അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ റെനോ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മൂന്നാം തലമുറ ഡസ്റ്റർ 2026-ൽ എത്തും, ഒപ്പം ഥാർ, ജിംനി എന്നിവയെ നേരിടാൻ ലക്ഷ്യമിടുന്ന ബ്രിഡ്‍ജർ എന്ന പുതിയ കൺസെപ്റ്റ് എസ്‍യുവിയും കമ്പനി അവതരിപ്പിക്കുന്നു.

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യയിലെ വിപണിയിൽ കൂടുതൽ ശക്തമായ നിലപാട് നേടാൻ പുതിയ ഉൽപ്പന്ന തന്ത്രവുമായി മുന്നോട്ട് വരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3 മുതൽ 5 ശതമാനം വരെ മാർക്കറ്റ് ഷെയർ നേടുക എന്ന ലക്ഷ്യത്തോടെ ഓരോ വർഷവും പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ തന്ത്രത്തിന്റെ ഭാഗമായി 2026-ൽ മൂന്നാം തലമുറ റെനോ ഡസ്റ്റർ ഉടൻ വിപണിയിലെത്തും.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചതനുസരിച്ച്, പുതിയ റെനോ ഡസ്റ്റർ മാർച്ച് 17, 2026-ന് ലോഞ്ച് ചെയ്യും. പുതുതായി രൂപകൽപ്പന ചെയ്ത ആധുനിക എക്സ്റ്റീരിയർ ഡിസൈൻ, കൂടുതൽ പ്രീമിയം ഇന്റീരിയർ സൗകര്യങ്ങൾ, കൂടുതൽ ശക്തിയുള്ള ടർബോചാർജ്ഡ് പെട്രോൾ എൻജിനുകൾ എന്നിവയോടെയാണ് ഈ എസ്‍യുവി എത്തുന്നത്. ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ മോഡലായ ഡസ്റ്ററിന്റെ പുതിയ പതിപ്പിനായി വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അതേസമയം, കമ്പനി പുറത്തിറക്കിയ ടീസർ ചിത്രങ്ങളിലൂടെ റെനോ ബ്രിഡ്‍ജർ കൺസെപ്റ്റ് എന്ന പുതിയ കോൺസെപ്റ്റ് എസ്‍യുവിയും ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഈ കൺസെപ്റ്റ് മോഡൽ മാർച്ച് 10-ന് ഗ്ലോബൽ ഡെബ്യൂ ചെയ്യും. എന്നാൽ ഇത് ഇന്ത്യൻ വിപണിയിൽ എത്താൻ കുറച്ച് സമയം കൂടി വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത് വികസിപ്പിക്കുന്ന ഒരു സബ് ഫോർ മീറ്റർ എസ്‍യുവി ആയിരിക്കും എന്നാണ് സൂചന.

പുതിയ ഡസ്റ്റർ ആരംഭത്തിൽ രണ്ട് എൻജിൻ ഓപ്ഷനുകളോടെയാണ് വിപണിയിലെത്തുക. 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 163 bhp ശക്തിയും 280 Nm ടോർക്കും നൽകും. കൂടാതെ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 100 bhp പവറും 160 Nm ടോർക്കും ഉൽപാദിപ്പിക്കും. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായിരിക്കും. അതേസമയം 1.3 ലിറ്റർ ടർബോ എൻജിനുള്ള പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാകും. കൂടാതെ 1.8 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുള്ള ഡസ്റ്റർ ഹൈബ്രിഡ് പതിപ്പ് 2026-ലെ ദീപാവലി സമയത്ത് അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ടീസർ പ്രകാരം റെനോ ബ്രിഡ്‍ജർ കൺസെപ്റ്റ് മോഡലിന് ബോക്സി രൂപകൽപ്പനയും ഉയർന്ന നിലയിലുള്ള സിലൂവെറ്റും കാണാം. ഇത് ലാൻഡ് റോവർ ഡിഫൻഡറിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനാണ്. പ്രത്യേക രൂപകൽപ്പനയിലുള്ള ടെയിൽ ലാമ്പുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ, ബ്രിഡ്‍ജർ കൺസെപ്റ്റ് ബാഡ്‍ജിംഗ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഈ എസ്‍യുവി ഒരു അർബൻ എസ്‍യുവി ആയിരിക്കുമെന്നും യാത്രക്കാരുടെ സൗകര്യത്തിലും സ്പേസിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയിൽ എത്തുമ്പോൾ ഈ മോഡൽ മാരുതി ജിംനിയും മഹീന്ദ്ര ഥാറും പോലുള്ള മോഡലുകളെ നേരിടും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ റെനോ കിഗറിൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെ ബ്രിഡ്‍ജറിലും ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.