തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂൾ വാഹനങ്ങളിലും ജിപിഎസ് സംവിധാനം നിലവില്‍ വന്നു. വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കുന്ന 'സുരക്ഷാമിത്ര' പദ്ധതിയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

ഓണാവധിക്ക് ശേഷം ജിപിഎസ് നിർബന്ധമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു. പുതിയ സംവിധാനം നിലവില്‍ വന്നതോടെ സ്‌കൂള്‍ ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും.  കുട്ടികൾക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ജിപിഎസലുണ്ടാകും. യാത്രയ്ക്കിടെ അപകടമുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും. ബസ് 40 ഡിഗ്രിയില്‍ കൂടുതല്‍ ചെരിഞ്ഞാല്‍ അപായസന്ദേശം പ്രവര്‍ത്തിക്കും. വേഗം കൂട്ടിയാലും ജി.പി.എസ്. വേര്‍പെടുത്തിയാലും ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും. സ്‌കൂള്‍അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും വാഹനങ്ങള്‍ നിരീക്ഷിക്കാനുള്ള സൗകര്യവുമുണ്ടാകും..

സ്കൂൾ വാഹനങ്ങൾ അപടകത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഈ അധ്യയന വർഷം മുതൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഉപകരണത്തിൻറെ പരിശോധന പൂർത്തിയാകാത്തതിനാലാണ് വൈകിയത്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ 21,000 സ്‌കൂള്‍ ബസുകളുടെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. 6.41 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്. ഇതിന്‍റെ ഭാഗമായി ഡ്രൈവർമാർക്കും ആയമാർക്കും പരിശീലവും പൂർത്തിയാക്കി. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പ്രത്യേക സ്റ്റിക്കർ പതിക്കും.

ഇപ്പോൾ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമാണ് ജിപിഎസ് നിർബന്ധമാക്കുന്നതെങ്കിലും അടുത്ത ഘട്ടമായി കരാർ വാഹനങ്ങളിലും ഇത് നിർബന്ധമാക്കും.  താമസിയാതെ പൊതുവാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധമാക്കും.