ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ വിപണി വിഹിതം കുറയുന്നു. എംജി, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകൾ മികച്ച വളർച്ച കൈവരിക്കുന്നു. പുതിയ മോഡലുകൾ വിപണിയിൽ മത്സരം കടുപ്പിക്കുന്നു.

ന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടക്കുകയാണ്. മുമ്പ് ടാറ്റ മോട്ടോഴ്‌സ് മാത്രമായിരുന്നു ഇവി സെഗ്‌മെന്റിലെ ജേതാവ്. നെക്സോൺ ഇവി, പഞ്ച് ഇവി, കർവ്വ ഇവി, ടിയാഗോ ഇവി, ടിഗോർ ഇവി തുടങ്ങി നിരവധി ഇലക്ട്രിക്ക് മോഡലുകളാൽ സമ്പന്നമായ ഒരേയൊരു പ്രബല ബ്രാൻഡായിരുന്നു ടാറ്റ. എന്നാൽ ഇപ്പോൾ സ്ഥിതി മാറി.

2025 ജൂണിൽ ടാറ്റ മോട്ടോഴ്‌സ് മൊത്തം 4,664 യൂണിറ്റ് ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 4,590 യൂണിറ്റായിരുന്നു. വാർഷികാടിസ്ഥാനത്തിൽ രണ്ട് ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം 2024 ജൂണിൽ 62.7 ശതമാനത്തിൽ നിന്ന് വിപണി വിഹിതം 35.8 ശതമാനമായി കുറഞ്ഞു. 2025 മെയ് മാസത്തിൽ കമ്പനി 4,599 ഇലക്ട്രിക് കാറുകൾ റീട്ടെയിൽ ചെയ്തു.

2025 ജൂണിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും 3,945 യൂണിറ്റുകളും 2,979 യൂണിറ്റ് ഇലക്ട്രിക് കാറുകളും വിൽക്കാൻ കഴിഞ്ഞു. എംജി 167 ശതമാനം വാർഷിക വളർച്ച കൈവരിച്ചപ്പോൾ, മഹീന്ദ്ര 512 ശതമാനം ഗണ്യമായ വാർഷിക വളർച്ച കൈവരിച്ചു. എങ്കിലും, 2025 മെയ് മാസത്തിൽ 4,054 യൂണിറ്റുകൾ വിറ്റുപോയപ്പോൾ, ജൂണിൽ എംജി മോട്ടോർ ഇന്ത്യയുടെ വിൽപ്പന 3 ശതമാനം കുറഞ്ഞു. ഹ്യുണ്ടായി, ബിവൈഡി, കിയ, സിട്രോൺ തുടങ്ങിയ ബ്രാൻഡുകൾ യഥാക്രമം 509 യൂണിറ്റ്, 461 യൂണിറ്റ്, 41 യൂണിറ്റ്, 80 യൂണിറ്റ് എന്നിങ്ങനെ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾക്ക് ക്രെറ്റ ഇലക്ട്രിക് മാന്യമായ വിൽപ്പന സൃഷ്ടിക്കുന്നുണ്ട്.

അതേസമയം ടാറ്റയുടെ വീഴ്ചയ്ക്ക് നിരവധി കാരണങ്ങൾ ഉണ്ട്. ബാറ്ററി വാടക പ്രോഗ്രാമുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇവി ആയ എംജി വിൻഡ്‍സർ ഇവിയുടെ വരവോടെയാണ് ടാറ്റയുടെ കഷ്‍ടകാലം തുടങ്ങിയത് . എംജിയുടെ ബാറ്ററി സേവന പദ്ധതി വാഹനത്തിന്റെ പ്രാരംഭ ഉടമസ്ഥാവകാശ ചെലവ് കുറച്ചു. ഇത് വിൻഡ്‍സറിനെ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രിയമാക്കി. മാത്രമല്ല മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇലക്ട്രിക് വാഹന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പുതുതായി പുറത്തിറക്കിയ മഹീന്ദ്ര ബിഇ 6 ഉം XEV 9e ഉം ഇലക്ട്രിക് എസ്‌യുവികൾ, അവയുടെ ഭാവി രൂപകൽപ്പനയും സാങ്കേതികവിദ്യയിൽ സമ്പന്നമായ ഇന്റീരിയറും വാങ്ങുന്നവരെ ആകർഷിക്കുന്നു. ഇന്ത്യൻ ഇവി മേഖലയിൽ എംജിയും മഹീന്ദ്രയും കുതിച്ചുയരുമ്പോൾ, ടാറ്റയുടെ വിഹിതം കാര്യമായി കുറഞ്ഞു. അതേസമയം നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാൻ, ടാറ്റ പുതുതായി പുറത്തിറക്കിയ ഹാരിയർ ഇവിയും വരാനിരിക്കുന്ന സിയറ ഇവിയും സഹായിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് പ്രതീക്ഷിക്കുന്നു.