ഇന്ധനക്ഷമതയ്ക്ക് അപ്പുറം സുരക്ഷ, ഭാരം കുറയ്ക്കൽ, വൈദ്യുതീകരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുസുക്കി പുതിയ പത്ത് വർഷത്തെ ടെക്ക് റോഡ്‌മാപ്പ് അവതരിപ്പിച്ചു. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ പ്രത്യേക എഡിഎഎസ് (ADAS) സംവിധാനവും വാഹനങ്ങളുടെ ഭാരം കുറയ്ക്കാനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
വാഹന വിപണി അതിവേഗം മാറുന്നതിനിടെ പുതിയ സാങ്കേതിക തന്ത്രവുമായി സുസുക്കി മോട്ടോർ കോർപ്പറേഷൻ. 106 വർഷം പിന്നിട്ട കമ്പനി ഇനി ഇന്ധനക്ഷമതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സുരക്ഷ, ഭാരം കുറയ്ക്കൽ, വൈദ്യുതീകരണം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലും കൂടുതൽ ശ്രദ്ധ നൽകുകയാണ്. അടുത്ത 10 വർഷത്തേക്കുള്ള ടെക്ക് റോഡ്‍മാപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള വളരുന്ന വിപണികളെ മുൻനിർത്തിയാണ് ഈ തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ചെലവേറിയതും സങ്കീർണവുമായ സാങ്കേതികവിദ്യകൾക്ക് പകരം സാധാരണ ഉപഭോക്താവിന് പ്രയോജനപ്പെടുന്നതും താങ്ങാനാകുന്നതുമായ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സുസുക്കി വ്യക്തമാക്കുന്നു.
ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ എഡിഎഎസ്
അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ എഡിഎഎസ് സംവിധാനങ്ങളിൽ ഇന്ത്യയ്ക്കായി പ്രത്യേക സമീപനമാണ് സുസുക്കി സ്വീകരിക്കുന്നത്. ഇന്ത്യയിലെ ഗതാഗത സാഹചര്യങ്ങൾ ജപ്പാനിലേതിൽ നിന്ന് വ്യത്യസ്തമായതിനാൽ ജപ്പാനിൽ വികസിപ്പിച്ച സംവിധാനങ്ങൾ അതേപടി ഇന്ത്യയിൽ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും പ്രായോഗികമാകില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാൽനടയാത്രക്കാർ തുടങ്ങി നിരവധി വിഭാഗങ്ങൾ ഒരേസമയം റോഡിലുണ്ടാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ലെയ്ൻ മാർക്കിങ്ങുകളിലും ട്രാഫിക് അടയാളങ്ങളിലും പലപ്പോഴും വ്യക്തതക്കുറവുണ്ടാകാം.
ഇതനുസരിച്ച് ഇന്ത്യൻ റോഡുകൾക്കും ഗതാഗത സാഹചര്യങ്ങൾക്കും അനുയോജ്യമായ 'ജസ്റ്റ് റൈറ്റ് എഡിഎഎസ്' സംവിധാനമാണ് സുസുക്കി വികസിപ്പിക്കുന്നത്. ലെവൽ 1, ലെവൽ 2 വിഭാഗങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾക്കായിരിക്കും പ്രധാനമായും ശ്രദ്ധ. കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങളും പാർക്കിങ് സഹായ സംവിധാനങ്ങളും ഇതിന്റെ ഭാഗമായേക്കും. ഡ്രൈവറെ അനാവശ്യ മുന്നറിയിപ്പുകൾ കൊണ്ട് ബുദ്ധിമുട്ടിക്കുന്നതിന് പകരം ആവശ്യമായ സമയത്ത് പ്രയോജനപ്പെടുന്ന സഹായ സംവിധാനങ്ങളാണ് ലക്ഷ്യമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ സിടിഒ കറ്റ്സുഹിരോ കാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ ഭാഗത്തിന്റെയും ഭാരം കുറയ്ക്കും
വാഹനങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും സുസുക്കി വലിയ പ്രാധാന്യം നൽകുന്നു. പ്രധാന ഘടകങ്ങളുടെ മാത്രം ഭാരം കുറയ്ക്കുകയല്ല, വാഹനത്തിലെ ചെറിയ ഭാഗങ്ങൾ പോലും പുനഃപരിശോധിക്കുകയാണ് കമ്പനിയുടെ പദ്ധതി. പ്രധാന മോഡലുകളുടെ ഭാരം ഏകദേശം 100 കിലോഗ്രാം വരെ കുറയ്ക്കുകയാണ് ലക്ഷ്യം. ഭാരം കുറഞ്ഞ വാഹനം പ്രവർത്തിപ്പിക്കാൻ കുറഞ്ഞ ഊർജം മതിയാകും. പെട്രോൾ വാഹനങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും വൈദ്യുത വാഹനങ്ങളിൽ ബാറ്ററി ശേഷി കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഇത് സഹായിക്കും. ഉയർന്ന ശക്തിയുള്ള സ്റ്റീൽ, ഭാരം കുറഞ്ഞ അലോയികൾ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുകയാണ് സുസുക്കി. വാഹനത്തിന്റെ ബോഡി ഘടന, ഷാസി, ബാറ്ററി സംരക്ഷണ സംവിധാനം, ഇ-ആക്സിൽ തുടങ്ങിയ ഘടകങ്ങളിലും ഭാരം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
നട്ടും ബോൾട്ടും വരെ ഒഴിവാക്കില്ല
ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ കാറിലെ നട്ടുകളും ബോൾട്ടുകളും വരെ സുസുക്കി പരിശോധിക്കുന്നുണ്ട്. ഒരു എം8 ബോൾട്ടിന്റെ തലയുടെ വലുപ്പം കുറച്ചാൽ ഒരു ബോൾട്ടിൽ ഏകദേശം 1 ഗ്രാം വരെ ഭാരം കുറയ്ക്കാനാകുമെന്ന് കമ്പനി പറയുന്നു. ഒരു വാഹനത്തിൽ 2,000ലധികം ബോൾട്ടുകളുണ്ടാകാം. അതിനാൽ ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങൾ പോലും ഒന്നിച്ചാകുമ്പോൾ വാഹനത്തിന്റെ മൊത്തം ഭാരത്തിൽ കാര്യമായ കുറവുണ്ടാക്കാൻ സാധിക്കും.
ചെറിയ മാറ്റങ്ങളിലൂടെ വൈദ്യുത വാഹനത്തിന്റെ റേഞ്ച് കൂട്ടി
സുസുക്കിയുടെ വൈദ്യുത വാഹന വികസനത്തിൽ ചെറിയ മാറ്റങ്ങൾ പോലും എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിന് ഉദാഹരണമാണ് ഇ-സ്കൈ. വികസനത്തിന്റെ ഒരു ഘട്ടത്തിൽ വാഹനത്തിന് ഏകദേശം 230 കിലോമീറ്റർ റേഞ്ചായിരുന്നു ഉണ്ടായിരുന്നത്. പെട്രോൾ വാഹനത്തിൽ നിന്ന് വൈദ്യുത വാഹനത്തിലേക്ക് മാറുന്ന ഉപഭോക്താവിന് ഈ റേഞ്ച് മതിയാകുമോ എന്ന ചോദ്യമാണ് പിന്നീട് കമ്പനി പരിശോധിച്ചത്. തുടർന്ന് ടയർ റോളിങ് പ്രതിരോധം കുറയ്ക്കുക, സസ്പെൻഷനിൽ മാറ്റം വരുത്തുക, വൈദ്യുതി ഉപയോഗം കുറയ്ക്കുക, ഗിയർ അനുപാതങ്ങൾ ക്രമീകരിക്കുക, ചെറിയ മോട്ടോറിൽ നിന്ന് കൂടുതൽ കാര്യക്ഷമത നേടുക തുടങ്ങിയ നിരവധി മാറ്റങ്ങൾ നടപ്പാക്കി. ഇതിന്റെ ഫലമായി വാഹനത്തിന്റെ റേഞ്ച് ഏകദേശം 80 കിലോമീറ്റർ വർധിപ്പിക്കാൻ സാധിച്ചതായി സുസുക്കി പറയുന്നു. ഒരൊറ്റ വലിയ സാങ്കേതിക മാറ്റത്തിലൂടെയല്ല, നിരവധി ചെറിയ മെച്ചപ്പെടുത്തലുകളുടെ ആകെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്.
വൈദ്യുത വാഹനങ്ങൾക്ക് പുറമെ ഹൈബ്രിഡും പെട്രോൾ മോഡലുകളും
വൈദ്യുത വാഹനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനല്ല സുസുക്കിയുടെ തീരുമാനം. വിവിധ വിപണികൾക്ക് വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത സാങ്കേതികവിദ്യകൾ ആവശ്യമായി വരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. വൈദ്യുത വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ്, പെട്രോൾ, ബയോ-സിഎൻജി, ഫ്ലെക്സ്-ഫ്യുവൽ തുടങ്ങിയ സാങ്കേതികവിദ്യകളിലും കമ്പനി പ്രവർത്തിക്കുന്നു. ചെറു ബാറ്ററിയുള്ള ഭാരം കുറഞ്ഞ വൈദ്യുത വാഹനങ്ങൾ, അടുത്ത തലമുറ ഹൈബ്രിഡ് സംവിധാനങ്ങൾ, കുറഞ്ഞ ഇന്ധന ഉപഭോഗമുള്ള പെട്രോൾ എൻജിനുകൾ തുടങ്ങിയവയും സുസുക്കിയുടെ പദ്ധതികളിലുണ്ട്. സോഫ്റ്റ്‌വെയർ നിർവചിത വാഹനങ്ങൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയിലും കമ്പനി പ്രവർത്തനം ശക്തമാക്കുകയാണ്.
ഇന്ത്യയ്ക്ക് നിർണായകമാകുന്ന മാറ്റങ്ങൾ
ഇന്ത്യയിൽ സിഎൻജി വാഹനങ്ങൾക്ക് നിലവിൽ ശക്തമായ ആവശ്യകതയുണ്ട്. അതേസമയം വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളുടെ വിപണിയും വളരുകയാണ്. 2020 ഏപ്രിലിൽ മാരുതി സുസുക്കി പാസഞ്ചർ വാഹനങ്ങളിൽ ഡീസൽ എൻജിനുകൾ ഒഴിവാക്കിയതിന് പിന്നാലെ സിഎൻജി കമ്പനിയുടെ പ്രധാന പവർട്രെയിൻ ഓപ്ഷനായി മാറിയിരുന്നു. ഭാവിയിൽ പെട്രോൾ വാഹനങ്ങളിൽ നിന്ന് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം ശക്തമാകാമെന്നാണ് ജാറ്റോ ഡൈനാമിക്സിന്റെ പ്രസിഡന്റ് രവി ഭാട്ടിയയുടെ വിലയിരുത്തൽ. എന്നാൽ വിപണിയിൽ കമ്പനികൾ അവതരിപ്പിക്കുന്ന പുതിയ മോഡലുകളും സാങ്കേതികവിദ്യകളും ഈ മാറ്റത്തിന്റെ വേഗതയെ സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മൈലേജിനപ്പുറം പുതിയ സുസുക്കി
ഇന്ത്യൻ വാഹന ഉപഭോക്താക്കളുടെ മുൻഗണനകളിലും മാറ്റം സംഭവിക്കുകയാണ്. മൈലേജിനും വിലയ്ക്കുമൊപ്പം സുരക്ഷ, കണക്റ്റിവിറ്റി, വൈദ്യുതീകരണം, സ്മാർട്ട് സവിശേഷതകൾ എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ഈ സാഹചര്യത്തിൽ കുറഞ്ഞ ഭാരവും കുറഞ്ഞ ഊർജ ഉപയോഗവും ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ എഡിഎഎസും നൽകുന്നതിനൊപ്പം ഉപഭോക്താവിന്റെ ബജറ്റും പരിഗണിക്കുന്ന വാഹനങ്ങളാണ് സുസുക്കി ലക്ഷ്യമിടുന്നത്. വൈദ്യുത വാഹനങ്ങൾ, ഹൈബ്രിഡ്, സിഎൻജി, പെട്രോൾ തുടങ്ങിയ വിവിധ പവർട്രെയിൻ സംവിധാനങ്ങളിൽ ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ മാറുന്ന ഇന്ത്യൻ വാഹന വിപണിക്ക് തയ്യാറെടുക്കുകയാണ് കമ്പനി.


