2026-ൽ പുറത്തിറങ്ങാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗണിന്റെ പുതിയ മോഡലിന്റെ വിശദാംശങ്ങൾ പുറത്ത്. പുതിയ ഡിസൈൻ, സവിശേഷതകൾ, എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.

2021ൽ ടൈഗൺ പുറത്തിറക്കിക്കൊണ്ടാണ് ജർമ്മൻ വാഹന ബ്രാൻഡായ ഫോക്സ്‍വാഗൺ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്കുള്ള പ്രവേശനം നടത്തിയത്. ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ വികസിപ്പിച്ചെടുത്തതും MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതുമായ മോഡലായിരുന്നു ഫോക്സ്‍വാഗൺ ടൈഗൺ. പ്രായോഗികവും എന്നാൽ ഒതുക്കമുള്ളതുമായ ഡിസൈൻ, പ്രീമിയം ബ്രാൻഡ് അപ്പീൽ, ശക്തമായ സുരക്ഷാ ഗുണങ്ങൾ തുടങ്ങിയവ കാരണം ഈ കോംപാക്റ്റ് എസ്‌യുവി ശ്രദ്ധേയമായി. എത്തി ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം, ഫോക്‌സ്‌വാഗൺ ടൈഗണിന് അതിന്റെ ആദ്യത്തെ മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുകയാണ്. 2026 ന്റെ തുടക്കത്തിൽ ഈ പുതിയ പതിപ്പ് വിപണിയിൽ എത്തും.

വാഹനത്തിന്‍റെ സ്‍പൈ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ചോർന്ന ഈ സ്പൈ ചിത്രങ്ങൾ അതിന്റെ ഡിസൈൻ വിശദാംശങ്ങൾ മറച്ചുവച്ചിരുന്നു. എങ്കിലും, 2026 ഫോക്‌സ്‌വാഗൺ ടൈഗണിൽ പരിഷ്‍കരിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾക്കൊപ്പം ചെറുതായി പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഷീറ്റ് മെറ്റൽ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

ഫോക്‌സ്‌വാഗൺ പുതിയ ടൈഗണിൽ എഡിഎഎസ് (ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ടും 360-ഡിഗ്രി ക്യാമറയും സജ്ജീകരിക്കാൻ സാധ്യതയുണ്ട്. പുതിയ ക്യാബിൻ തീമിനൊപ്പം എസ്‌യുവിക്ക് പുതിയ അപ്ഹോൾസ്റ്ററിയും ട്രിമ്മുകളും ലഭിച്ചേക്കാം. നിലവിലെ മോഡലിൽ നിന്നുള്ള മറ്റ് ഫീച്ചറുകളും ലഭിക്കും. ക്യാബിനുള്ളിൽ, ഫോക്‌സ്‌വാഗൺ പുതിയ ട്രിം മെറ്റീരിയലുകൾ, പുതുക്കിയ കളർ തീമുകൾ, അധിക സുഖസൗകര്യങ്ങളും സാങ്കേതിക സവിശേഷതകളും വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഓട്ടോ ഹൈ ബീം എന്നിവയും അതിലേറെയും ഇതിൽ ഉൾപ്പെടും. ഇടുങ്ങിയ ഇടങ്ങളിൽ മികച്ച ഗതാഗത സൗകര്യത്തിനായി ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2026 ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കിയ നിലവിലുള്ള 1.0L ടർബോ പെട്രോൾ, 1.5L ടർബോ പെട്രോൾ എഞ്ചിനുകൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.0L പെട്രോൾ എഞ്ചിനിൽ മാത്രം ലഭ്യമായ നിലവിലെ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പകരം പുതിയ 8-സ്പീഡ് യൂണിറ്റ് നൽകുമെന്നു റിപ്പോർട്ടുകൾ ഉണ്ട്. 1.0L TSI എഞ്ചിൻ 115bhp കരുത്തും 178Nm ടോർക്കും നൽകുന്നു, അതേസമയം വലിയ ശേഷിയുള്ള ടിഎസ്ഐ മോട്ടോർ 150bhp പവറും 250Nm ടോർക്കും നൽകുന്നു.