ഹോണുകളുടെ ശബ്ദപരിധി 100 ഡെസിബലായി(ഡിബി) പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ഹോണുകളുടെ ശബ്ദപരിധി 100 ഡെസിബലായി(ഡിബി) പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന നിയമപ്രകാരം 93 ഡിബി മുതല്‍ 112 ഡിബി വരെ ശബ്ദമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ നിന്ന് പത്ത് ശതമാനം കുറച്ച് 88 ഡിബി മുതല്‍ 100 ഡിബി വരെയായി ഹോണുകളുടെ ശബ്ദം പരിമിതപെടുത്താനാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് വാഹന നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്‍ ശബ്ദം കേള്‍വി ശക്തിയെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളിലും ശബ്ദമലിനീകരണം രൂക്ഷമായതുമാണ് ഈ തീരുമാനത്തിനു പിന്നില്‍.

കമ്പനി നല്‍കുന്ന ഹോണിന് പുറമെ, മ്യൂസിക് ഹോണുകളും എയര്‍ ഹോണുകളും ഇന്ന് വാഹനങ്ങളില്‍ സജീവമാണ്. നിയമം അനുവദിച്ചിട്ടുള്ളതിലും ഉയര്‍ന്ന ശബ്ദമാണ് ഈ ഹോണുകള്‍ക്കുള്ളത്. ഇത്തരം ഹോണുകള്‍ക്കും ഇനി പിടിവീഴും. ഉയര്‍ന്ന ശബ്ദത്തെ തുടര്‍ന്ന് എയര്‍ ഹോണുകളും ഏതാനും മ്യൂസിക് ഹോണുകളും മുമ്പ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.