ഈ ഉത്സവ സീസണിൽ 25,000-ത്തിലധികം വാഹനങ്ങൾ വിതരണം ചെയ്ത് റെക്കോർഡ് വിൽപ്പന നേടാൻ ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. നെക്‌സോൺ, പഞ്ച് തുടങ്ങിയ എസ്‌യുവികളുടെ വൻ ഡിമാൻഡും ഇലക്ട്രിക് വാഹന നിരയുടെ വളർച്ചയുമാണ് ഈ കുതിപ്പിന് പിന്നിൽ.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉത്സവ വിൽപ്പന കണക്കുകൂട്ടി ടാറ്റ മോട്ടോഴ്‌സ്. ധന്തേരസ്, ദീപാവലി കാലയളവിൽ 25,000-ത്തിലധികം വാഹനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ ധന്തേരസ് രണ്ട് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്നു, കഴിഞ്ഞ വർഷത്തെ ഉത്സവ വിൽപ്പനയെ അപേക്ഷിച്ച് 30 ശതമാനം വളർച്ച ടാറ്റ പ്രതീക്ഷിക്കുന്നു - ഇത് അവരുടെ യാത്രാ വാഹന ബിസിനസിന് ഒരു പുതിയ നാഴികക്കല്ല് ഉറപ്പാക്കുന്നു.
59,667 യൂണിറ്റ് ആഭ്യന്തരവിൽപ്പന
2025 സെപ്റ്റംബറിൽ ടാറ്റാ മോട്ടോഴ്സ് ആഭ്യന്തര വിൽപ്പനയിൽ 59,667 യൂണിറ്റുകൾ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 41,065 യൂണിറ്റുകളായിരുന്നു. ശക്തമായ എസ്‌യുവി ഡിമാൻഡും വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോയും മൂലമുണ്ടായ ഈ കുതിച്ചുചാട്ടം ടാറ്റയുടെ വിപണി വിഹിതം 15.8 ശതമാനമായി ഉയർത്തി . പ്രതിവർഷം 4.3 പോയിന്റ് വർധനവ്. എല്ലാ വാഹന നിർമ്മാതാക്കളിലും ഏറ്റവും ഉയർന്ന നേട്ടമാണിത്.
അതേസമയം ഇതിനു വിപരീതമായി, മാരുതി സുസുക്കിയുടെ വിപണി വിഹിതം 2024 സെപ്റ്റംബറിൽ 40.4 ശതമാനത്തിൽ നിന്ന് ഈ വർഷം 35.1 ശതമാനമായി കുറഞ്ഞു. 5.3 ശതമാനം ഇടിവ്. 1,32,821 യൂണിറ്റുകൾ വിറ്റഴിച്ച് മൊത്തത്തിൽ വിപണിയിൽ മുന്നിലെത്തിയിട്ടും വിൽപ്പനയിൽ മാരുതിയുടെ വിൽപ്പന 8.4 ശതമാനം ഇടിഞ്ഞു. അതേസമയം, 10.1 ശതമാനം വർധനയോടെ 56,233 യൂണിറ്റുകളുമായി മഹീന്ദ്ര മൂന്നാം സ്ഥാനത്ത് തുടർന്നു. ഹ്യുണ്ടായിയും ടൊയോട്ടയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ തുടർന്നു.
ടാറ്റയുടെ പ്രകടനത്തിന് പിന്നിൽ നെക്‌സോൺ, പഞ്ച് എന്നീ മോഡലുകളാണ്. ഇവ ഇപ്പോഴും ചാർട്ടുകളിൽ ആധിപത്യം പുലർത്തുന്നു. സെപ്റ്റംബറിൽ നെക്‌സോൺ മാത്രം 22,500 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. അങ്ങനെ ഈ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാസഞ്ചർ വാഹനമായി ഇത് മാറി. പഞ്ച് ഇവി, നെക്‌സോൺ ഇവി, ടിയാഗോ ഇവി എന്നിവ നയിക്കുന്ന ഇവി ശ്രേണിയും ഗണ്യമായ സംഭാവന നൽകി, വർഷം തോറും 96 ശതമാനം റെക്കോർഡ് വർധനവ് രേഖപ്പെടുത്തി.


