ജി എസ് ടി പ്രാബല്യത്തിലെത്തിയതോടെ വാഹനവില കുറച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം)യും. യൂട്ടിലിറ്റി വാഹനങ്ങളുടെയും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെയും വിലയിൽ 6.9% വരെ വിലക്കിഴിവാണ് മഹീന്ദ്ര അനുവദിച്ചത്. യു വി, എസ് യു വി വിലകളിൽ 6.9% ഇളവുണ്ട്. ചെറു കാറുകളുടെ വിലയിൽ 1.4% വരെ ഇളവു ലഭിക്കും.

കൂടാതെ ചെറു വാണിജ്യ വാഹന(എസ് സി വി)ങ്ങളുടെ വിലയിൽ 1.1 ശതമാനത്തോളവും ലഘു വാണിജ്യ വാഹന(എൽ സി വി), ഭാര വാണിജ്യ വാഹനങ്ങളുടെ വിലയിൽ 0.5 ശതമാനത്തോളവും ഇളവും ലഭിക്കും. അതേസമയം ജി എസ് ടിയുടെ ഫലമായി സങ്കര ഇന്ധന വാഹന വില കമ്പനി വർധിപ്പിച്ചിട്ടുണ്ടെന്നും ട്രാക്ടറുകളുടെ വിലയിലാവട്ടെ മാറ്റമൊന്നുമില്ലെന്നും മഹീന്ദ്ര വ്യക്തമാക്കി. ജി എസ് ടിക്കു മുമ്പ് നിലനിന്ന നികുതി നിരക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തും ഒരേ സംസ്ഥാനത്തെ തന്നെ വിവിധ നഗരങ്ങളിലും പല നിരക്കിലുള്ള ഇളവുകളാണു ലഭ്യമാവുകയെന്നും കമ്പനി വിശദീകരിച്ചു.

ഹോണ്ട കാഴ്സ് ഇന്ത്യ, ഫോഡ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ജഗ്വാർ ലാൻഡ് റോവർ, ബി എം ഡബ്ല്യു, മെഴ്സീഡിസ് ബെൻസ് ഇന്ത്യ, ഔഡി തുടങ്ങിയ കാർ നിർമാതാക്കളെല്ലാം ജി എസ് ടി നടപ്പായ പിന്നാലെ വിലകൾ കുറച്ചിരുന്നു. ഇരുചക്രവാഹന വിഭാഗത്തിൽ ടി വി എസ് മോട്ടോർ കമ്പനി, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ, റോയൽ എൻഫീൽഡ്, യമഹ, സുസുക്കി മോട്ടോർ സൈക്കിൾ തുടങ്ങിയ നിർമാതാക്കളും വില കുറച്ചവരില്‍പ്പെടും. എന്നാല്‍ വിലവര്‍ദ്ധിപ്പിച്ച് കെടിഎം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.