ന്യൂഡൽഹി: ജി.എസ്​.ടിയുടെ ഫലമായി വാഹനവിലയില്‍ കുറവു വരുത്തി വിവിധ നിര്‍മ്മാതാക്കള്‍ രംഗത്ത്. ഫോർഡ്​ കാറുകളുടെ വില 4.5 ശതമാനം കുറച്ചിട്ടുണ്ട് . കമ്പനിയുടെ ഫ്ലാഗ്​ഷിപ്പ് മോഡൽ ഫോർഡ്​ എൻഡവർ 3 ലക്ഷം രൂപയുടെ കുറവിലാണ്​ വിൽക്കുന്നത്​. ഫിഗോ 28,000 രൂപ കുറവിലാണ്​ നിലവിൽ വിൽക്കുന്നത്​.ഹോണ്ട സി.ആർ.വി 1.31 ലക്ഷം രൂപയുടെ കുറവിലാണ്​ വിൽക്കുന്നത്​. ഹോണ്ട ബ്രിയോ, അമേസ്​, ജാസ്​ എന്നീ കാറുകളുടെ വില യഥാക്രമം 12279രൂപ, 14825രൂപ, 10031 രൂപ എന്നിങ്ങനെ കുറഞ്ഞു​. ഡബ്​ളിയു ആർ.വിക്ക്​ 10,064 രൂപയും കുറവ് ലഭിക്കും.

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) തങ്ങളുടെ വാഹന വിലകളിൽ 5.9% ഇളവ് അനുവദിക്കാൻ തീരുമാനിച്ചു. പുതിയ നികുതി ഘടന നടപ്പായതു വഴി ലഭിച്ച ആനുകൂല്യം പൂർണമായും ഉപയോക്താക്കൾക്കു കൈമാറുകയാണെന്നും കമ്പനി വ്യക്തമാക്കി. പുതിയ വിലകൾ ജൂലൈ ഒന്നിനു തന്നെ പ്രാബല്യത്തിലെത്തിയിട്ടുണ്ട്.

ജി എസ് ടി നിലവിൽ വന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വിലകളിൽ ശരാശരി മൂന്നു ശതമാനത്തോളം ഇളവ് അനുവദിച്ചതായി ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറും പ്രഖ്യാപിച്ചു. മോഡൽ, സംസ്ഥാനം, ജി എസ് ടിക്കു മുമ്പ് പ്രാബല്യത്തിലിരുന്ന നികുതി നിരക്ക് എന്നിവയെ ആശ്രയിച്ചാവും വാഹന വിലയിലെ അന്തിമ കിഴിവെന്നും കമ്പനി വ്യക്തമാക്കി.

ഫോക്സ് വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയും ജി എസ് ടിയുടെ ആനുകൂല്യം ഇന്ത്യൻ ഉപയോക്താക്കൾക്കു കൈമാറി. സ്കോഡയുടെ സുപർബിന്റെ വിലയിൽ 7.4% ഇളവ് ലഭിക്കും. ഇതോടെ കാറിന്റെ വില 2.40 ലക്ഷം രൂപ കുറയും. ഒക്ടേവിയയുടെ വിലയിൽ 4.9% മുതൽ 7.4% വരെ ഇളവ് ലഭിക്കും. ഇതോടെ ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപയുടെ കുറവ് ലഭിക്കും.

ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോസ് വാഹന വിലയിൽ 12% വരെ ഇളവാണ് പ്രഖ്യാപിച്ചത്. എം യു — എക്സ് വിലയിൽ ആറു മുതൽ 12% വരെ ഇളവും ഡി മാക്സ് വി ക്രോസ് വിലയിൽ ആറു ശതമാനം ഇളവുമാണു പ്രാബല്യത്തിലെത്തിയതെന്നു കമ്പനി അറിയിച്ചു.

ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ ടി എം ശ്രേണിയിലെ ബൈക്കുകളുടെ ഇന്ത്യയിലെ വിൽപ്പന വില 8,600 രൂപ വരെ കുറഞ്ഞു. 350 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള 200 ഡ്യൂക്ക്, ആർ സി 200, 250 ഡ്യൂക്ക് എന്നിവയുടെ വിലയാണ് കുറയുക.