Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ മാപ്പ് ചതിച്ചു; കോതമംഗലത്ത് കാര്‍ 30 അടി കിടങ്ങില്‍ പതിച്ചു

ഗൂഗിള്‍ മാപ്പ് നോക്കിയാണ് മൂന്നംഗ സംഘം മുന്നോട്ട് പോയത്. എന്നാല്‍ റോഡ് പണി നടക്കുന്ന കാര്യം അറിയില്ലായിരുന്നു. വേഗത്തിലായിരുന്ന കാര്‍ കിടങ്ങിന് അടുത്ത് എത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്

google map failed car fall to 30 yard pit
Author
Kothamangalam, First Published Dec 8, 2018, 9:25 AM IST

കോതമംഗലം: ഗൂഗിള്‍ മാപ്പ് വഴികാട്ടിയ കാറ് പതിച്ചത് കിടങ്ങിലെ വെള്ളക്കെട്ടില്‍. കോതമംഗലം പാലമറ്റം- ആവോലിച്ചാല്‍ റോഡുവഴി  മൂന്നാറിലേക്ക് പോകുകയായിരുന്ന സംഘമാണ് പാലം പണിക്ക് കുഴിച്ച 30 അടി താഴ്ചയുള്ള കിടങ്ങിലേക്ക് പതിച്ചത്. കാറിലുണ്ടായിരുന്നു തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ ഗോകുല്‍ദാസ്, ഇസഹാഖ്, മുസ്തഫ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിന് സമീപമായിരുന്നു സംഭവം. കാര്‍ കിടങ്ങിലേക്ക് വീണ സംഭവം വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് നടന്നത്. 

ഗൂഗിള്‍മാപ്പ് നോക്കിയാണ് മൂന്നംഗ സംഘം മുന്നോട്ട് പോയത് എന്നാല്‍ റോഡ് പണി നടക്കുന്ന കാര്യം അറിയില്ലായിരുന്നു. വേഗത്തിലായിരുന്ന കാര്‍ കിടങ്ങിന് അടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിനു മുമ്പേ കാര്‍ കിടങ്ങിലേക്ക് പതിച്ചു. ഇരുട്ടായതിനാല്‍ എന്താണ് സംഭവിച്ചതെ ന്ന് ആദ്യം മനസിലായില്ല. കാറിന്‍റെ ചില്ല് താഴ്ത്തിയിട്ടതിനാല്‍ അതിലൂടെ പുറത്തെത്തിയെങ്കിലും മൂവര്‍ക്കും നീന്തല്‍ അറിയാത്തതിനാൽ കാറിന്‍റെ വശങ്ങളില്‍ പിടിച്ച് ഇവര്‍ 15 മിനുട്ടോളം നിൽക്കുകയായിരുന്നു 

ഇതേ സമയം പോത്തുപാറ റബ്ബർ കമ്പനിയിൽനിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന ആറംഗ സംഘമാണ് ഇവരെ രക്ഷപെടുത്തിയത്. വെള്ളക്കെട്ടിൽനിന്ന് നിലവിളി കേട്ട് ബൈക്കിന്റെ വെളിച്ചത്തിലാണ് കാറിൽ പിടിച്ച് കിടക്കുന്നവരെ കണ്ടത്. ഉടുമുണ്ട് കൂട്ടിക്കെട്ടി ഇട്ടുകൊടുത്താണ് മൂവരേയും കരയ്ക്ക് കയറ്റിയത്. വീഴ്ചയിൽ മൂന്ന് പേര്‍ക്കും നിസ്സാര മുറിവും പറ്റിയിരുന്നു. കൈവശമുണ്ടായിരുന്ന 12,000 രൂപയും മൊബൈൽഫോണും വെള്ളത്തിൽ നഷ്ടപ്പെട്ടു. ഒരു ഫോണും 4,000 രൂപയും പിന്നീട് നാട്ടുകാർ മുങ്ങിയെടുത്തു. ഉച്ചയോടെ ക്രെയിൻ എത്തിച്ച് കാർ പൊക്കിയെടുത്തു.
 

Follow Us:
Download App:
  • android
  • ios