ടാറ്റയിൽ നിന്നും വരുന്ന ആറാമത്തെ ഇലക്ട്രിക് വാഹനമായ ഹാരിയർ ഇവി ജൂൺ മൂന്നിന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. 24 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര XUV9e, BYD അറ്റോ 3 എന്നിവയ്ക്ക് എതിരാളിയായിരിക്കും ഈ വാഹനം.

ടാറ്റയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹാരിയർ ഇവിയുടെ ലോഞ്ച് തീയതി ഒടുവിൽ പ്രഖ്യാപിച്ചു. 2025 ജൂൺ മൂന്നിന് വാഹനം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ഇന്ത്യയിലെ തദ്ദേശീയ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആറാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും ഇത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് XEV 9e, BYD യുടെ അറ്റോ 3 എസ്‌യുവികൾക്ക് എതിരാളിയായിരിക്കും ഇത്. ടാറ്റ ഹാരിയർ ഇവിയുടെ ഔദ്യോഗിക വില അടുത്തയാഴ്ച പ്രഖ്യാപിക്കും. ഇവിയുടെ എക്സ് ഷോറൂം വില 24 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ മുഖ്യ എതിരാളികളായ മഹീന്ദ്ര XEV 9e, ബിവൈഡി അറ്റോ 3 എന്നിവയ്ക്ക് യഥാക്രമം 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയും 24.99 ലക്ഷം രൂപ മുതൽ 33.99 ലക്ഷം രൂപ വരെയുമാണ് വില.

അടുത്തിടെ മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഈ ഇലക്ട്രിക് വാഹനം പരീക്ഷണത്തിനിടെ കണ്ടെത്തി. മറയ്ക്കാതെ കാണപ്പെടുന്ന പ്രോട്ടോടൈപ്പ്, ഉൽപ്പാദനത്തിന് തയ്യാറായ ഒരു രൂപകൽപ്പനയെ സൂചിപ്പിക്കുന്നു. ഇത് വിപണിയിലെത്തുന്നതിന് മുമ്പുള്ള ടാറ്റയുടെ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണെന്ന് സൂചിപ്പിക്കുന്നു. ടാറ്റ ഹാരിയർ ഇവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഈ ഇവിയിൽ രണ്ടോ അതിലധികമോ ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനും ഉണ്ടാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന വകഭേദങ്ങൾ വലിയ ബാറ്ററിയും ഡ്യുവൽ ഇ-മോട്ടോർ സജ്ജീകരണവും മാത്രമായിരിക്കും വാഗ്ദാനം ചെയ്യുന്നത്. പരമാവധി 500Nm ടോർക്ക് ഈ ഇവി നൽകുമെന്ന് ടാറ്റ സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് വളരെ ശ്രദ്ധേയമാണ്. ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം V2V (വെഹിക്കിൾ-ടു-വെഹിക്കിൾ), V2L (വെഹിക്കിൾ-ടു-ലോഡ്) ചാർജിംഗിനെ ഹാരിയർ ഇവി പിന്തുണയ്ക്കും. ഉയർന്ന സ്പെക്ക് പതിപ്പിൽ, ഇലക്ട്രിക് എസ്‌യുവി 500 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റയുടെ രണ്ടാം തലമുറ ആക്ടി.ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഹാരിയർ ഇവിയുടെ ഐസിഇ പതിപ്പിന് സമാനമായിരിക്കും. എങ്കിലും, വ്യത്യസ്‍തമായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എയറോ-ഒപ്റ്റിമൈസ് ചെയ്‌ത അലോയ് വീലുകൾ, മുൻവാതിലുകളിലും ടെയിൽഗേറ്റിലും 'ഇവി' ബാഡ്‍ജുകൾ എന്നിവ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.