ഇന്ത്യൻ വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ 2031-നുള്ളിൽ 7 പുതിയ എസ്യുവികളും അഞ്ച് ഇലക്ട്രിക് വാഹനങ്ങളും പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. ഫ്രോങ്ക്സ് സ്ട്രോങ് ഹൈബ്രിഡ്, വൈഎംസി ഇലക്ട്രിക് എംപിവി, ടാറ്റ പഞ്ചിന് എതിരാളിയായ പുതിയ മൈക്രോ എസ്യുവി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കാൻ പുതിയ എസ്യുവികളും ഇലക്ട്രിക് വാഹനങ്ങളുമായി മാരുതി സുസുക്കി. 2031നുള്ളിൽ 7 പുതിയ എസ്യുവികളും 5 പുതിയ ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി 2027ൽ ഫ്രോങ്ക്സ് സ്ട്രോങ് ഹൈബ്രിഡ് എസ്യുവിയും വൈഎംസി എന്ന കോഡ് നാമത്തിലുള്ള കോംപാക്ട് ഇലക്ട്രിക് എംപിവിയും വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന വിവിധ പവർട്രെയിൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വിപണിവിഹിതം തിരിച്ചുപിടിക്കാനാണ് ഇന്ത്യ-ജപ്പാൻ സംയുക്ത വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ നീക്കം.
ഫ്രോങ്ക്സ് ഹൈബ്രിഡ്; മൈലേജിൽ കണ്ണുവെച്ച് മാരുതി
മാരുതി സുസുക്കി സ്വന്തമായി വികസിപ്പിക്കുന്ന സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്ന മോഡലായിരിക്കും ഫ്രോങ്ക്സ് ഹൈബ്രിഡ്. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ഹൈബ്രിഡ് വാഹനങ്ങൾ എത്തിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മാരുതിയുടെ പുതിയ ഹൈബ്രിഡ് സംവിധാനം ഭാവിയിൽ ബലേനോ, സ്വിഫ്റ്റ് ഹാച്ച്ബാക്കുകളുടെയും പുതിയ ബ്രെസ്സയുടെയും ഭാഗമായേക്കും. അതേസമയം, പ്രീമിയം ഹൈബ്രിഡ് മോഡലുകളിൽ ടൊയോട്ടയുടെ അറ്റ്കിൻസൺ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യ തുടർന്നും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. വിജയകരമായി ഉപയോഗിച്ചുവരുന്ന ഇസഡ്12ഇ പെട്രോൾ എൻജിനെ അടിസ്ഥാനമാക്കിയാകും പുതിയ ഹൈബ്രിഡ് സംവിധാനം വികസിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. സീരീസ് ഹൈബ്രിഡ് സംവിധാനമായിരിക്കും ഇതിലുണ്ടാകുക. ടൊയോട്ടയുടെ സീരീസ്-പാരലൽ ഹൈബ്രിഡ് സംവിധാനത്തേക്കാൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായിരിക്കും പുതിയ സാങ്കേതികവിദ്യയെന്നാണ് പ്രതീക്ഷ. ഫ്രോങ്ക്സ് ഹൈബ്രിഡിന് ലിറ്ററിന് 35 കിലോമീറ്ററിലധികം ഇന്ധനക്ഷമത ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, മൈലേജും സാങ്കേതിക സവിശേഷതകളും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മാരുതി ഇലക്ട്രിക് എംപിവി; കിയ കാരൻസ് ക്ലാവിസ് ഇവിയുമായി മത്സരം
വൈഎംസി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി 2026 അവസാനത്തോടെ അവതരിപ്പിച്ചേക്കും. 2027ൽ ഷോറൂമുകളിലെത്തുമെന്നാണ് പ്രതീക്ഷ. നെക്സ ഡീലർഷിപ്പ് ശൃംഖല വഴിയായിരിക്കും വാഹനം വിൽക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. വിപണിയിലെത്തുമ്പോൾ കിയ കാരൻസ് ക്ലാവിസ് ഇവിയുമായിട്ടാകും പ്രധാന മത്സരം. മാരുതിയുടെ ഇവിറ്റാരയുമായി പ്ലാറ്റ്ഫോം പങ്കിടാൻ സാധ്യതയുള്ള പുതിയ എംപിവിയിൽ വിക്ടോറിസിൽനിന്നുള്ള ചില ഡിസൈൻ ഘടകങ്ങളും ഉൾപ്പെടുത്തിയേക്കും. പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ അനുസരിച്ച്, മുൻവശത്ത് ചുറ്റിപ്പടരുന്ന രീതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകളും സ്ലാറ്റഡ് ഡിആർഎല്ലുകളും വാഹനത്തിലുണ്ടാകും. മുൻ ബമ്പറിന് മുകളിൽ നേർത്ത എയർ ഇൻടേക്കും പ്രതീക്ഷിക്കുന്നു. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, സ്പോർട്ടി പിൻ ബമ്പർ, നേർത്ത റിഫ്ലക്ടറുകൾ, ചെറിയ റൂഫ് സ്പോയിലർ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ഡിസൈനിന്റെ പ്രത്യേകതകളായേക്കും.
ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കുമോ?
ഇവിറ്റാരയുടെ ബാറ്ററി, പവർട്രെയിൻ സാങ്കേതികവിദ്യകൾ പുതിയ ഇലക്ട്രിക് എംപിവിയിലും ഉപയോഗിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ഇവിറ്റാര 49 കിലോവാട്ട് മണിക്കൂർ, 61 കിലോവാട്ട് മണിക്കൂർ ബാറ്ററി ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. 49 കിലോവാട്ട് മണിക്കൂർ ബാറ്ററിയുള്ള പതിപ്പ് 144 ബിഎച്ച്പി കരുത്തും എആർഎഐ സാക്ഷ്യപ്പെടുത്തിയ 440 കിലോമീറ്റർ സഞ്ചാരപരിധിയും വാഗ്ദാനം ചെയ്യുന്നു. ഉയർന്ന ശേഷിയുള്ള 61 കിലോവാട്ട് മണിക്കൂർ ബാറ്ററി പതിപ്പിന് 174 ബിഎച്ച്പി കരുത്തും ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന അവകാശവാദവുമുണ്ട്. എന്നാൽ, ഈ ബാറ്ററി ഓപ്ഷനുകളും സഞ്ചാരപരിധിയും പുതിയ എംപിവിയിൽ അതേപടി ലഭിക്കുമോയെന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല.
ഫ്രോങ്ക്സിനും ഗ്രാൻഡ് വിറ്റാരയ്ക്കും പുതുമകൾ
ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര എസ്യുവികളുടെ പുതുക്കിയ പതിപ്പുകളും മാരുതി സുസുക്കി തയ്യാറാക്കുന്നുണ്ട്. 2026 അവസാനത്തോടെയോ 2027ലോ ഇവ വിപണിയിലെത്തിയേക്കും. പുതിയ ഫ്രോങ്ക്സിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾക്കൊപ്പം ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) ഉൾപ്പെടുത്തിയേക്കും. പുതുക്കിയ ബലേനോയ്ക്ക് സമാനമായി ഇസഡ് സീരീസ് പെട്രോൾ എൻജിനും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റ പഞ്ചിന് എതിരാളിയായി പുതിയ മൈക്രോ എസ്യുവി
ടാറ്റ പഞ്ചിനെ നേരിടാൻ വൈ43 എന്ന കോഡ് നാമത്തിലുള്ള പുതിയ മൈക്രോ എസ്യുവിയും മാരുതി വികസിപ്പിക്കുന്നുണ്ട്. വിപണിയിൽനിന്ന് പിൻവലിച്ച ഇഗ്നിസിന് പകരക്കാരനായിട്ടാകും പുതിയ മോഡൽ എത്തുക. നെക്സ ഡീലർഷിപ്പുകൾ വഴിയായിരിക്കും വിൽപ്പനയെന്നും സൂചനയുണ്ട്.
ഇലക്ട്രിക് വാഹന വിഭാഗത്തിൽ സുസുക്കി ഇ-സ്കൈ ആശയമാതൃകയുടെ ഉൽപ്പാദന പതിപ്പും മാരുതി പരിഗണിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ ലോഞ്ച് തീയതി, സാങ്കേതിക സവിശേഷതകൾ, വില തുടങ്ങിയ കാര്യങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പുതിയ ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വിവിധ വിലവിഭാഗങ്ങളിൽ സാന്നിധ്യം ശക്തമാക്കാനുമാണ് മാരുതി സുസുക്കിയുടെ നീക്കം. വരാനിരിക്കുന്ന മോഡലുകളുടെ വിലയും യഥാർഥ സവിശേഷതകളും പുറത്തുവരുന്നതോടെ വിപണിയിലെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.






