തിരുവനന്തപുരം: ജിഎസ് വരുന്നതോടെ ചെറുകാറുകൾക്ക് നേരിയ തോതിൽ വിലകൂടും. നികുതിക്ക് പുറമേ സെസ് കൂടി ചേരുന്നതാണ് വില കൂടുന്നതിന് കാരണം. എന്നാൽ എസ്‍യുവിക്കും ആഡംബര കാറുകൾക്കും ഒരു ലക്ഷത്തോളം വില കുറയുകയും ചെയ്യും

ജൂലൈ ഒന്ന് മുതൽ ചരക്ക് സേവന നികുതി നടപ്പാക്കുന്നത് മുൻ നിറുത്തി വൻ വിലക്കിഴിവാണ് കാർ ഡീലർമാർ നൽകുന്നത്. വിവിധ മോഡലുകൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപ വരെ ഡിസ്കൗണ്ട്. എന്നാൽ ജിഎസ്ടി നടപ്പായാലും കാ‍ർ വിലയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നതാണ് വസ്തുത. രാജ്യത്ത് വിറ്റഴിയുന്ന കാറുകളുടെ നാലിലൊന്നും അഞ്ച് മുതൽ എട്ട് ലക്ഷം രൂപ വരെ വിലയുള്ളവയാണ്. ജൂലൈ ഒന്ന് മുതൽ ഈ കാറുകൾ വാങ്ങുന്പോൾ നൽകേണ്ട നികുതി 28 ശതമാനം. പെട്രോൾ കാറുകൾക്ക് ഒരു ശതമാനവും ഡീസൽ കാറുകൾക്ക് മൂന്ന് ശതമാനവും സെസ് കൂടി നൽകണം.

നിലവിൽ 29 ശതമാനത്തോളം നികുതിയാണ് ഈ കാറുകൾ വാങ്ങുന്പോൾ നൽകേണ്ടത്. അതുകൊണ്ട് തന്നെ ജിഎസ്ടി വന്നാലും ഈ കാറുകളുടെ വിലയിലുണ്ടാകുന്ന വർദ്ധന നിസ്സാരമായിരിക്കും.

അതേസമയം മധ്യനിര ശ്രേണിയിലുള്ള സെഡാനുകളുടെയും സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെയും വില ഗണ്യമായി കുറയുകയും ചെയ്യും. നിലവിൽ 50 മുതൽ 55 ശതമാനം നികുതിയാണ് ഈ വാഹനങ്ങൾക്ക് ഈടാക്കുന്നത്. ജിഎസ്ടി വരുന്നതോടെ ഇത് 43 ശതമാനമായി ചുരുങ്ങും. അതായത് 50 ലക്ഷം രൂപ വിലയുള്ള കാറിന് 75,000 രൂപ മുതൽ 2.25 രൂപ വില കുറയുമെന്ന് സാരം.

അതേസമയം ഹൈബ്രിഡ് കാറുകൾക്ക് വില കൂടും. ഇവയുടെ നികുതിയും 43 ശതമാനമായി നിജപ്പെടുത്തിയതാണ് കാരണം. ഇതുനിമിത്തം മാരുതി സിയാസ്, എർട്ടിക എന്നീ കാറുകളുടെ ഹൈബ്രിഡ് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വർദ്ധിക്കാൻ സാധ്യതയുണ്ട്.