ടൊയോട്ട ഫോർച്യൂണറിന് ഒരുലക്ഷം രൂപ വരെ കിഴിവ്
ടൊയോട്ട ഫോർച്യൂണർ എസ്‌യുവിക്ക് ഈ മാസം വൻ കിഴിവുകൾ പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറികൾ, എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ് എന്നിവ ഉൾപ്പെടെ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഫോർച്യൂണർ GR-S മോഡലിൽ പുതിയ ഡിസൈൻ സവിശേഷതകളും സ്പോർട്ടി ഇന്റീരിയറും ഉണ്ട്.

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഫോർച്യൂണർ എപ്പോഴും എസ്‌യുവി പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ്. ടൊയോട്ട ഫോർച്യൂണർ വർഷങ്ങളായി രാജ്യത്തെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ആധിപത്യം സ്ഥാപിച്ചു. ഇപ്പോഴിതാ വിൽപ്പന വർധിപ്പിക്കുന്നതിനായി കമ്പനി ഈ മാസം വൻ കിഴിവുകളും നൽകുന്നു. നിങ്ങൾ ഈ മാസം ഈ എസ്‌യുവി വാങ്ങിയാൽ ഒരു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഈ കാറിന് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 55,000 രൂപ വിലവരുന്ന ആക്‌സസറികൾ, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 50,000 രൂപ ലോയൽറ്റി ബോണസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ രീതിയിൽ, വ്യവസ്ഥകൾക്കനുസരിച്ച്, ഈ കാറിന് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാകും. വേരിയന്റിനെ ആശ്രയിച്ച് ഫോർച്യൂണറിന്റെ എക്സ്-ഷോറൂം വില 33.78 ലക്ഷം മുതൽ 51.94 ലക്ഷം രൂപ വരെയാണ്.
ടൊയോട്ട ലെജൻഡറിനെ അടിസ്ഥാനമാക്കിയുള്ള ഒരു മോഡലാണ് ഫോർച്യൂണർ GR-S. ഫോർച്യൂണറിന്റെ സാധാരണ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഒരു പുതിയ എയർ ഡാം, മുൻവശത്ത് പുതിയ ഫോഗ് ലാമ്പ് ക്ലസ്റ്ററുള്ള പുതുതായി രൂപകൽപ്പന ചെയ്ത ബമ്പർ എന്നിവ ലഭിക്കുന്നു. എസ്‌യുവിയിൽ പലയിടത്തും ജിആർ ബാഡ്‍ജിംഗ് കാണാം. എസ്‌യുവിയുടെ ഫ്രണ്ട് ഗ്രിൽ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പീഡോമീറ്റർ, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, സീറ്റുകൾ, പിൻഭാഗം തുടങ്ങി പലയിടത്തും ജിആർ ബാഡ്‍ജിംഗ് ദൃശ്യമാണ്. ഇരുണ്ട ഫിനിഷുള്ള ഇതിന്റെ ഡ്യുവൽ-ടോൺ അലോയ് വീലുകൾ ലെജൻഡറിനോട് സാമ്യമുള്ളതായി കാണപ്പെടുന്നു. GR-S വേരിയന്റിൽ GR ലോഗോയുള്ള ചുവന്ന ബ്രേക്ക് കാലിപ്പറുകൾ ഉണ്ട്.
ഫോർച്യൂണർ GR-S ന്റെ ടോപ്പ്-എൻഡ് വേരിയന്റിലെ സസ്‌പെൻഷൻ സജ്ജീകരണം പുനഃക്രമീകരിച്ചിരിക്കുന്നു. എങ്കിലും, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഇതിന് ലഭിക്കുന്നു. ഈ എഞ്ചിൻ 3,000 - 3,400 rpm -ൽ 201 bhp കരുത്തും 1,600 - 2,800 rpm -ൽ 500 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഫോർച്യൂണർ ജിആർ സ്‌പോർട് വേരിയന്റിൽ ഫോർ വീൽ ഡ്രൈവ് (4WD) സിസ്റ്റം ലഭ്യമാണ്.
കറുത്ത ലെതർ സീറ്റുകളും ചുവന്ന സ്റ്റിച്ചിംഗുള്ള അപ്ഹോൾസ്റ്ററിയും ഉള്ളതിനാൽ ഇന്റീരിയർ കൂടുതൽ സ്പോർട്ടിയായി കാണപ്പെടുന്നു. ഹെഡ്‌റെസ്റ്റിലും സ്റ്റിയറിംഗ് വീലിലും GR ലോഗോ കാണാം. ഇതിന്റെ സെന്റർ കൺസോളിനും ഇൻസ്ട്രുമെന്റ് പാനലിനും വ്യത്യസ്ത ട്രിം ഫിനിഷുകളുണ്ട്. ഫോർച്യൂണർ ജിആർ സ്‌പോർട്ടിലെ സ്റ്റാൻഡേർഡ് ഫീച്ചർ ലിസ്റ്റിൽ ജെസ്റ്റർ നിയന്ത്രിത ടെയിൽഗേറ്റ്, ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
