, ഡീസൽ എൻജിൻ പതിപ്പുകളിലെ ഓരോ വേരിയന്റിനും 1,25,000യുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടാണ് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ കർവ് ഐസിഇയുടെ എക്‌സ്-ഷോറൂം വില 9.76 ലക്ഷം മുതൽ 19.16 ലക്ഷം വരെയാണ്. കർവ് ഇവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 17.49 ലക്ഷം രൂപ ആണ്.

500 കിലോമീറ്റർ വരെ റേഞ്ച്

45 കിലോവാട്ട് ബാറ്ററി പാക്കിൽ 430 കിലോമീറ്ററും 55 കിലോവാട്ട് ബാറ്ററി പാക്കിൽ 502 കിലോമീറ്ററും സഞ്ചരിക്കാൻ കർവ് ഇവിക്ക് കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ അവകാശവാദം. മഹീന്ദ്രയുടെ ബിഇ 6, എക്‌സ്ഇ 9 തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുമായാണ് കർവ് ഇവി പ്രധാനമായും മത്സരിക്കുന്നത്.

സ്പോർട്ടി ഡിസൈനുമായി കർവ് ഇവി

ആകർഷകമായ രൂപകൽപ്പനയാണ് കർവ് ഇവിയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾക്കും എൽഇഡി ഡിആർഎല്ലുകൾക്കുമൊപ്പം കണക്റ്റഡ് ടെയിൽ ലാമ്പുകളും വാഹനത്തിലുണ്ട്. വെൽക്കം, ഗുഡ്‌ബൈ ആനിമേഷനുകളും ടെയിൽ ലാമ്പുകളിൽ ലഭിക്കും. ക്ലോസ്‍ഡ് ഫ്രണ്ട് ഗ്രിൽ, സ്ലോപ്പിങ് റൂഫ്‌ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വീൽ ആർച്ചുകളിലെ പിയാനോ ബ്ലാക്ക് ഘടകങ്ങൾ എന്നിവയും വാഹനത്തിന്റെ ഡിസൈൻ സവിശേഷതകളാണ്. ഷാർക്ക് ഫിൻ ആന്റിന, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവയും വാഹനത്തിന്റെ സ്പോർട്ടി രൂപത്തിന് മാറ്റുകൂട്ടുന്നു.

അഞ്ച് നിറങ്ങളിൽ ലഭിക്കും

പ്രിസ്റ്റൈൻ വൈറ്റ്, ഫ്ലെയിം റെഡ്, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, വെർച്വൽ സൺറൈസ് എന്നിങ്ങനെ 5 മോണോടോൺ നിറങ്ങളിലാണ് കർവ് ഇവി ലഭിക്കുന്നത്. ഇതിൽ 3 നിറങ്ങൾ നെക്‌സോൺ ഇവിയിൽനിന്ന് കടമെടുത്തവയാണ്. പ്യുവർ ഗ്രേ കർവ് ഇവിയുടെ പ്രത്യേക നിറമാണ്. ഡ്യുവൽ ടോൺ നിറം വാഹനത്തിൽ ലഭ്യമല്ല. സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്‍ഡ്, എംപവേർഡ് എന്നിങ്ങനെ അഞ്ച് ട്രിം തലങ്ങളിലാണ് കർവ് ഇവി എത്തുന്നത്.

500 ലിറ്റർ ബൂട്ട് സ്പേസ്

കർവ് ഇവിയിൽ 500 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും. പിൻ സീറ്റുകൾ മടക്കിയാൽ ഇത് 973 ലിറ്ററായി വർധിപ്പിക്കാം. മുൻവശത്തെ ഫ്രങ്കിൽ 35 ലിറ്റർ അധിക സംഭരണശേഷിയുമുണ്ട്. 190 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.

ആഡംബര സൗകര്യങ്ങളുമായി അകത്തളം

ഡ്യുവൽ ടോൺ ഡാഷ്‌ബോർഡും നിരവധി ആധുനിക സാങ്കേതികവിദ്യകളും ഉൾപ്പെടുന്നതാണ് കർവ് ഇവിയുടെ അകത്തളം. മൂഡ് ലൈറ്റിങ്ങോടുകൂടിയ വോയ്സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, ടച്ച് ആൻഡ് ടോഗിൾ ക്ലൈമറ്റ് കൺട്രോൾ പാനൽ, 4 സ്പോക്ക് സ്റ്റിയറിങ് വീൽ എന്നിവ പ്രധാന സവിശേഷതകളാണ്. ഹാർമാൻ ഒരുക്കിയ 12.3 ഇഞ്ച് ഫ്ലോട്ടിങ് സിനിമാറ്റിക് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും വാഹനത്തിലുണ്ട്. ഡ്രൈവർക്കും സഹയാത്രികനും 6 വിധത്തിൽ ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് സീറ്റുകളാണ് ലഭിക്കുന്നത്. പിൻ സീറ്റുകൾക്ക് 2 ഘട്ട റിക്ലൈനിങ് സംവിധാനവുമുണ്ട്.

ഒട്ടേറെ സാങ്കേതിക സവിശേഷതകൾ

ഇക്കോ, സിറ്റി, സ്പോർട്ട് എന്നിങ്ങനെ 3 ഡ്രൈവിങ് മോഡുകളാണ് കർവ് ഇവിയിൽ നൽകിയിരിക്കുന്നത്. ആർക്കേഡ് ഇവി ആപ്പ് സ്യൂട്ട്, വാഹനത്തിൽനിന്ന് വാഹനത്തിലേക്കുള്ള ചാർജിങ്, വാഹനത്തിൽനിന്ന് മറ്റ് ഉപകരണങ്ങളിലേക്ക് വൈദ്യുതി നൽകുന്ന സംവിധാനം, മൾട്ടി ഡയൽ ഫുൾ വ്യൂ നാവിഗേഷൻ, അഡ്വാൻസ്ഡ് വെഹിക്കിൾ അലേർട്ട് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.

സുരക്ഷയിൽ മുന്നിൽ

സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും കർവ് ഇവി ശ്രദ്ധേയമാണ്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ അസന്റ് ആൻഡ് ഡിസന്റ് കൺട്രോൾ എന്നിവ വാഹനത്തിലുണ്ട്. അഡ്വാൻസ്ഡ് വെഹിക്കിൾ അലേർട്ട് സിസ്റ്റം, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ തുടങ്ങിയവയും ലഭിക്കും.

എഡിഎഎസ് സംവിധാനങ്ങളുടെ നീണ്ട പട്ടിക

ഈ വിഭാഗത്തിൽ കൂടുതൽ എഡിഎഎസ് സവിശേഷതകൾ നൽകുന്ന വാഹനങ്ങളിലൊന്നാണ് കർവ് ഇവി. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ സംവിധാനങ്ങൾ ഇതിലുണ്ട്. 20 കിലോമീറ്റർ വേഗതയിലെത്തുമ്പോൾ കാൽനടയാത്രക്കാർക്ക് വാഹനത്തിന്റെ സാന്നിധ്യം അറിയിക്കുന്ന ശബ്‍ദ മുന്നറിയിപ്പ് സംവിധാനവും കർവ് ഇവിയിലുണ്ട്. സമീപത്തേക്ക് എത്തുന്ന വാഹനത്തെക്കുറിച്ച് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനും ഈ സംവിധാനം സഹായിക്കും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.