ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ടാറ്റാ മോട്ടോഴ്സ് 2026-ഓടെ മൂന്ന് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ ഇവി, ടിയാഗോ ഇവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പ്, പ്രീമിയം മോഡലായ അവിന്യ ഇവി എന്നിവയാണ് ഈ നിരയിൽ ഉൾപ്പെടുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ മുന്നേറ്റം തുടരുകയാണ് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റാ മോട്ടോഴ്സ് . നിലവിൽ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ എണ്ണം തന്നെ അതിന് തെളിവാണ്. ആറ് ഇലക്ട്രിക് മോഡലുകൾ ഇതിനകം ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഇന്ത്യയിൽ ടാറ്റയ്ക്ക് വ്യക്തമായ ലീഡർഷിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ 2026 അവസാനത്തോടെ മൂന്ന് പുതിയ ഇലക്ട്രിക് കാറുകൾ കൂടി അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. പുതിയ മോഡലുകൾ കമ്പനിയുടെ ഇലക്ട്രിക് വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് വിലയിരുത്തൽ.
ടാറ്റ സിയറ ഇവി
ടാറ്റയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ സിയറ ഇവി. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, അതായത് FY27-ന്റെ ആദ്യ പാദത്തിൽ, ഈ മോഡൽ വിപണിയിലെത്താൻ സാധ്യതയുണ്ട്. ഇതിനകം തന്നെ ഈ വാഹനത്തിന്റെ ടെസ്റ്റിംഗ് മോഡലുകൾ പലവട്ടം റോഡുകളിൽ കണ്ടിട്ടുണ്ട്. സിയറ ഇവി, ടാറ്റ കർവ്വ് ഇവിയും ടാറ്റ ഹാരിയർ ഇവിയും തമ്മിലുള്ള സെഗ്മെന്റിലായിരിക്കും കമ്പനി അവതരിപ്പിക്കുക. റിയർ-വീൽ ഡ്രൈവ് ഉള്ള സിംഗിൾ മോട്ടോർ പതിപ്പും, ഓൾ-വീൽ ഡ്രൈവ് സിസ്റ്റമുള്ള ഡ്യുവൽ മോട്ടോർ പതിപ്പും ഉൾപ്പെടെ നിരവധി കോൺഫിഗറേഷനുകൾ ഉണ്ടാകാമെന്നാണ് സൂചന. ടാറ്റയുടെ ആക്റ്റി. ഇവി പ്ലസ് പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിർമ്മിക്കുക. 55 kWh, 65 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭിക്കാമെന്നും, വലിയ ബാറ്ററിയുള്ള പതിപ്പിന് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കാമെന്നുമാണ് റിപ്പോർട്ടുകൾ. കൂടാതെ വെഹിക്കിൾ ടു വെഹിക്കിൾ (V2V), വെഹിക്കിൾ ടു ലോഡ് (V2L) ചാർജിംഗ് സൗകര്യങ്ങളും ലഭിക്കാമെന്നാണു പ്രതീക്ഷ.
ടാറ്റാ ടിയാഗോ ഇവി
ടാറ്റയുടെ ഏറ്റവും ചെലവുകുറഞ്ഞ ഇലക്ട്രിക് ഹാച്ച്ബാക്കായ ടിയാഗോ ഇവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് 2026-ലെ ദീപാവലി സീസണിന് മുന്നോടിയായി വിപണിയിലെത്താൻ സാധ്യതയുണ്ട്. ഈ മോഡലിന്റെ ടെസ്റ്റിംഗ് ഇതിനകം ആരംഭിച്ചിരിക്കുകയാണ്. പുതിയ പതിപ്പിൽ പുതുക്കിയ ഹെഡ്ലാമ്പ് ഡിസൈൻ, പുതുക്കിയ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്റീരിയറിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും, കൂടുതൽ ശേഷിയുള്ള ബാറ്ററി ഓപ്ഷനുകൾ ലഭിക്കാനിടയുണ്ട്. നിലവിൽ ടിയാഗോ EV 19.2 kWh, 24 kWh ബാറ്ററി ഓപ്ഷനുകളോടെ 223 കിലോമീറ്ററും 293 കിലോമീറ്ററും വരെ റേഞ്ച് നൽകുന്നു.
ടാറ്റ അവിന്യ ഇവി
ടാറ്റയുടെ ഭാവിയിലേക്ക് ലക്ഷ്യമിട്ട പ്രീമിയം ഇലക്ട്രിക് മോഡലാണ് അവിന്യ ഇവി. ഈ മോഡൽ 2026 അവസാനത്തോടെ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത് ഓട്ടോ എക്സ്പോ 2023-ലാണ്. പിന്നീട് അവിന്യ എക്സ് എന്ന പ്രീ-പ്രൊഡക്ഷൻ മോഡൽ ഭാരത് മൊബൈലിറ്റി ഗ്ലോബൽ എക്സ്പോയിലും പ്രദർശിപ്പിച്ചു. ടാറ്റയുടെ ജെൻ-3 ഇവി ആർക്കിടെക്ചറിലാണ് ഈ വാഹനം നിർമ്മിക്കുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്‍റെ (EMA) പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിക്കുന്നത്. ഏകദേശം 600 കിലോമീറ്ററിലധികം റേഞ്ച് നൽകുന്ന ഈ പ്രീമിയം ഇലക്ട്രിക് കാർ AWD സിസ്റ്റവുമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. വില ഏകദേശം 35 ലക്ഷം രൂപയോടെയാണ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ മോഡലുകൾ പുറത്തിറങ്ങിയാൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ മുൻതൂക്കം കൂടുതൽ ശക്തമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.


